8.10.26

ഓർമ്മകളുടെ നിഴലിൽ, അതിജീവനത്തിന്റെ 'ഹാർട്ട് ഓഫ് ദ ബീസ്റ്റ്'

ചില സിനിമകൾ വെറുമൊരു കാഴ്ചയെന്നതിലുപരി, നമ്മുടെ ഉള്ളിലെ എന്നോ എപ്പോഴോ അടഞ്ഞുപോയ വാതിലൊക്കെ തുറന്ന് പഴയ ഓർമ്മകളിലേക്ക് കൈപിടിച്ചു നടത്തുന്നവയുമാകും. ഡേവിഡ് അയർ സംവിധാനം ചെയ്ത് ബ്രാഡ് പിറ്റ് , ഒഡിൻ (നായ) എന്നിവർ മുഖ്യവേഷത്തിലെത്തിയ 'ഹാർട്ട് ഓഫ് ദ ബീസ്റ്റ്' (2026) എന്ന സർവൈവൽ ത്രില്ലർ കണ്ടിരുന്നപ്പോൾ എന്റെ മനസ്സിലേക്ക് ആദ്യം കടന്നുവന്നത് കുട്ടിക്കാലത്ത് കൂടെയുണ്ടായിരുന്ന 'ലാലു' ആണ്; ഒരു സാധാരണ നാടൻ നായയായിരുന്നുവെങ്കിലും, ബുദ്ധിയും കൂറും നിറഞ്ഞ, തികഞ്ഞ അനുസരണയോടെ എന്റെ നിഴലായി, നിർദ്ദേശങ്ങൾക്കായി ഒപ്പം നടന്നവൻ; അവൻ്റെ ആകസ്മിക മരണം (അതൊരു കൊലപാതകം ആയിരുന്നു എന്ന് അന്നും ഇന്നും വിശ്വസിക്കുന്നു !) ഏൽപ്പിച്ച ശൂന്യത ചെറുതല്ല; വർഷങ്ങൾ കഴിഞ്ഞിട്ടും ആ വേർപാടിന്റെ നേർത്ത നോവ് ഉള്ളിലുണ്ട്. തിയേറ്ററിൽ സിനിമയിലെ നായ ഒഡിനെ (Odin) കണ്ട ഓരോ നിമിഷവും അറിയാതെ ലാലുവിന്റെ ഓർമ്മകളും മനസ്സിന്റെ തിരശീലയിൽ നിഴലും വെളിച്ചവുമായി നിറഞ്ഞു നിന്നു. 

മുൻ സ്പെഷ്യൽ ഫോഴ്സ് ഉദ്യോഗസ്ഥൻ ജെയിംസ് ബെൽമോഡും (ബ്രാഡ് പിറ്റ്), അദ്ദേഹത്തിന്റെ വിശ്വസ്തനും സൈനിക സേവകനുമായിരുന്ന ഒഡിനും (Odin) അലാസ്കയിലെ വനമേഖലയിലൂടെ നടത്തുന്ന അതിജീവന യാത്രയാണ് ഈ സിനിമയുടെ പ്രമേയം. യുദ്ധാനന്തര മാനസികാഘാതം പി.ടി.എസ്.ഡി (PTSD) ബാധിക്കപ്പെട്ട ഇരുവരും അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരു വിമാനാപകടത്തെത്തുടർന്ന് വന്യമായ സാഹചര്യങ്ങളിൽ ഒറ്റപ്പെട്ടുപോകുന്നതും കൊടും തണുപ്പിനെയും വന പ്രതിസന്ധികളെയും നേരിട്ട് 58 മൈൽ ദൂരമുള്ള സുരക്ഷിത കേന്ദ്രത്തിലേക്ക് നടത്തുന്ന അതിജീവന യാത്രയാണ് സിനിമയുടെ പ്രധാന പ്ലോട്ട്. പ്രകൃതിയുടെ പരുക്കൻ ഭാവങ്ങളെയും വന്യമൃഗങ്ങളെയും നേരിടുന്ന ഈ കാടുകയറ്റത്തിനപ്പുറം, ആപത്തുഘട്ടങ്ങളിൽ പരസ്പരം കാവലാകുന്ന മനുഷ്യന്റെയും മൃഗത്തിന്റെയും നിസ്വാർത്ഥമായ സ്നേഹമാണ് സിനിമയെ ഹൃദ്യമാക്കുന്നതും ഉള്ളുലയ്ക്കുന്നതും.

പ്രകൃതിയുടെ പരുക്കൻ ഭാവങ്ങളെയും ജീവനുവേണ്ടിയുള്ള പോരാട്ടങ്ങളെയും അടയാളപ്പെടുത്തൽ പ്രമേയമാകുന്ന, അത് പോലെ നായകൾ പ്രധാന കഥാപാത്രമാകുന്ന സിനിമാ ശ്രേണികളിൽ പെട്ടന്ന് ഓർമ്മയിൽ തെളിയുന്ന മറ്റ് ചില സിനിമ കാഴ്ചകൾ: 
 
ദ ഗ്രേ (The Grey - 2011): ലിയാം നീസൻ നായകനായ ഈ ചിത്രം അലാസ്കയിലെ കൊടുംതണുപ്പിൽ വിമാനാപകടത്തെത്തുടർന്ന് ചെന്നായ്ക്കളുടെ കൂട്ടത്തിന് നടുവിൽ പെട്ടുപോകുന്ന ഒരു പറ്റം മനുഷ്യരുടെ അതിജീവനമാണ് പ്രമേയം. 'ഹാർട്ട് ഓഫ് ദ ബീസ്റ്റ്' പോലെതന്നെ വന്യമായ ഏകാന്തതയും മരണഭയവും ഈ ചിത്രത്തിലുടനീളമുണ്ട്. 

ദ കോൾ ഓഫ് ദ വൈൽഡ് (The Call of the Wild - 2020): ജാക്ക് ലണ്ടന്റെ വിഖ്യാതമായ നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ ഈ ചിത്രം, നഗരജീവിതത്തിൽ നിന്ന് യൂക്കോൺ (Yukon) മഞ്ഞുഭൂമിയിലേക്ക് എത്തിപ്പെടുന്ന 'ബക്ക്' എന്ന നായയുടെ കഥയാണ് പറയുന്നത്. മനുഷ്യനും മൃഗവും തമ്മിലുള്ള സ്നേഹത്തിന്റെയും ഒടുവിൽ പ്രകൃതിയോട് ഇണങ്ങിക്കൊടുക്കുന്നതിന്റെയും മനോഹരമായ കാഴ്ചയാണ് ഈ സിനിമ നൽകുന്നത്. 

ടോഗോ (Togo - 2019): യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ മറ്റൊരു മാസ്റ്റർപീസാണ് 'ടോഗോ'. ചരിത്രപ്രസിദ്ധമായ സെറം റൺ (Serum Run) ദൗത്യത്തിൽ മാരകമായ മഞ്ഞുവീഴ്ചയെയും കൊടുംതണുപ്പിനെയും തോൽപ്പിച്ച് മുന്നേറിയ വിശ്വസ്തനായ 'ടോഗോ' എന്ന സ്ലെഡ് ഡോഗിന്റെയും അതിന്റെ ഉടമയുടെയും കഥയാണിത്. പ്രായമായ ഒരു നായയുടെ അടിയുറച്ച കൂറും ത്യാഗവും ഇതിൽ അനുഭവിച്ചറിയാം.

ഈ സിനിമകളെല്ലാം മനുഷ്യന്റെ അതിജീവന ശേഷിയെ വാഴ്ത്തുന്നവയോ പ്രകൃതിയുടെ വന്യതയിൽ പെട്ട് പോകുന്ന നായകളുടെ ജീവിതമോ ഒക്കെ പ്രമേയമായവയാണെങ്കിലും 'ഹാർട്ട് ഓഫ് ദ ബീസ്റ്റ്' തന്റെ കൂടെയുള്ളവന്റെ ജീവന് വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാകുന്ന ഒരു യോദ്ധാവിന്റെ മാനസികതലത്തെ കൂടിയാണ് മുൻപിൽ നിർത്തുന്നത്; ഒപ്പം മനുഷ്യനെയും മൃഗത്തെയും ഒരുപോലെ അലോസരപ്പെടുത്തുന്ന PTSD പോലുള്ള യുദ്ധാനന്തര മാനസികാഘാതങ്ങളെ കുറിച്ചുള്ള ഓർമ്മപെടുത്തലുമാകുന്നു. 

കേവലം ഒരു ആക്ഷൻ-സർവൈവൽ ത്രില്ലർ സിനിമയക്കുമപ്പുറം പ്രകൃതിയുടെ വന്യവിസ്തൃതിയിൽ പടരുന്ന സ്നേഹത്തിന്റെയും കൂറിന്റെയും ഈ കാവ്യാത്മക ദൃശ്യാവിഷ്കാരം കാലം മായ്ക്കാത്ത സ്നേഹത്തിന്, പ്രിയപ്പെട്ട നായക്കുട്ടി ലാലുവിന്റെ ഓർമ്മകൾക്ക് എന്റെ ഉള്ളിൽ വീണ്ടും ജീവൻ വെയ്ക്കുന്നത് പോലെ..!


Template Designed by Douglas Bowman - Updated to New Blogger by: Blogger Team
Modified for 3-Column Layout by Hoctro