19.6.26

കൊച്ചി ഫിലിം സിറ്റിയും IFFK-യും: ചലച്ചിത്രമേള തലസ്ഥാനം വിടുമ്പോൾ നഷ്ടപ്പെടുന്നത് എന്താണ്?

കൊച്ചിയിൽ പുതിയതായി 'ജെ.സി. ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി' സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപനവും, അതിനോടൊപ്പം കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (IFFK) സ്ഥിരം വേദിക്കുള്ള സംവിധാനം അവിടെ ഒരുക്കുമെന്നുള്ളതും IFFK പ്രേമികൾക്കിടയിലെങ്കിലും കാര്യമായ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ഒറ്റനോട്ടത്തിൽ വികസനപരമായി ഇത് നല്ലൊരു കാര്യമായി തോന്നാമെങ്കിലും, സാങ്കേതികവും സാംസ്കാരികവുമായ യാഥാർത്ഥ്യങ്ങൾ പരിശോധിക്കുമ്പോൾ IFFK തിരുവനന്തപുരത്ത് നിന്ന് മാറ്റുന്നത് മേളയുടെ നിലനിൽപ്പിനെത്തന്നെ ബാധിച്ചേക്കാവുന്നതാണ് എന്ന് മനസ്സിലാക്കാവുന്നതാണ്.

ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക പ്രശ്നം അന്താരാഷ്ട്ര തലത്തിലുള്ള അക്രഡിറ്റേഷൻ ആണ്. അന്താരാഷ്ട്ര ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഫെഡറേഷൻ (FIAPF) നൽകുന്ന പ്രത്യേക അംഗീകാരമുള്ള മേളയാണ് IFFK. കാൻ, ബെർലിൻ, ഗോവ മേളകൾ പോലെ ഒരു നിശ്ചിത നഗരത്തെ 'സ്ഥിരം വേദി'യായി (Permanent Venue) നിശ്ചയിച്ചാണ് ഈ അന്താരാഷ്ട്ര അംഗീകാരം നൽകുന്നത്. പെട്ടെന്നൊരു ദിവസം സ്ഥിരം വേദി തിരുവനന്തപുരത്ത് നിന്നും മറ്റൊരു നഗരത്തിലേക്ക് മാറ്റുന്നത് IFFK-യുടെ ഈ രാജ്യാന്തര അക്രഡിറ്റേഷൻ തന്നെ ഇല്ലാതാക്കാൻ കാരണമായേക്കാം. (ഇന്ത്യയിൽ നിലവിൽ ഗോവ, തിരുവനന്തപുരം, ബംഗളൂരു, കൽക്കത്ത എന്നീ 4 മേളകൾക്ക് മാത്രമാണ് FIAPF അക്രഡിറ്റേഷൻ ഉള്ളത്)

ഫിലിം സിറ്റികളിൽ ചലച്ചിത്രമേളകൾ നടക്കാറുണ്ടോ? ഇന്ത്യയിലെയും ലോകത്തിലെവിടെയുമുള്ള പ്രമുഖമായ ഒരു രാജ്യാന്തര ചലച്ചിത്രമേളയും നഗരത്തിന് പുറത്തുള്ള ഒരു 'ഫിലിം സിറ്റി'ക്കുള്ളിൽ മാത്രമായി സംഘടിപ്പിക്കപ്പെടുന്നില്ല എന്നതാണ് മനസ്സിലായിട്ടുള്ളത് (തെറ്റെങ്കിൽ തിരുത്താം) ഉദാ:

IFFI - ഗോവ: ഇന്ത്യയിലെ ഏറ്റവും വലിയ എ-ഗ്രേഡ് മേളയായ IFFI നടക്കുന്നത് ഗോവയിലെ ഏതെങ്കിലും വലിയ സ്റ്റുഡിയോയിലല്ല. പനജി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഐനോക്സ് മൾട്ടിപ്ലെക്സ്, കലാ അക്കാദമി എന്നിവടങ്ങളിലാണ്; നഗരമധ്യത്തിലെ മന്ദോവി നദിക്കരയും കഫേകളും മറ്റുമുൾപ്പെടെയാണ് 
ഈ മേളയുടെ ജീവൻ.

MAMI - മുംബൈ: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഫിലിം സിറ്റിയായ 'ഗോരേഗാവ് ഫിലിം സിറ്റി' ഉള്ള നഗരമാണ് മുംബൈ. എന്നാൽ മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഒരിക്കലും ഈ ഫിലിം സിറ്റിക്കുള്ളിൽ നടത്താറില്ല. മറിച്ച് മുംബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മൾട്ടിപ്ലെക്സുകൾ കേന്ദ്രീകരിച്ചാണ് നടക്കുന്നത്.

ലോകപ്രശസ്തമായ കാൻ (Cannes) മേള ഫ്രാൻസിലെ കടലോര നഗരത്തിന്റെ ഹൃദയഭാഗത്തുള്ള 'പാലെ ദെ ഫെസ്റ്റിവൽ' എന്ന ഹബ്ബിലും, ബെർലിൻ മേള ബെർലിൻ നഗരമധ്യത്തിലുമാണ് നടക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ സ്റ്റുഡിയോ കോംപ്ലക്സുകളിലൊന്നായ ഹൈദരാബാദിലെ 'രാമോജി ഫിലിം സിറ്റി'യിൽ പോലും ഒരു അന്താരാഷ്ട്ര ചലച്ചിത്രമേള സ്ഥിരമായി നടത്താത്തത് ശ്രദ്ധിക്കുക. ഫിലിം സിറ്റികൾ നിർമ്മിക്കുന്നത് സിനിമ ഷൂട്ട് ചെയ്യാനാണ്, അത് ജനങ്ങൾക്ക് വന്ന് കൂടാനോ കാണാനോ ഉള്ള പൊതു ഇടമല്ല തന്നെ.

ഒരു ഫിലിം സിറ്റിയുടെ പ്രാഥമിക ലക്ഷ്യം സിനിമയുടെ ഷൂട്ടിംഗും നിർമ്മാണവുമാണ്. അവിടെ ശബ്ദവും വെളിച്ചവും നിയന്ത്രിക്കാനും, പൊതുജനങ്ങളെ അകറ്റി നിർത്താനുമാണ് സ്റ്റുഡിയോകളും നിർമ്മാണ പ്രവർത്തകരും പരമാവധി ശ്രമിക്കാറുള്ളത്. എന്നാൽ ഒരു ചലച്ചിത്രമേളയ്ക്ക് വേണ്ടത് ഇതിന്റെ നേരെ വിപരീതമാണ്—അവിടെ ജനകീയ പങ്കാളിത്തവും, തുറന്ന സാംസ്കാരിക ഇടപഴകലുകളുമാണ് പ്രധാനം. ഫിലിം സിറ്റി എന്ന 'നിശ്ശബ്ദ മേഖല'യും ചലച്ചിത്രമേളയുടെ 'ഊർജ്ജവും' തമ്മിലുള്ള അന്തരം കൃത്യമായി മനസ്സിലാക്കാതെയുള്ളതാണ് ഈ ബജറ്റ് പരാമർശം. 

സ്ഥലപരിമിതി കൊണ്ട് വീർപ്പുമുട്ടുന്ന കേരളത്തിലെ ഏതൊരു നഗരത്തിലും ഫിലിം സിറ്റി എന്ന ആശയം നടപ്പാക്കണമെങ്കിൽ നഗരത്തിന് പുറത്തേക്ക് തന്നെ പോകേണ്ടി വരും. ചിത്രാഞ്ജലി തന്നെ ഉദാഹരണം; അവിടെ ഒരു ഫെസ്റ്റിവൽ കോംപ്ലക്സ് നിർമ്മിക്കാനുള്ള നിർദ്ദേശം നിരവധി കമ്മിറ്റികളും മറ്റും മുന്നോട്ട് വെച്ചപ്പോഴും ഡെലിഗേറ്റുകളുടെ, ഫെസ്റ്റിവലിനെ സ്നേഹിക്കുന്ന ചലച്ചിത്ര പ്രവർത്തകരുടെ ഒക്കെ എതിർപ്പ് മൂലം നടപ്പാക്കാൻ കഴിയാതിരുന്നത് ഓർക്കുക.

നഗരത്തിന് പുറത്ത് നിർമ്മിക്കുന്ന ഒരു ഫിലിം സിറ്റിയിലേ തീയറ്ററുകളിലേക്ക് മാറ്റിയാൽ, നിലവിലെ IFFK വേളയിൽ കാണുന്ന ജനകീയമായ 'മേളപ്പെരുമ' അവിടെ ഉണ്ടാകില്ലന്നത് ഉറപ്പാണ്. സിനിമ കഴിഞ്ഞിറങ്ങുന്ന പ്രതിനിധികൾക്ക് സംവദിക്കാനോ ഒത്തുകൂടാനോ ഇടമില്ലാത്ത, അടുത്ത സിനിമയ്ക്കായി വിജനമാകുന്ന ഒരു കൃത്രിമ ഇടമായി മേള ചുരുങ്ങിപ്പോകുമെന്ന് ഭയക്കുന്നു.

കഴിഞ്ഞ 30 പതിറ്റാണ്ടുകളായി അന്താരാഷ്ട്ര ചലച്ചിത്ര ഭൂപടത്തിൽ തിരുവനന്തപുരം എന്ന നഗരവും IFFK-യും പരസ്പരമായി ചേർത്തുവെക്കപ്പെട്ട ബ്രാൻഡുകളാണ്. കേരളത്തിലെ സാധാരണക്കാരായ സിനിമാപ്രേമികളുടെയും ഡെലിഗേറ്റുകളുടെയും സാംസ്കാരികമായ പക്വതയാണ് ഈ മേളയെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ' ജനപങ്കാളിത്തമുള്ള മേള' (People-centered festival) ആക്കി മാറ്റിയത്. നഗരത്തിന്റെ ജനത നെഞ്ചേറ്റിയ ഒരു സാംസ്കാരിക പൈതൃകത്തെ പെട്ടെന്ന് വേരോടെ പിഴുതെറിയുന്നത് തിരുവനന്തപുരം എന്ന ബ്രാൻഡഡ് മേളയ്ക്ക് വലിയ തിരിച്ചടിയാകും. നഗരത്തിലെ ഓട്ടോ റിക്ഷകൾ മുതൽ തട്ടുകടക്കാർ വരെ, ചെറുകിട ലോഡ്ജ് മുറികൾ മുതൽ ഡോർമിറ്ററികൾ വരെ ഡിസംബറിൽ IFFK യേ കാത്തിരിക്കുന്നത് മറ്റൊരു മേളയിലും കാണാനാവില്ല.

അപ്പോൾ എന്താണ് ശരിയായ ബദൽ? 
കൊച്ചിയിൽ സിനിമാ നിർമ്മാണത്തിനായി ഒരു മികച്ച ഫിലിം സിറ്റി വരുന്നത് സ്വാഗതാർഹമാണ്. എന്നാൽ IFFK-യ്ക്ക് വേണ്ടത് ഒരു 'ഷൂട്ടിംഗ് സ്റ്റുഡിയോ' യോ അതോടനുബന്ധിച്ചുള്ള തിയറ്ററുകളോ, ടൂർ പാക്കേജുകളോ അല്ല; മറിച്ച് നഗരഹൃദയത്തിൽ തന്നെയുള്ള ഒരു 'അർബൻ ഫെസ്റ്റിവൽ ഹബ്ബ്' (Urban Festival Hub) ആണ്. ടൊറന്റോയിലെ 'TIFF ലൈറ്റ്ബോക്സ്' ഒക്കെ പോലെ തിരുവനന്തപുരം നഗരത്തിന്റെ പൊതുഗതാഗത-ഹോട്ടൽ സൗകര്യങ്ങളോട് ചേർന്നുനിൽക്കുന്ന, ഒരൊറ്റ ക്യാമ്പസിനുള്ളിൽ തന്നെ കുറച്ച് തിയേറ്ററുകളും (ഒരു പ്രധാന തിയേറ്ററും 5-8 ചെറുകിട സ്ക്രീനുകളും) ഓപ്പൺ പ്ലാസകളും ഉള്ള ഒരു സ്ഥിരം വേദി തലസ്ഥാനത്ത് നിർമ്മിക്കുകയാണ് വേണ്ടത്. ഒപ്പം ഇപ്പോഴത്തെ പോലെ നഗരത്തിലെ സർക്കാർ - സ്വകാര്യ മേഖലയിലെ പ്രധാനപ്പെട്ട വലിയ സ്ക്രീനുകളും പ്രയോജനപ്പെടുത്തണം. ഡെലിഗേറ്റുകളുടെ അഭിപ്രായങ്ങൾ സ്വരുക്കൂട്ടുന്നതിനോ അവരുടെ അവകാശങ്ങൾ മാനിക്കുന്നതിനോ ഇതുവരെ ഒരു സംവിധാനവും ഇനിയും ഉണ്ടായിട്ടില്ലെന്ന് കൂടി പറയേണ്ടി വരുന്നത് ഖേദകരമാണ്.

സാങ്കേതിക സൗകര്യങ്ങളുടെ കൃത്യതയും നഗരത്തിന്റെ സാംസ്കാരിക ഊർജ്ജവും സർവ്വോപരി ഡെലിഗേറ്റുകളുടെ സംതൃപ്തിയും ഒത്തുചേരുന്നിടത്താണ് ചലച്ചിത്രമേളകൾ വിജയിക്കുന്നത്. അതുകൊണ്ട്, IFFK അതിന്റെ ആത്മാവ് നിലനിൽക്കുന്ന തിരുവനന്തപുരം നഗരത്തിൽ തന്നെ നിലനിർത്തിക്കൊണ്ട്, ഇവിടെയൊരു അന്താരാഷ്ട്ര നിലവാരമുള്ള സ്ഥിരം സാംസ്കാരിക സമുച്ചയം ഒരുക്കുകയാണ് ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ ചെയ്യേണ്ടത്. 

#IFFK #SaveIFFK #Thiruvananthapuram #KochiFilmCity #CinemaKerala #UrbanPlanning #CulturalHeritage #IFFI #MAMI #TIFF #FIAPF

14.3.26

98-ാമത് അക്കാദമി അവാർഡ് - മികച്ച അന്താരാഷ്ട്ര സിനിമകൾ





98-ാമത് അക്കാദമി അവാർഡുകൾ നാളെ (15 മാർച്ച് 2026) പ്രഖ്യാപിക്കപ്പെടുകയാണ്. മികച്ച അന്താരാഷ്ട്ര ചിത്രങ്ങളുടെ വിഭാഗത്തിൽ ഇത്തവണ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട പതിനഞ്ചിൽ പതിനാല് ചിത്രങ്ങളും കാണാൻ പറ്റിയിരുന്നു എന്നത് വളരെയധികം സന്തോഷം നൽകുന്നതാണ് (മിക്കതും ഇക്കഴിഞ്ഞ IFFK യിൽ ഇടം നേടിയിരുന്നവയാണ്) 

അവസാന നോമിനേഷൻ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്ന അഞ്ച് ചിത്രങ്ങളും രാഷ്ട്രീയ മാനുഷിക മൂല്യങ്ങൾ ഉയർത്തിപിടിക്കുന്നതും ശ്രദ്ധേയമായവയുമാണ്.   

1. ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ് (It Was Just an Accident) സംവിധാനം: ജാഫർ പനാഹി (ഫ്രാൻസ്)
ഇറാനിലെ രാഷ്ട്രീയ തടവുകാരെക്കുറിച്ചും അവരുടെ അതിജീവനത്തെക്കുറിച്ചുമുള്ള നെഞ്ചുപൊള്ളിക്കുന്ന കഥയാണിത്. അവിചാരിതമായി സംഭവിക്കുന്ന ഒരു അപകടത്തിലൂടെ പഴയ വേട്ടക്കാരനും ഇരയും (പിന്നീട് ഇരകളും) കണ്ടുമുട്ടുന്നതാണ് ഇതിന്റെ കഥാഗതി. മനുഷ്യ ജീവിതങ്ങളും നിയമവ്യവസ്ഥിതിയുമെല്ലാം ചർച്ച ചെയ്യപ്പെടുന്ന ഈ സിനിമ കാൻ ഫിലിം ഫെസ്റ്റിവലിലെ പാം ഡി ഓർ (Palme d'Or) നേടിയിരുന്നു. ഇറാനിലെ പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് സിനിമ ചെയ്യുന്ന പനാഹിയോടുള്ള ആദരസൂചകമായും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ മുൻനിർത്തിയും അക്കാദമി വോട്ടർമാർ ഈ ചിത്രത്തിന് മുൻഗണന നൽകാൻ സാധ്യതയുണ്ട്. മികച്ച ഒറിജിനൽ തിരക്കഥാ വിഭാഗത്തിലും ഇതിന് നോമിനേഷനുണ്ട്.

2. ദ സീക്രട്ട് ഏജന്റ് (The Secret Agent) സംവിധാനം: ക്ലെബർ മെൻഡോൺസ ഫിൽഹോ (ബ്രസീൽ)
1970-കളിലെ ബ്രസീലിലെ സൈനിക സ്വേച്ഛാധിപത്യകാലത്ത് നടക്കുന്ന ഒരു നിയോ-നോയർ പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ഈ സിനിമയുടെ കരുത്ത് വാഗ്നർ മൗറയുടെ അവിസ്മരണീയമായ അഭിനയം കൂടിയാണ്. അധികാരികളിൽ നിന്നും ഒളിവിൽ കഴിയേണ്ടിവരുന്ന ഒരു ഗവേഷകൻ നേരിടുന്ന ഭീതിയും ഒറ്റപെടലുമാണ് സിനിമയുടെ കാതൽ. കാൻ ഫെസ്റ്റിവലിൽ മികച്ച സംവിധായകൻ, മികച്ച നടൻ ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ നേടുകയും ഓസ്കാറിൽ മികച്ച ചിത്രം (Best Picture), മികച്ച നടൻ തുടങ്ങിയ 4 പ്രധാന വിഭാഗങ്ങളിൽ നോമിനേഷനും നേടി മത്സരിക്കുന്ന ഈ സിനിമ വിഷ്വൽ സ്റ്റൈലും രാഷ്ട്രീയവും ഒരേപോലെ ഇഷ്ടപ്പെടുന്ന വോട്ടർമാരെ സ്വാധീനിച്ചേക്കാം.

3. സെന്റിമെന്റൽ വാല്യൂ (Sentimental Value) സംവിധാനം: ജോക്കിം ട്രയർ (നോർവേ)
തകർന്ന ഒരു കുടുംബബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രം, തന്റെ പ്രൊഫെഷനിൽ പരാജയം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സംവിധായകനും അദ്ദേഹത്തിന്റെ പെൺ മക്കളും തമ്മിലുള്ള വൈകാരിക ബന്ധത്തിലൂടെയാണ് വികസിക്കുന്നത്. മരണപ്പെട്ട് പോയ അമ്മയുടെ ഓർമ്മകളും അവശേഷിച്ച വസ്തുക്കളും രണ്ട് സഹോദരിമാരുടെ ജീവിതത്തിൽ വരുത്തുന്ന വൈകാരികമായ മാറ്റങ്ങളും അതിൽ അറിഞ്ഞോ അറിയാതെയോ ഇടപെടുന്ന പിതാവുമായുള്ള ബന്ധത്തിന്റെ സങ്കീർണതയും സിനിമ എന്ന മാധ്യമത്തോടുള്ള അഭിനിവേശവുമൊക്കെ വളരെ വൈകാരികമായി ഇതിൽ ആവിഷ്കരിച്ചിരിക്കുന്നു. ഇത്തവണത്തെ അക്കാദമി നോമിനേഷൻ പട്ടികയിൽ 9 നോമിനേഷനുകളുമായി ഏറ്റവും മുന്നിൽ നിൽക്കുന്ന ചിത്രമാണിത്. മികച്ച സംവിധായകൻ, മികച്ച നടി (റെനേറ്റ് റെയിൻസ്‌വെ) തുടങ്ങിയ വിഭാഗങ്ങളിൽ നോമിനേഷൻ ഉള്ളതിനാൽ, അന്താരാഷ്ട്ര വിഭാഗത്തിൽ ഈ ചിത്രം വിജയിക്കാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നു. 'The Worst Person in the World' ലൂടെ ട്രയർ നേടിയ ജനപ്രീതിയും ഇതിന് ഗുണകരമായേക്കും 

4. സിറാത്ത് (Sirāt) സംവിധാനം: ഒലിവർ ലാക്സെ (സ്പെയിൻ)
മൊറോക്കോയിലെ പർവ്വതനിരകളിലൂടെ കാണാതായ മകളെ തേടി ഒരു പിതാവ് മകനോടൊപ്പം നടത്തുന്ന അന്വേഷണ യാത്ര ഒരു ആത്മീയ യാത്രയായി രൂപാന്തരീകരണം പ്രാപിക്കുന്നതാണ് ഇതിവൃത്തം. മൊറോക്കോയിലെ റേവ് പാർട്ടി (Rave Party ) സംസ്കാരവും സഹാറ മരുഭൂമിയുടെ വന്യതയും സിനിമയ്ക്ക് ഒരു പ്രത്യേക ദൃശ്യഭാഷ നൽകുന്നു. ആത്മീയതയും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ ചൂഴ്‌ന്നെടുക്കുന്നതും 
ദൃശ്യഭംഗി കൊണ്ടും ശബ്ദവിന്യാസം കൊണ്ടും വിസ്മയിപ്പിക്കുന്നതുമായ ഈ പരീക്ഷണ ചിത്രം മികച്ച അന്താരാഷ്ട്ര ചിത്രം എന്നതിലുപരി മികച്ച സൗണ്ട് (Best Sound) വിഭാഗത്തിലും നോമിനേഷൻ നേടി ഓസ്കാറിൽ മത്സരിക്കുകയാണ്.

5. ദ വോയ്‌സ് ഓഫ് ഹിന്ദ് റജബ് (The Voice of Hind Rajab) സംവിധാനം: കൗതർ ബെൻ ഹനിയ (ടുണീഷ്യ)
പലസ്തീനിലെ ഗസ്സയിൽ ഇസ്രായേൽ പട്ടാള അക്രമത്തിൽ ഒരു വാഹനത്തിൽ പെട്ട് പോകുന്ന ഹിന്ദ് റജബ് എന്ന കൊച്ചുപെൺകുട്ടിയുടെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച ഡോക്യു-ഡ്രാമയാണിത്. ആറ് വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടിയെ രക്ഷിക്കുന്നതിനായി റെഡ് ക്രസന്റ് സന്നദ്ധ പ്രവർത്തകരുടെ ക്യാമ്പ് ഓഫീസിൽ ലഭിക്കുന്ന സന്ദേശത്തിൽ തുടങ്ങുന്ന ഈ സിനിമയിലൂടെ അധിനിവേശത്തിന്റെ ഭീകരതയെയും നിസ്സഹായരായ മനുഷ്യരുടെ ശബ്ദത്തെയും ലോകത്തിന് മുന്നിലെത്തിക്കാൻ സംവിധായിക ശ്രമിക്കുന്നു. ഹിന്ദ് റജബ് സന്നദ്ധ പ്രവർത്തകരുമായി നടത്തിയ യാഥാർത്ഥ ശബ്ദ സന്ദേശങ്ങൾ സിനിമയിൽ ഉപയോഗിച്ചിട്ടുള്ളതിനാൽ തന്നെ സഹായത്തിനായി കാത്ത് നിന്ന ആ കൊച്ചു പെൺകുട്ടിയുടെ അവസാന മണിക്കൂറുകളുടെ ആവിഷ്കാരം നെഞ്ച് പൊള്ളിക്കും. വെനീസ് ഫിലിം ഫെസ്റ്റിവലിലെ ഗ്രാൻഡ് ജൂറി പുരസ്കാരം നേടിയ ചിത്രം സമകാലിക യുദ്ധ രാഷ്ട്രീയ സാഹചര്യത്തിൽ ലോകമെമ്പാടും വലിയ ചർച്ചകൾക്ക് സാധ്യത തുറക്കുന്നതും മാനുഷികമായ ഒരു വലിയ ദുരന്തത്തെ സിനിമയിലൂടെ ലോകത്തിന് മുന്നിലെത്തിക്കുന്നതിനാലും നല്ലൊരു വിഭാഗം വോട്ടർമാരുടെ പിന്തുണ ലഭിക്കാനുള്ള സാധ്യതയുണ്ട്. 

സിനിമകളുടെ കരുത്തും സത്യസന്ധതയും വിലയിരുത്തിയാൽ ഈ അഞ്ചു ചിത്രങ്ങളും അവാർഡിന് അർഹമാണ്, അത് കൊണ്ട് തന്നെ ഈ വർഷത്തെ ഓസ്കാർ അന്താരാഷ്ട്ര വിഭാഗം തികച്ചും പ്രവചനാതീതമാണ്. നോമിനേഷനുകളുടെ എണ്ണം വെച്ച് നോക്കുമ്പോൾ 'സെന്റിമെന്റൽ വാല്യൂ' വും, രാഷ്ട്രീയ പ്രാധാന്യം വെച്ച് നോക്കുമ്പോൾ 'ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്' ഉം തമ്മിലാകും പ്രധാന മത്സരമെന്ന് തോന്നുന്നു.; എങ്കിലും എന്റെ വ്യക്തിപരമായ തെരഞ്ഞെടുപ്പ് ‘സിറാത്ത്’ അല്ലങ്കിൽ ‘ദ വോയ്‌സ് ഓഫ് ഹിന്ദ് റജബ്’ എന്നാണ്. 

നിങ്ങളുടെ അഭിപ്രായത്തിൽ ഇതിൽ ഏത് ചിത്രമാകും ഇത്തവണത്തെ അന്താരാഷ്‌ട്ര സിനിമയ്ക്കുള്ള ഓസ്കാർ നേടുക?

(പോസ്റ്റർ gemini നിർമ്മിതം)

20.12.25

ബിഫോർ ദി ബോഡി (Before the Body / Antes del Cuerpo) 2025


ലൂസിയ ബ്രസെലിസ് (Lucía Bracelis), കരീന പിയാസ (Carina Piazza) എന്നിവർ ചേർന്ന് സംവിധാനം ചെയ്ത അർജന്റീനിയൻ ചിത്രം 'ബിഫോർ ദി ബോഡി' ഹൊറർ-ഫാന്റസി ഘടകങ്ങളെ റിയലിസ്റ്റിക് ആയൊരു കുടുംബ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന വ്യത്യസ്തമായൊരു സിനിമയാണ്.

അന (Ana) എന്ന നഴ്സാണ് കേന്ദ്ര കഥാപാത്രം. മരണാസന്നനായ ലൂയിസ് (Luis) എന്ന എഴുത്തുകാരനെ ശുശ്രൂഷിക്കുന്ന ജോലിയാണ് അവൾക്ക്. പ്രത്യേക സ്വഭാവക്കാരൻ ആണെങ്കിലും ലൂയിസുമായി അവൾക്ക് ആഴത്തിലുള്ള ഒരു ആത്മബന്ധമുണ്ട്. എന്നാൽ അനയുടെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി അവളുടെ ഇളയ മകൾ എലീനയാണ്. എലീനയ്ക്ക് അപൂർവ്വവും നിഗൂഢവുമായ ഒരു അസുഖമുണ്ട്, സാധാരണ മരുന്നോ ഭക്ഷണമോ കൊണ്ട് മാറുന്നതല്ല അത്. മകളുടെ ജീവൻ നിലനിർത്താൻ അനയ്ക്ക് ധാർമ്മികതയുടെ അതിരുകൾ ലംഘിക്കേണ്ടി വരുന്നു. മകളുടെ വിശപ്പടക്കാൻ അവൾ നടത്തുന്ന ഞെട്ടിക്കുന്ന നീക്കങ്ങളും അതിലൂടെ ആ കുടുംബം നേരിടുന്ന പ്രതിസന്ധികളുമാണ് സിനിമയുടെ ഇതിവൃത്തം.

പരമ്പരാഗത വാമ്പയർ സിനിമകളിൽ നിന്ന് വ്യത്യസ്തമായി, ഇതിലെ 'രക്തദാഹം' അല്ലെങ്കിൽ 'വിശപ്പ്' എന്നത് ഒരു രോഗാവസ്ഥ പോലെയാണ് സംവിധായകർ അവതരിപ്പിക്കുന്നത്. അതിജീവനത്തിനായി മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയെ ചിത്രം പ്രതീകാത്മകമായി കാണിക്കുന്നു.
മകൾക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ തയ്യാറാകുന്ന ഒരമ്മ, പക്ഷെ ആ സ്നേഹം അവരെ എങ്ങനെയൊക്കെ ക്രൂരയാക്കുന്നു എന്ന് ചിത്രം വരച്ചുകാട്ടുന്നു.

ഭയപ്പെടുത്തുന്ന രംഗങ്ങളേക്കാൾ, മാനസികമായ ഒരു വീർപ്പുമുട്ടൽ ഉണ്ടാക്കുന്ന രീതിയിലാണ് സിനിമയുടെ ആഖ്യാനം. ഒരു സാധാരണ സോഷ്യൽ ഡ്രാമയായി തുടങ്ങി, മെല്ലെ ഒരു ഡാർക്ക് ത്രില്ലറിലേക്ക് മാറുന്ന 'ബിഫോർ ദി ബോഡി' പരിചരണത്തിനും ഭയത്തിനും ഇടയിലുള്ള അതിജീവനത്തിന്റെ കഥയുമാണ്.

പിൻ കുറിപ്പ്: 2025 IFFK യിൽ ഈ ചിത്രം മികച്ച സംവിധാനത്തിനുള്ള രജത ചകോരം കരസ്ഥമാക്കി.

Template Designed by Douglas Bowman - Updated to New Blogger by: Blogger Team
Modified for 3-Column Layout by Hoctro