1.11.26

ഏഴു ദിവസങ്ങൾ; സ്വാതന്ത്ര്യത്തിനും മാതൃത്വത്തിനുമിടയിലെ സംഘർഷം.


The Seed of the Sacred Fig (2024), There Is No Evil (2020), Iron Island (2005) തുടങ്ങിയ ചിത്രങ്ങളിലൂടെ രാഷ്ട്രീയവും മനുഷ്യജീവിതവും തമ്മിലുള്ള സങ്കീർണമായ ബന്ധങ്ങളെ വ്യത്യസ്തമായ ചലച്ചിത്രഭാഷയിൽ അവതരിപ്പിച്ചിട്ടുള്ള സംവിധായകനും എഴുത്തുകാരനുമായ മുഹമ്മദ് റസൂലോഫിന്റെ കഥ, തിരക്കഥ എന്നതായിരുന്നു Ali Samadi Ahadi സംവിധാനം ചെയ്ത Haft Rooz അഥവാ സെവൻ ഡെയ്സ് എന്ന സിനിമ കാണാൻ പ്രേരിപ്പിച്ച പ്രധാന ഘടകം. 

ഇറാനിലെ രാഷ്ട്രീയ തടവുകാരിയായ മറിയത്തിന് ചികിത്സയ്ക്കായി ലഭിക്കുന്ന ഏഴു ദിവസത്തെ പരോൾ. അതിനിടയിൽ രാജ്യം വിട്ട് സ്വാതന്ത്ര്യത്തിന്റെ മറ്റൊരു തീരത്തേക്ക് പോകാനുള്ള അവസരം ഒരുങ്ങുന്നു. എന്നാൽ അതിനൊപ്പം അവർക്ക് ഉപേക്ഷിക്കേണ്ടിവരുന്നത് വിശ്വസിച്ച് പോരുന്ന പ്രത്യശാസ്ത്രങ്ങളെയും, താൻ ഇത്രയും കാലം ജീവിച്ചുപോന്ന പോരാട്ടത്തിന്റെ മണ്ണിനെയുമാണ്. ഇവിടെയാണ് സിനിമയുടെ യഥാർത്ഥ സംഘർഷം ആരംഭിക്കുന്നത്. 

സമൂഹത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്ന ഒരാൾക്ക് സ്വന്തം ജീവിതത്തിൽ എത്രത്തോളം സ്വാതന്ത്ര്യമുണ്ട്? രാഷ്ട്രീയമായ പ്രതിബദ്ധതയും മാതൃത്വവും തമ്മിൽ തിരഞ്ഞെടുക്കേണ്ടിവരുന്ന ഒരു സ്ത്രീയുടെ ആന്തരിക സംഘർഷങ്ങളാണ് സിനിമയുടെ കാതൽ. ഒപ്പം സ്ത്രീകളുടെ
രാഷ്ട്രീയബോധത്തെക്കാൾ അവളുടെ മാതൃത്വത്തെയും കുടുംബ ബന്ധങ്ങളെയും മാത്രം പലപ്പോഴും അളവുകോലാക്കുന്ന സാമൂഹിക കാഴ്ചപ്പാടുകളോടും ചില ചോദ്യങ്ങൾ ഉയർത്തുന്നുമുണ്ട്.

നടി വിഷ്ക അസായേഷിന്റെ സ്വാഭാവികവും നിയന്ത്രിതവുമായ അഭിനയം കഥാപാത്രത്തിന്റെ വൈകാരിക സംഘർഷങ്ങളെ മനോഹരമായി അവതരിപ്പിക്കുന്നു. പുറത്തേക്കുള്ള യാത്രയ്ക്കൊപ്പം മറിയം നടത്തുന്ന ആന്തരിക യാത്രയിൽ മനുഷ്യർക്ക് ഭൂമിശാസ്ത്രപരമായ അതിരുകളേക്കാൾ ചിലപ്പോൾ കടക്കാൻ പ്രയാസം സ്വന്തം മനസ്സിനുള്ളിലെ അതിരുകളാണെന്ന തിരിച്ചറിവ് ഹൃദയഭേദകമാകുന്നുണ്ട്. 

എന്നാൽ ഇത്രയും ശക്തമായ പ്രമേയം കൈകാര്യം ചെയ്യുമ്പോഴും സിനിമ എല്ലായിടത്തും അതിന്റെ ആന്തരികമായ തീക്ഷ്ണത പലയിടത്തും നിലനിർത്തുന്നില്ലന്നത് പോരായ്മയായി മാറി. മനോഹരമായ ദൃശ്യങ്ങളാൽ സമ്പന്നമെങ്കിലും ചില സന്ദർഭങ്ങളിൽ നാടകീയതയുടെ പതിവ് വഴികളിലേക്ക് വഴുതിപ്പോകുന്നത് പോലെയും പ്രമേയത്തിന്റെ ആഴം സിനിമയുടെ ആഖ്യാനത്തിലും ദൃശ്യഭാഷയിലും എല്ലായിടത്തും ഒരുപോലെ പ്രതിഫലിക്കുമാറാകുന്നില്ലെന്നും തോന്നി.

ഈ സിനിമയുടെ പ്രസക്തി അതിന്റെ രാഷ്ട്രീയ നിലപാടിൽ മാത്രം ഒതുങ്ങുന്നില്ല. മറിച്ച്, ഒരു വലിയ ലക്ഷ്യത്തിനുവേണ്ടി ജീവിക്കുമ്പോൾ വ്യക്തിജീവിതത്തിൽ സംഭവിക്കുന്ന നഷ്ടങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തുന്ന സിനിമ അവസാനിക്കുമ്പോൾ ചില ചോദ്യങ്ങൾ നമ്മെ പിന്തുടരുന്നു.

സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയിൽ പിന്നിൽ ഉപേക്ഷിക്കപ്പെടുന്നവരുടെ വേദനയ്ക്ക് ആരാണ് ഉത്തരം പറയുക? ഒരു വലിയ ലക്ഷ്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ വ്യക്തിജീവിതത്തിന്, അവരോട് ബന്ധപ്പെട്ട് നിൽക്കുന്ന കുടുംബത്തിന് എത്രത്തോളം വിലയുണ്ട്? 

ചില സിനിമകൾ കഥ പറഞ്ഞുതീർക്കുന്നു, മറ്റു ചിലത് നമ്മളിൽ ചില ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നു. Haft Rooz / Seven Days (2024) അത്തരത്തിലൊന്നാണ്.

Haft Rooz | Directed by Ali Samadi Ahadi | Written by Mohammad Rasoulof | 2024 | Germany | 113 minutes

28.10.26

ഡൊറോത്തി: പുരുഷത്വത്തിന്റെ ചട്ടക്കൂടുകൾക്കപ്പുറം, ജാതിയുടെയും സ്വത്വത്തിന്റെയും സ്നേഹരാഷ്ട്രീയം

ചില സിനിമകൾ അവസാനിച്ച ശേഷവും മനസ്സിൽ തുടരുന്നത് അവയുടെ കഥ കൊണ്ടല്ല, അവ ഉയർത്തുന്ന, അസ്വസ്ഥപ്പെടുത്തുന്ന ചില ചോദ്യങ്ങൾ കൊണ്ടാണ്. കാർത്തിക് സുബ്ബരാജിന്റെ 'ഡൊറോത്തി' അത്തരമൊരു അനുഭവവുമാണ്.

“ആൺകുട്ടികൾ കരയരുത്”, “ദുർബലത കാണിക്കരുത്”, “കരുത്ത് തെളിയിക്കാൻ അക്രമം വേണം” — പുരുഷ കേന്ദ്രീകൃത സാമൂഹിക ചുറ്റുപാടിൽ കുട്ടിക്കാലത്ത് തന്നെ ചുമത്തപ്പെടുന്ന ഈ ചട്ടക്കൂടുകൾ അവരുടെ ബന്ധങ്ങളെയും സ്വപ്നങ്ങളെയും സ്വത്വത്തെയും എങ്ങനെ നിയന്ത്രിക്കുന്നു എന്നതാണ് ചിത്രം പരിശോധിക്കുന്നത്. ഇവിടെ പുരുഷത്വം ഒരു സ്വാഭാവിക ഗുണമല്ല; സമൂഹം നിരന്തരം പരിശീലിപ്പിക്കുന്ന ഒരു പെരുമാറ്റരീതിയാണ്.

സൗഹൃദവും സ്നേഹവും കേന്ദ്രമാകുമ്പോൾ, ഒരാളെ സ്നേഹിക്കുക എന്നത് അയാളെ നമുക്ക് പരിചിതമായ നിർവചനങ്ങളിലേക്ക് ഒതുക്കുക അല്ലെന്ന് ഡൊറോത്തി ഓർമിപ്പിക്കുന്നു. അധികാരവും അക്രമവും ഇല്ലാതെയും പുരുഷത്വത്തെ ചിന്തിക്കാം. ദുർബലത സമ്മതിക്കുന്നതിലും മറ്റൊരാളുടെ സ്വത്വത്തെ ബഹുമാനിക്കുന്നതിലും ഒരു പുതിയ കരുത്ത് കണ്ടെത്താം.

ഈ ആശയം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ശക്തി. എന്നാൽ അതിന്റെ അവതരണം എല്ലായിടത്തും ഒരേപോലെ സ്വതന്ത്രമാകുന്നില്ല. ചില കഥാപാത്രങ്ങളുടെ അനുഭവങ്ങൾ സ്വന്തം ശബ്ദമായി വളരുന്നതിനുപകരം, മറ്റുള്ളവരുടെ തിരിച്ചറിവിനും മാറ്റത്തിനുമുള്ള ഉപാധികളായി ചുരുങ്ങുന്നുണ്ട്. സ്ത്രീ കഥാപാത്രങ്ങളുടെയും സ്വത്വത്തെക്കുറിച്ച് പോരാടുന്ന കഥാപാത്രങ്ങളുടെയും അനുഭവങ്ങൾ കൂടുതൽ ആഴത്തിൽ, അവരുടെ സ്വന്തം കാഴ്ചപ്പാടുകളിൽ നിന്ന് വികസിപ്പിക്കാമായിരുന്നു എന്ന തോന്നൽ അവശേഷിക്കുന്നു.

സനന്തിന്റെയും ഋഷികാന്തിന്റെയും പ്രകടനങ്ങൾ ചിത്രത്തിന്റെ വൈകാരിക സംഘർഷങ്ങൾക്ക് ശക്തി പകരുന്നു, കീർത്തി സുരേഷിന്റെ സാന്നിധ്യവും ശ്രദ്ധേയവും നിർണ്ണായകവുമാണ്. എസ്. തിരുനാവുക്കരശിന്റെ ഛായാഗ്രഹണവും ഇളയരാജയുടെ സംഗീതവും ചേർന്ന് സിനിമയ്ക്ക് പരുക്കനും അസ്വസ്ഥവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. പ്രധാന കഥാപരിസരമെന്നതിലുപരി ഗ്രാമീണ പശ്ചാത്തലത്തെ കഥാപാത്രങ്ങൾക്ക് ഒപ്പം ഉപയോഗിക്കുകയും അവരുടെ ആന്തരിക സംഘർഷങ്ങൾക്ക് ദൃശ്യഭാഷ നൽകുന്നതിനുള്ള ഉപാധിയാക്കുകയും ചെയ്യുന്നുണ്ട്. അത് പോലെ ആഖ്യാനത്തിൽ അവലംബിച്ചിരിക്കുന്ന വർണരഹിത വർത്തമാനകാലവും ഭൂതകാലത്തിന്റെ വർണാഭമായ ദൃശ്യങ്ങളുമെന്ന രീതി കഥയുടെ വൈകാരിക ഭാവങ്ങൾക്ക് കൂടുതൽ ആഴം നൽകുന്നുണ്ട്. 

പൂർണതയുള്ള സിനിമയല്ല ഡൊറോത്തി. ചില ആശയങ്ങൾ അമിതമായി വിശദീകരിക്കപ്പെടുന്നത് സിനിമ മുന്നോട്ട് വെയ്ക്കുന്ന സാമൂഹിക വിമർശനത്തിന്റെ സൂക്ഷ്മത നഷ്ടപെടുത്തുന്നതായി തോന്നി, ചില കഥാപാത്രങ്ങൾ കൂടുതൽ സ്വതന്ത്രമായ ഇടം അർഹിച്ചിരുന്നതായും. ആഖ്യാനത്തിൽ വന്ന ചില പാളിച്ചകൾ, ഒരു പക്ഷേ സാമൂഹിക പ്രസക്തമായ കുറെയധികം വിഷയങ്ങൾ ഒരേ സിനിമയിൽ കൊണ്ടുവരാനുള്ള ശ്രമത്തിലുമാകാം, ചിത്രത്തിന്റെ ക്ലൈമാക്സും അതിന് പിന്നാലെയുള്ള ആന്റിക്ലൈമാക്സും ഒരു പരിധിവരെ പ്രവചിക്കാവുന്നതായി മാറി. അതിനാൽ തന്നെ അവസാന ഭാഗത്തെ വൈകാരിക ആഘാതം അത്ര ശക്തമായി അനുഭവപ്പെടുന്നില്ല. എന്നിരുന്നാലും, ജാതിയും പിതൃമേധാവിത്വവും ലിംഗസ്വത്വവും സ്നേഹവും സൗഹൃദവുമെല്ലാം പരസ്പരം അറിയുന്ന , സംഘർഷിക്കുന്ന സങ്കീര്ണമായൊരു സാമൂഹിക യാഥാർഥ്യത്തെ ചിത്രം തുറന്നുകാട്ടുന്നുമുണ്ട്.  

ഒടുവിൽ സിനിമ നമ്മോട് ചോദിക്കുന്നത് ഇതാണ്: മനുഷ്യനെ നിർവചിക്കാനുള്ള അവകാശം സമൂഹത്തിനാണോ, അതോ ലിംഗ, ജാതി വ്യത്യാസങ്ങൾക്കുപരി സ്വന്തം സ്വത്വം തിരഞ്ഞെടുക്കുന്ന വ്യക്തിക്കാണോ?
ആ ചോദ്യത്തിന് എളുപ്പമുള്ള ഉത്തരമില്ല. പക്ഷേ ആ അസ്വസ്ഥതയോടൊപ്പം നമ്മെ വിട്ടയക്കുന്നതിലാണ് ഡൊറോത്തിയുടെ യഥാർത്ഥ മൂല്യവും പ്രസക്തിയും. 

#dorothy #TamilCinema #GenderDiscrimination #IdentityCrisis 

8.10.26

ഓർമ്മകളുടെ നിഴലിൽ, അതിജീവനത്തിന്റെ 'ഹാർട്ട് ഓഫ് ദ ബീസ്റ്റ്'

ചില സിനിമകൾ വെറുമൊരു കാഴ്ചയെന്നതിലുപരി, നമ്മുടെ ഉള്ളിലെ എന്നോ എപ്പോഴോ അടഞ്ഞുപോയ വാതിലൊക്കെ തുറന്ന് പഴയ ഓർമ്മകളിലേക്ക് കൈപിടിച്ചു നടത്തുന്നവയുമാകും. ഡേവിഡ് അയർ സംവിധാനം ചെയ്ത് ബ്രാഡ് പിറ്റ് , ഒഡിൻ (നായ) എന്നിവർ മുഖ്യവേഷത്തിലെത്തിയ 'ഹാർട്ട് ഓഫ് ദ ബീസ്റ്റ്' (2026) എന്ന സർവൈവൽ ത്രില്ലർ കണ്ടിരുന്നപ്പോൾ എന്റെ മനസ്സിലേക്ക് ആദ്യം കടന്നുവന്നത് കുട്ടിക്കാലത്ത് കൂടെയുണ്ടായിരുന്ന 'ലാലു' ആണ്; ഒരു സാധാരണ നാടൻ നായയായിരുന്നുവെങ്കിലും, ബുദ്ധിയും കൂറും നിറഞ്ഞ, തികഞ്ഞ അനുസരണയോടെ എന്റെ നിഴലായി, നിർദ്ദേശങ്ങൾക്കായി ഒപ്പം നടന്നവൻ; അവൻ്റെ ആകസ്മിക മരണം (അതൊരു കൊലപാതകം ആയിരുന്നു എന്ന് അന്നും ഇന്നും വിശ്വസിക്കുന്നു !) ഏൽപ്പിച്ച ശൂന്യത ചെറുതല്ല; വർഷങ്ങൾ കഴിഞ്ഞിട്ടും ആ വേർപാടിന്റെ നേർത്ത നോവ് ഉള്ളിലുണ്ട്. തിയേറ്ററിൽ സിനിമയിലെ നായ ഒഡിനെ (Odin) കണ്ട ഓരോ നിമിഷവും അറിയാതെ ലാലുവിന്റെ ഓർമ്മകളും മനസ്സിന്റെ തിരശീലയിൽ നിഴലും വെളിച്ചവുമായി നിറഞ്ഞു നിന്നു. 

മുൻ സ്പെഷ്യൽ ഫോഴ്സ് ഉദ്യോഗസ്ഥൻ ജെയിംസ് ബെൽമോഡും (ബ്രാഡ് പിറ്റ്), അദ്ദേഹത്തിന്റെ വിശ്വസ്തനും സൈനിക സേവകനുമായിരുന്ന ഒഡിനും (Odin) അലാസ്കയിലെ വനമേഖലയിലൂടെ നടത്തുന്ന അതിജീവന യാത്രയാണ് ഈ സിനിമയുടെ പ്രമേയം. യുദ്ധാനന്തര മാനസികാഘാതം പി.ടി.എസ്.ഡി (PTSD) ബാധിക്കപ്പെട്ട ഇരുവരും അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരു വിമാനാപകടത്തെത്തുടർന്ന് വന്യമായ സാഹചര്യങ്ങളിൽ ഒറ്റപ്പെട്ടുപോകുന്നതും കൊടും തണുപ്പിനെയും വന പ്രതിസന്ധികളെയും നേരിട്ട് 58 മൈൽ ദൂരമുള്ള സുരക്ഷിത കേന്ദ്രത്തിലേക്ക് നടത്തുന്ന അതിജീവന യാത്രയാണ് സിനിമയുടെ പ്രധാന പ്ലോട്ട്. പ്രകൃതിയുടെ പരുക്കൻ ഭാവങ്ങളെയും വന്യമൃഗങ്ങളെയും നേരിടുന്ന ഈ കാടുകയറ്റത്തിനപ്പുറം, ആപത്തുഘട്ടങ്ങളിൽ പരസ്പരം കാവലാകുന്ന മനുഷ്യന്റെയും മൃഗത്തിന്റെയും നിസ്വാർത്ഥമായ സ്നേഹമാണ് സിനിമയെ ഹൃദ്യമാക്കുന്നതും ഉള്ളുലയ്ക്കുന്നതും.

പ്രകൃതിയുടെ പരുക്കൻ ഭാവങ്ങളെയും ജീവനുവേണ്ടിയുള്ള പോരാട്ടങ്ങളെയും അടയാളപ്പെടുത്തൽ പ്രമേയമാകുന്ന, അത് പോലെ നായകൾ പ്രധാന കഥാപാത്രമാകുന്ന സിനിമാ ശ്രേണികളിൽ പെട്ടന്ന് ഓർമ്മയിൽ തെളിയുന്ന മറ്റ് ചില സിനിമ കാഴ്ചകൾ: 
 
ദ ഗ്രേ (The Grey - 2011): ലിയാം നീസൻ നായകനായ ഈ ചിത്രം അലാസ്കയിലെ കൊടുംതണുപ്പിൽ വിമാനാപകടത്തെത്തുടർന്ന് ചെന്നായ്ക്കളുടെ കൂട്ടത്തിന് നടുവിൽ പെട്ടുപോകുന്ന ഒരു പറ്റം മനുഷ്യരുടെ അതിജീവനമാണ് പ്രമേയം. 'ഹാർട്ട് ഓഫ് ദ ബീസ്റ്റ്' പോലെതന്നെ വന്യമായ ഏകാന്തതയും മരണഭയവും ഈ ചിത്രത്തിലുടനീളമുണ്ട്. 

ദ കോൾ ഓഫ് ദ വൈൽഡ് (The Call of the Wild - 2020): ജാക്ക് ലണ്ടന്റെ വിഖ്യാതമായ നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ ഈ ചിത്രം, നഗരജീവിതത്തിൽ നിന്ന് യൂക്കോൺ (Yukon) മഞ്ഞുഭൂമിയിലേക്ക് എത്തിപ്പെടുന്ന 'ബക്ക്' എന്ന നായയുടെ കഥയാണ് പറയുന്നത്. മനുഷ്യനും മൃഗവും തമ്മിലുള്ള സ്നേഹത്തിന്റെയും ഒടുവിൽ പ്രകൃതിയോട് ഇണങ്ങിക്കൊടുക്കുന്നതിന്റെയും മനോഹരമായ കാഴ്ചയാണ് ഈ സിനിമ നൽകുന്നത്. 

ടോഗോ (Togo - 2019): യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ മറ്റൊരു മാസ്റ്റർപീസാണ് 'ടോഗോ'. ചരിത്രപ്രസിദ്ധമായ സെറം റൺ (Serum Run) ദൗത്യത്തിൽ മാരകമായ മഞ്ഞുവീഴ്ചയെയും കൊടുംതണുപ്പിനെയും തോൽപ്പിച്ച് മുന്നേറിയ വിശ്വസ്തനായ 'ടോഗോ' എന്ന സ്ലെഡ് ഡോഗിന്റെയും അതിന്റെ ഉടമയുടെയും കഥയാണിത്. പ്രായമായ ഒരു നായയുടെ അടിയുറച്ച കൂറും ത്യാഗവും ഇതിൽ അനുഭവിച്ചറിയാം.

ഈ സിനിമകളെല്ലാം മനുഷ്യന്റെ അതിജീവന ശേഷിയെ വാഴ്ത്തുന്നവയോ പ്രകൃതിയുടെ വന്യതയിൽ പെട്ട് പോകുന്ന നായകളുടെ ജീവിതമോ ഒക്കെ പ്രമേയമായവയാണെങ്കിലും 'ഹാർട്ട് ഓഫ് ദ ബീസ്റ്റ്' തന്റെ കൂടെയുള്ളവന്റെ ജീവന് വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാകുന്ന ഒരു യോദ്ധാവിന്റെ മാനസികതലത്തെ കൂടിയാണ് മുൻപിൽ നിർത്തുന്നത്; ഒപ്പം മനുഷ്യനെയും മൃഗത്തെയും ഒരുപോലെ അലോസരപ്പെടുത്തുന്ന PTSD പോലുള്ള യുദ്ധാനന്തര മാനസികാഘാതങ്ങളെ കുറിച്ചുള്ള ഓർമ്മപെടുത്തലുമാകുന്നു. 

കേവലം ഒരു ആക്ഷൻ-സർവൈവൽ ത്രില്ലർ സിനിമയക്കുമപ്പുറം പ്രകൃതിയുടെ വന്യവിസ്തൃതിയിൽ പടരുന്ന സ്നേഹത്തിന്റെയും കൂറിന്റെയും ഈ കാവ്യാത്മക ദൃശ്യാവിഷ്കാരം കാലം മായ്ക്കാത്ത സ്നേഹത്തിന്, പ്രിയപ്പെട്ട നായക്കുട്ടി ലാലുവിന്റെ ഓർമ്മകൾക്ക് എന്റെ ഉള്ളിൽ വീണ്ടും ജീവൻ വെയ്ക്കുന്നത് പോലെ..!


19.6.26

കൊച്ചി ഫിലിം സിറ്റിയും IFFK-യും: ചലച്ചിത്രമേള തലസ്ഥാനം വിടുമ്പോൾ നഷ്ടപ്പെടുന്നത് എന്താണ്?

കൊച്ചിയിൽ പുതിയതായി 'ജെ.സി. ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി' സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപനവും, അതിനോടൊപ്പം കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (IFFK) സ്ഥിരം വേദിക്കുള്ള സംവിധാനം അവിടെ ഒരുക്കുമെന്നുള്ളതും IFFK പ്രേമികൾക്കിടയിലെങ്കിലും കാര്യമായ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ഒറ്റനോട്ടത്തിൽ വികസനപരമായി ഇത് നല്ലൊരു കാര്യമായി തോന്നാമെങ്കിലും, സാങ്കേതികവും സാംസ്കാരികവുമായ യാഥാർത്ഥ്യങ്ങൾ പരിശോധിക്കുമ്പോൾ IFFK തിരുവനന്തപുരത്ത് നിന്ന് മാറ്റുന്നത് മേളയുടെ നിലനിൽപ്പിനെത്തന്നെ ബാധിച്ചേക്കാവുന്നതാണ് എന്ന് മനസ്സിലാക്കാവുന്നതാണ്.

ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക പ്രശ്നം അന്താരാഷ്ട്ര തലത്തിലുള്ള അക്രഡിറ്റേഷൻ ആണ്. അന്താരാഷ്ട്ര ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഫെഡറേഷൻ (FIAPF) നൽകുന്ന പ്രത്യേക അംഗീകാരമുള്ള മേളയാണ് IFFK. കാൻ, ബെർലിൻ, ഗോവ മേളകൾ പോലെ ഒരു നിശ്ചിത നഗരത്തെ 'സ്ഥിരം വേദി'യായി (Permanent Venue) നിശ്ചയിച്ചാണ് ഈ അന്താരാഷ്ട്ര അംഗീകാരം നൽകുന്നത്. പെട്ടെന്നൊരു ദിവസം സ്ഥിരം വേദി തിരുവനന്തപുരത്ത് നിന്നും മറ്റൊരു നഗരത്തിലേക്ക് മാറ്റുന്നത് IFFK-യുടെ ഈ രാജ്യാന്തര അക്രഡിറ്റേഷൻ തന്നെ ഇല്ലാതാക്കാൻ കാരണമായേക്കാം. (ഇന്ത്യയിൽ നിലവിൽ ഗോവ, തിരുവനന്തപുരം, ബംഗളൂരു, കൽക്കത്ത എന്നീ 4 മേളകൾക്ക് മാത്രമാണ് FIAPF അക്രഡിറ്റേഷൻ ഉള്ളത്)

ഫിലിം സിറ്റികളിൽ ചലച്ചിത്രമേളകൾ നടക്കാറുണ്ടോ? ഇന്ത്യയിലെയും ലോകത്തിലെവിടെയുമുള്ള പ്രമുഖമായ ഒരു രാജ്യാന്തര ചലച്ചിത്രമേളയും നഗരത്തിന് പുറത്തുള്ള ഒരു 'ഫിലിം സിറ്റി'ക്കുള്ളിൽ മാത്രമായി സംഘടിപ്പിക്കപ്പെടുന്നില്ല എന്നതാണ് മനസ്സിലായിട്ടുള്ളത് (തെറ്റെങ്കിൽ തിരുത്താം) ഉദാ:

IFFI - ഗോവ: ഇന്ത്യയിലെ ഏറ്റവും വലിയ എ-ഗ്രേഡ് മേളയായ IFFI നടക്കുന്നത് ഗോവയിലെ ഏതെങ്കിലും വലിയ സ്റ്റുഡിയോയിലല്ല. പനജി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഐനോക്സ് മൾട്ടിപ്ലെക്സ്, കലാ അക്കാദമി എന്നിവടങ്ങളിലാണ്; നഗരമധ്യത്തിലെ മന്ദോവി നദിക്കരയും കഫേകളും മറ്റുമുൾപ്പെടെയാണ് 
ഈ മേളയുടെ ജീവൻ.

MAMI - മുംബൈ: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഫിലിം സിറ്റിയായ 'ഗോരേഗാവ് ഫിലിം സിറ്റി' ഉള്ള നഗരമാണ് മുംബൈ. എന്നാൽ മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഒരിക്കലും ഈ ഫിലിം സിറ്റിക്കുള്ളിൽ നടത്താറില്ല. മറിച്ച് മുംബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മൾട്ടിപ്ലെക്സുകൾ കേന്ദ്രീകരിച്ചാണ് നടക്കുന്നത്.

ലോകപ്രശസ്തമായ കാൻ (Cannes) മേള ഫ്രാൻസിലെ കടലോര നഗരത്തിന്റെ ഹൃദയഭാഗത്തുള്ള 'പാലെ ദെ ഫെസ്റ്റിവൽ' എന്ന ഹബ്ബിലും, ബെർലിൻ മേള ബെർലിൻ നഗരമധ്യത്തിലുമാണ് നടക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ സ്റ്റുഡിയോ കോംപ്ലക്സുകളിലൊന്നായ ഹൈദരാബാദിലെ 'രാമോജി ഫിലിം സിറ്റി'യിൽ പോലും ഒരു അന്താരാഷ്ട്ര ചലച്ചിത്രമേള സ്ഥിരമായി നടത്താത്തത് ശ്രദ്ധിക്കുക. ഫിലിം സിറ്റികൾ നിർമ്മിക്കുന്നത് സിനിമ ഷൂട്ട് ചെയ്യാനാണ്, അത് ജനങ്ങൾക്ക് വന്ന് കൂടാനോ കാണാനോ ഉള്ള പൊതു ഇടമല്ല തന്നെ.

ഒരു ഫിലിം സിറ്റിയുടെ പ്രാഥമിക ലക്ഷ്യം സിനിമയുടെ ഷൂട്ടിംഗും നിർമ്മാണവുമാണ്. അവിടെ ശബ്ദവും വെളിച്ചവും നിയന്ത്രിക്കാനും, പൊതുജനങ്ങളെ അകറ്റി നിർത്താനുമാണ് സ്റ്റുഡിയോകളും നിർമ്മാണ പ്രവർത്തകരും പരമാവധി ശ്രമിക്കാറുള്ളത്. എന്നാൽ ഒരു ചലച്ചിത്രമേളയ്ക്ക് വേണ്ടത് ഇതിന്റെ നേരെ വിപരീതമാണ്—അവിടെ ജനകീയ പങ്കാളിത്തവും, തുറന്ന സാംസ്കാരിക ഇടപഴകലുകളുമാണ് പ്രധാനം. ഫിലിം സിറ്റി എന്ന 'നിശ്ശബ്ദ മേഖല'യും ചലച്ചിത്രമേളയുടെ 'ഊർജ്ജവും' തമ്മിലുള്ള അന്തരം കൃത്യമായി മനസ്സിലാക്കാതെയുള്ളതാണ് ഈ ബജറ്റ് പരാമർശം. 

സ്ഥലപരിമിതി കൊണ്ട് വീർപ്പുമുട്ടുന്ന കേരളത്തിലെ ഏതൊരു നഗരത്തിലും ഫിലിം സിറ്റി എന്ന ആശയം നടപ്പാക്കണമെങ്കിൽ നഗരത്തിന് പുറത്തേക്ക് തന്നെ പോകേണ്ടി വരും. ചിത്രാഞ്ജലി തന്നെ ഉദാഹരണം; അവിടെ ഒരു ഫെസ്റ്റിവൽ കോംപ്ലക്സ് നിർമ്മിക്കാനുള്ള നിർദ്ദേശം നിരവധി കമ്മിറ്റികളും മറ്റും മുന്നോട്ട് വെച്ചപ്പോഴും ഡെലിഗേറ്റുകളുടെ, ഫെസ്റ്റിവലിനെ സ്നേഹിക്കുന്ന ചലച്ചിത്ര പ്രവർത്തകരുടെ ഒക്കെ എതിർപ്പ് മൂലം നടപ്പാക്കാൻ കഴിയാതിരുന്നത് ഓർക്കുക.

നഗരത്തിന് പുറത്ത് നിർമ്മിക്കുന്ന ഒരു ഫിലിം സിറ്റിയിലേ തീയറ്ററുകളിലേക്ക് മാറ്റിയാൽ, നിലവിലെ IFFK വേളയിൽ കാണുന്ന ജനകീയമായ 'മേളപ്പെരുമ' അവിടെ ഉണ്ടാകില്ലന്നത് ഉറപ്പാണ്. സിനിമ കഴിഞ്ഞിറങ്ങുന്ന പ്രതിനിധികൾക്ക് സംവദിക്കാനോ ഒത്തുകൂടാനോ ഇടമില്ലാത്ത, അടുത്ത സിനിമയ്ക്കായി വിജനമാകുന്ന ഒരു കൃത്രിമ ഇടമായി മേള ചുരുങ്ങിപ്പോകുമെന്ന് ഭയക്കുന്നു.

കഴിഞ്ഞ 30 പതിറ്റാണ്ടുകളായി അന്താരാഷ്ട്ര ചലച്ചിത്ര ഭൂപടത്തിൽ തിരുവനന്തപുരം എന്ന നഗരവും IFFK-യും പരസ്പരമായി ചേർത്തുവെക്കപ്പെട്ട ബ്രാൻഡുകളാണ്. കേരളത്തിലെ സാധാരണക്കാരായ സിനിമാപ്രേമികളുടെയും ഡെലിഗേറ്റുകളുടെയും സാംസ്കാരികമായ പക്വതയാണ് ഈ മേളയെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ' ജനപങ്കാളിത്തമുള്ള മേള' (People-centered festival) ആക്കി മാറ്റിയത്. നഗരത്തിന്റെ ജനത നെഞ്ചേറ്റിയ ഒരു സാംസ്കാരിക പൈതൃകത്തെ പെട്ടെന്ന് വേരോടെ പിഴുതെറിയുന്നത് തിരുവനന്തപുരം എന്ന ബ്രാൻഡഡ് മേളയ്ക്ക് വലിയ തിരിച്ചടിയാകും. നഗരത്തിലെ ഓട്ടോ റിക്ഷകൾ മുതൽ തട്ടുകടക്കാർ വരെ, ചെറുകിട ലോഡ്ജ് മുറികൾ മുതൽ ഡോർമിറ്ററികൾ വരെ ഡിസംബറിൽ IFFK യേ കാത്തിരിക്കുന്നത് മറ്റൊരു മേളയിലും കാണാനാവില്ല.

അപ്പോൾ എന്താണ് ശരിയായ ബദൽ? 
കൊച്ചിയിൽ സിനിമാ നിർമ്മാണത്തിനായി ഒരു മികച്ച ഫിലിം സിറ്റി വരുന്നത് സ്വാഗതാർഹമാണ്. എന്നാൽ IFFK-യ്ക്ക് വേണ്ടത് ഒരു 'ഷൂട്ടിംഗ് സ്റ്റുഡിയോ' യോ അതോടനുബന്ധിച്ചുള്ള തിയറ്ററുകളോ, ടൂർ പാക്കേജുകളോ അല്ല; മറിച്ച് നഗരഹൃദയത്തിൽ തന്നെയുള്ള ഒരു 'അർബൻ ഫെസ്റ്റിവൽ ഹബ്ബ്' (Urban Festival Hub) ആണ്. ടൊറന്റോയിലെ 'TIFF ലൈറ്റ്ബോക്സ്' ഒക്കെ പോലെ തിരുവനന്തപുരം നഗരത്തിന്റെ പൊതുഗതാഗത-ഹോട്ടൽ സൗകര്യങ്ങളോട് ചേർന്നുനിൽക്കുന്ന, ഒരൊറ്റ ക്യാമ്പസിനുള്ളിൽ തന്നെ കുറച്ച് തിയേറ്ററുകളും (ഒരു പ്രധാന തിയേറ്ററും 5-8 ചെറുകിട സ്ക്രീനുകളും) ഓപ്പൺ പ്ലാസകളും ഉള്ള ഒരു സ്ഥിരം വേദി തലസ്ഥാനത്ത് നിർമ്മിക്കുകയാണ് വേണ്ടത്. ഒപ്പം ഇപ്പോഴത്തെ പോലെ നഗരത്തിലെ സർക്കാർ - സ്വകാര്യ മേഖലയിലെ പ്രധാനപ്പെട്ട വലിയ സ്ക്രീനുകളും പ്രയോജനപ്പെടുത്തണം. ഡെലിഗേറ്റുകളുടെ അഭിപ്രായങ്ങൾ സ്വരുക്കൂട്ടുന്നതിനോ അവരുടെ അവകാശങ്ങൾ മാനിക്കുന്നതിനോ ഇതുവരെ ഒരു സംവിധാനവും ഇനിയും ഉണ്ടായിട്ടില്ലെന്ന് കൂടി പറയേണ്ടി വരുന്നത് ഖേദകരമാണ്.

സാങ്കേതിക സൗകര്യങ്ങളുടെ കൃത്യതയും നഗരത്തിന്റെ സാംസ്കാരിക ഊർജ്ജവും സർവ്വോപരി ഡെലിഗേറ്റുകളുടെ സംതൃപ്തിയും ഒത്തുചേരുന്നിടത്താണ് ചലച്ചിത്രമേളകൾ വിജയിക്കുന്നത്. അതുകൊണ്ട്, IFFK അതിന്റെ ആത്മാവ് നിലനിൽക്കുന്ന തിരുവനന്തപുരം നഗരത്തിൽ തന്നെ നിലനിർത്തിക്കൊണ്ട്, ഇവിടെയൊരു അന്താരാഷ്ട്ര നിലവാരമുള്ള സ്ഥിരം സാംസ്കാരിക സമുച്ചയം ഒരുക്കുകയാണ് ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ ചെയ്യേണ്ടത്. 

#IFFK #SaveIFFK #Thiruvananthapuram #KochiFilmCity #CinemaKerala #UrbanPlanning #CulturalHeritage #IFFI #MAMI #TIFF #FIAPF

14.3.26

98-ാമത് അക്കാദമി അവാർഡ് - മികച്ച അന്താരാഷ്ട്ര സിനിമകൾ





98-ാമത് അക്കാദമി അവാർഡുകൾ നാളെ (15 മാർച്ച് 2026) പ്രഖ്യാപിക്കപ്പെടുകയാണ്. മികച്ച അന്താരാഷ്ട്ര ചിത്രങ്ങളുടെ വിഭാഗത്തിൽ ഇത്തവണ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട പതിനഞ്ചിൽ പതിനാല് ചിത്രങ്ങളും കാണാൻ പറ്റിയിരുന്നു എന്നത് വളരെയധികം സന്തോഷം നൽകുന്നതാണ് (മിക്കതും ഇക്കഴിഞ്ഞ IFFK യിൽ ഇടം നേടിയിരുന്നവയാണ്) 

അവസാന നോമിനേഷൻ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്ന അഞ്ച് ചിത്രങ്ങളും രാഷ്ട്രീയ മാനുഷിക മൂല്യങ്ങൾ ഉയർത്തിപിടിക്കുന്നതും ശ്രദ്ധേയമായവയുമാണ്.   

1. ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ് (It Was Just an Accident) സംവിധാനം: ജാഫർ പനാഹി (ഫ്രാൻസ്)
ഇറാനിലെ രാഷ്ട്രീയ തടവുകാരെക്കുറിച്ചും അവരുടെ അതിജീവനത്തെക്കുറിച്ചുമുള്ള നെഞ്ചുപൊള്ളിക്കുന്ന കഥയാണിത്. അവിചാരിതമായി സംഭവിക്കുന്ന ഒരു അപകടത്തിലൂടെ പഴയ വേട്ടക്കാരനും ഇരയും (പിന്നീട് ഇരകളും) കണ്ടുമുട്ടുന്നതാണ് ഇതിന്റെ കഥാഗതി. മനുഷ്യ ജീവിതങ്ങളും നിയമവ്യവസ്ഥിതിയുമെല്ലാം ചർച്ച ചെയ്യപ്പെടുന്ന ഈ സിനിമ കാൻ ഫിലിം ഫെസ്റ്റിവലിലെ പാം ഡി ഓർ (Palme d'Or) നേടിയിരുന്നു. ഇറാനിലെ പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് സിനിമ ചെയ്യുന്ന പനാഹിയോടുള്ള ആദരസൂചകമായും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ മുൻനിർത്തിയും അക്കാദമി വോട്ടർമാർ ഈ ചിത്രത്തിന് മുൻഗണന നൽകാൻ സാധ്യതയുണ്ട്. മികച്ച ഒറിജിനൽ തിരക്കഥാ വിഭാഗത്തിലും ഇതിന് നോമിനേഷനുണ്ട്.

2. ദ സീക്രട്ട് ഏജന്റ് (The Secret Agent) സംവിധാനം: ക്ലെബർ മെൻഡോൺസ ഫിൽഹോ (ബ്രസീൽ)
1970-കളിലെ ബ്രസീലിലെ സൈനിക സ്വേച്ഛാധിപത്യകാലത്ത് നടക്കുന്ന ഒരു നിയോ-നോയർ പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ഈ സിനിമയുടെ കരുത്ത് വാഗ്നർ മൗറയുടെ അവിസ്മരണീയമായ അഭിനയം കൂടിയാണ്. അധികാരികളിൽ നിന്നും ഒളിവിൽ കഴിയേണ്ടിവരുന്ന ഒരു ഗവേഷകൻ നേരിടുന്ന ഭീതിയും ഒറ്റപെടലുമാണ് സിനിമയുടെ കാതൽ. കാൻ ഫെസ്റ്റിവലിൽ മികച്ച സംവിധായകൻ, മികച്ച നടൻ ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ നേടുകയും ഓസ്കാറിൽ മികച്ച ചിത്രം (Best Picture), മികച്ച നടൻ തുടങ്ങിയ 4 പ്രധാന വിഭാഗങ്ങളിൽ നോമിനേഷനും നേടി മത്സരിക്കുന്ന ഈ സിനിമ വിഷ്വൽ സ്റ്റൈലും രാഷ്ട്രീയവും ഒരേപോലെ ഇഷ്ടപ്പെടുന്ന വോട്ടർമാരെ സ്വാധീനിച്ചേക്കാം.

3. സെന്റിമെന്റൽ വാല്യൂ (Sentimental Value) സംവിധാനം: ജോക്കിം ട്രയർ (നോർവേ)
തകർന്ന ഒരു കുടുംബബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രം, തന്റെ പ്രൊഫെഷനിൽ പരാജയം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സംവിധായകനും അദ്ദേഹത്തിന്റെ പെൺ മക്കളും തമ്മിലുള്ള വൈകാരിക ബന്ധത്തിലൂടെയാണ് വികസിക്കുന്നത്. മരണപ്പെട്ട് പോയ അമ്മയുടെ ഓർമ്മകളും അവശേഷിച്ച വസ്തുക്കളും രണ്ട് സഹോദരിമാരുടെ ജീവിതത്തിൽ വരുത്തുന്ന വൈകാരികമായ മാറ്റങ്ങളും അതിൽ അറിഞ്ഞോ അറിയാതെയോ ഇടപെടുന്ന പിതാവുമായുള്ള ബന്ധത്തിന്റെ സങ്കീർണതയും സിനിമ എന്ന മാധ്യമത്തോടുള്ള അഭിനിവേശവുമൊക്കെ വളരെ വൈകാരികമായി ഇതിൽ ആവിഷ്കരിച്ചിരിക്കുന്നു. ഇത്തവണത്തെ അക്കാദമി നോമിനേഷൻ പട്ടികയിൽ 9 നോമിനേഷനുകളുമായി ഏറ്റവും മുന്നിൽ നിൽക്കുന്ന ചിത്രമാണിത്. മികച്ച സംവിധായകൻ, മികച്ച നടി (റെനേറ്റ് റെയിൻസ്‌വെ) തുടങ്ങിയ വിഭാഗങ്ങളിൽ നോമിനേഷൻ ഉള്ളതിനാൽ, അന്താരാഷ്ട്ര വിഭാഗത്തിൽ ഈ ചിത്രം വിജയിക്കാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നു. 'The Worst Person in the World' ലൂടെ ട്രയർ നേടിയ ജനപ്രീതിയും ഇതിന് ഗുണകരമായേക്കും 

4. സിറാത്ത് (Sirāt) സംവിധാനം: ഒലിവർ ലാക്സെ (സ്പെയിൻ)
മൊറോക്കോയിലെ പർവ്വതനിരകളിലൂടെ കാണാതായ മകളെ തേടി ഒരു പിതാവ് മകനോടൊപ്പം നടത്തുന്ന അന്വേഷണ യാത്ര ഒരു ആത്മീയ യാത്രയായി രൂപാന്തരീകരണം പ്രാപിക്കുന്നതാണ് ഇതിവൃത്തം. മൊറോക്കോയിലെ റേവ് പാർട്ടി (Rave Party ) സംസ്കാരവും സഹാറ മരുഭൂമിയുടെ വന്യതയും സിനിമയ്ക്ക് ഒരു പ്രത്യേക ദൃശ്യഭാഷ നൽകുന്നു. ആത്മീയതയും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ ചൂഴ്‌ന്നെടുക്കുന്നതും 
ദൃശ്യഭംഗി കൊണ്ടും ശബ്ദവിന്യാസം കൊണ്ടും വിസ്മയിപ്പിക്കുന്നതുമായ ഈ പരീക്ഷണ ചിത്രം മികച്ച അന്താരാഷ്ട്ര ചിത്രം എന്നതിലുപരി മികച്ച സൗണ്ട് (Best Sound) വിഭാഗത്തിലും നോമിനേഷൻ നേടി ഓസ്കാറിൽ മത്സരിക്കുകയാണ്.

5. ദ വോയ്‌സ് ഓഫ് ഹിന്ദ് റജബ് (The Voice of Hind Rajab) സംവിധാനം: കൗതർ ബെൻ ഹനിയ (ടുണീഷ്യ)
പലസ്തീനിലെ ഗസ്സയിൽ ഇസ്രായേൽ പട്ടാള അക്രമത്തിൽ ഒരു വാഹനത്തിൽ പെട്ട് പോകുന്ന ഹിന്ദ് റജബ് എന്ന കൊച്ചുപെൺകുട്ടിയുടെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച ഡോക്യു-ഡ്രാമയാണിത്. ആറ് വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടിയെ രക്ഷിക്കുന്നതിനായി റെഡ് ക്രസന്റ് സന്നദ്ധ പ്രവർത്തകരുടെ ക്യാമ്പ് ഓഫീസിൽ ലഭിക്കുന്ന സന്ദേശത്തിൽ തുടങ്ങുന്ന ഈ സിനിമയിലൂടെ അധിനിവേശത്തിന്റെ ഭീകരതയെയും നിസ്സഹായരായ മനുഷ്യരുടെ ശബ്ദത്തെയും ലോകത്തിന് മുന്നിലെത്തിക്കാൻ സംവിധായിക ശ്രമിക്കുന്നു. ഹിന്ദ് റജബ് സന്നദ്ധ പ്രവർത്തകരുമായി നടത്തിയ യാഥാർത്ഥ ശബ്ദ സന്ദേശങ്ങൾ സിനിമയിൽ ഉപയോഗിച്ചിട്ടുള്ളതിനാൽ തന്നെ സഹായത്തിനായി കാത്ത് നിന്ന ആ കൊച്ചു പെൺകുട്ടിയുടെ അവസാന മണിക്കൂറുകളുടെ ആവിഷ്കാരം നെഞ്ച് പൊള്ളിക്കും. വെനീസ് ഫിലിം ഫെസ്റ്റിവലിലെ ഗ്രാൻഡ് ജൂറി പുരസ്കാരം നേടിയ ചിത്രം സമകാലിക യുദ്ധ രാഷ്ട്രീയ സാഹചര്യത്തിൽ ലോകമെമ്പാടും വലിയ ചർച്ചകൾക്ക് സാധ്യത തുറക്കുന്നതും മാനുഷികമായ ഒരു വലിയ ദുരന്തത്തെ സിനിമയിലൂടെ ലോകത്തിന് മുന്നിലെത്തിക്കുന്നതിനാലും നല്ലൊരു വിഭാഗം വോട്ടർമാരുടെ പിന്തുണ ലഭിക്കാനുള്ള സാധ്യതയുണ്ട്. 

സിനിമകളുടെ കരുത്തും സത്യസന്ധതയും വിലയിരുത്തിയാൽ ഈ അഞ്ചു ചിത്രങ്ങളും അവാർഡിന് അർഹമാണ്, അത് കൊണ്ട് തന്നെ ഈ വർഷത്തെ ഓസ്കാർ അന്താരാഷ്ട്ര വിഭാഗം തികച്ചും പ്രവചനാതീതമാണ്. നോമിനേഷനുകളുടെ എണ്ണം വെച്ച് നോക്കുമ്പോൾ 'സെന്റിമെന്റൽ വാല്യൂ' വും, രാഷ്ട്രീയ പ്രാധാന്യം വെച്ച് നോക്കുമ്പോൾ 'ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്' ഉം തമ്മിലാകും പ്രധാന മത്സരമെന്ന് തോന്നുന്നു.; എങ്കിലും എന്റെ വ്യക്തിപരമായ തെരഞ്ഞെടുപ്പ് ‘സിറാത്ത്’ അല്ലങ്കിൽ ‘ദ വോയ്‌സ് ഓഫ് ഹിന്ദ് റജബ്’ എന്നാണ്. 

നിങ്ങളുടെ അഭിപ്രായത്തിൽ ഇതിൽ ഏത് ചിത്രമാകും ഇത്തവണത്തെ അന്താരാഷ്‌ട്ര സിനിമയ്ക്കുള്ള ഓസ്കാർ നേടുക?

(പോസ്റ്റർ gemini നിർമ്മിതം)
Template Designed by Douglas Bowman - Updated to New Blogger by: Blogger Team
Modified for 3-Column Layout by Hoctro