3.1.14

The Patience Stone (2012) - ദ പേഷൻസ് സ്റ്റോണ്‍


അഫ്ഗാനിസ്ഥാനിന്റേത്  എന്ന്  കരുതാവുന്ന യുദ്ധസമാനവും വരണ്ടതുമായ ഭൂപ്രകൃതിയുടെ പശ്ചാത്തലത്തിൽ നിശ്ചയ ദാർഢ്യമുള്ള ഒരു സ്ത്രീയുടെ സഹനത്തിന്റെയും, ക്ഷമയുടെയും ധൈര്യത്തിന്റെയും ലൈംഗിക മോഹങ്ങളുടെ യുമെല്ലാം കഥ ഒതുക്കത്തിലവതരിപ്പിക്കുന്നു എഴുത്തുകാരനും സംവിധായകനുമായ ആത്വിക് റഹീമി  'പേഷൻസ്  സ്റ്റോണ്‍' എന്ന ചിത്രത്തിൽ.  അഫ്ഗാനിസ്ഥാൻ എന്ന് എവിടെയും പറയുന്നില്ല , എന്തിന് പ്രധാന കഥാപാത്രങ്ങൾക്ക്  പോലും പേരില്ല; സമാനമായ ഏത് പശ്ചാത്തലത്തിലേക്കും പറിച്ച്നടാൻ പാകത്തിൽ കഥയും കഥാ പാത്രങ്ങളെയും രൂപപെടുത്തിയിരിക്കുന്നതാണ് ഈ സിനിമയെ ശ്രദ്ധേയമാക്കുന്നത് .

പേർഷ്യൻ  നാടോടികഥകളിലെവിടെയോ ഉള്ള 'സഹനത്തിന്റെ , ആത്മശുദ്ധീകരണത്തിന്റെ  കറുത്ത കല്ലി' നെ കുറിച്ചുള്ള മിത്ത് വിമത യുദ്ധത്തിനിടയിൽ കഴുത്തിൽ വെടിയേറ്റ് ഒരിക്കലും ഉണരാത്ത വിധം അബോധാവസ്ഥ യിലായിപ്പോയ ഭർത്താവിനെ ഏത് വിധത്തിലും ഉണർത്തികൊണ്ട് വരാൻ പ്രയത്നിക്കുന്ന ഭാര്യയുടെ കാഴ്ചപാടിൽ പ്രതീകാത്മകമായി അവതരിപ്പിക്കുകയാണിതിൽ.  എന്നെങ്കിലും ഒരിക്കൽ പൊട്ടിത്തെറിക്കുമെന്ന പ്രതീക്ഷയിൽ, കുമ്പസാരം പോലെ തന്റെ പൂർവ്വകാല രഹസ്യങ്ങൾ -വിവാഹത്തിനു മുന്പും ശേഷവുമുള്ള  - അടിച്ചമർത്തപ്പെട്ട വികാരങ്ങൾ ലൈംഗിക തൃഷ്ണ, ചൂഷണം..എല്ലാമെല്ലാം ഒന്നൊന്നായി അബോധാവസ്ഥയിലുള്ള ഭർത്താവിനെ കേൾപ്പിക്കുകയാണിതിലെ നായിക. കൂടുതലും ആത്മഭാഷണത്തിൽ  അധിഷ്ഠിതമെങ്കിലും വർത്തമാനകാല ജീവിതത്തിലെ രംഗങ്ങൾ കൂട്ടി കലർത്തി അവതരിപ്പിച്ചതിലൂടെ നാടകീയ രംഗങ്ങളുടെ ആവർത്തനം പോലും കാഴ്ചയ്ക്ക് വിരസമാകുന്നില്ല .


പേർഷ്യൻ  പെണ്‍കൊടികൾ അനുഭവിക്കുന്ന ലൈംഗിക ചൂഷണവും ദാരിദ്ര്യവും , ബാലികാ വിവാഹം, ഭർതൃഗൃഹ പീഡനം , വന്ധ്യത, പുരുഷമേൽക്കോയ്മ  തുടങ്ങിയവയും  ഇതെല്ലാം അവരുടെ തുടർ ജീവിതത്തിലുണ്ടാക്കുന്ന സ്വാധീനവുമൊക്കെ ചർച്ച ചെയ്യപെടുന്നുണ്ട്  ഈ ചിത്രത്തിൽ. ഇച്ഛാഭംഗത്തിനടിപെട്ട് ഒരുവേള അവൾ പുശ്ചിക്കുന്നു  "കിടക്കറയിൽ സ്നേഹം പടർത്താനറിയാത്ത ബലഹീനന്റെ ധീരതയാണ്  യുദ്ധം  "
നിർഭയത്വം ജ്വലിപ്പിക്കുമ്പോഴും  നിസ്സഹായതയുടെയും വൈകാരികതയുടെയും മുഹൂർത്തങ്ങളിലൂടെ , സ്ത്രീസഹജ നിരാശയിലൂടെ, സ്ത്രൈണ - മാതൃ വാത്സല്യ ഭാവത്തിലൂടെ , രതിമോഹങ്ങളിലൂടെ , പ്രതീക്ഷകളിലൂടെ കടന്ന് പോകുന്ന നായിക കഥാപാത്രമാണീ  സിനിമയുടെ കാതൽ . ഗോൾഷിഫെത്ത് ഫർഹാനി യുടെ ( ഇറാനിയൻ നടി; 'എബൗട്ട് എല്ലി' എന്ന അസ്ഹർ  ഫർഹാദി  ചിത്രത്തിലെ പ്രധാന കഥാപത്രത്തിലൂടെ പ്രസിദ്ധ ) അസാമാന്യ അഭിനയ വൈഭവത്തിൽ അനായാസം കൈകാര്യം ചെയ്തിരിക്കുന്നത്  സ്ത്രീപക്ഷ പ്രാധാന്യമുള്ള ഈ സിനിമയെ കൂടുതൽ ഉയരത്തിലെത്തിക്കുന്നു. 

അവസാനഭാഗത്തെ  അതി വൈകാരിക രംഗങ്ങൾ ഉൾപ്പെടെ ഏകാംഗനാടക രൂപത്തിലേക്ക് പോയേക്കാവുന്ന സന്ദർഭങ്ങളിലൊക്കെ  സംവിധായകന്റെ ബോധപൂർവ്വമായ   ഇടപെടൽ വ്യക്തമായി കാണാം. യുദ്ധകെടുതിയിൽ തകർന്നുകൊണ്ടിരിക്കുന്ന പട്ടണത്തിന്റെ ജീർണ്ണാവസ്ഥയുടെ പശ്ചാത്തലത്തിൽ ഇടതടവില്ലാതെ ഉയരുന്ന വെടിയൊച്ചകൾ , അധിനിവേശത്തിന്റെ നടുക്കുന്ന പുലർകാല കാഴ്ചകൾ , കുടുംബനഷ്ടത്തിന്റെ ആഘാതത്തിൽ   ഉന്മാദാവസ്ഥയിലേക്ക് വീണുപോകുന്ന സ്ത്രീജന്മം , ശരീരവില്പനയിലൂടെ വ്യവസ്ഥിതിയെ തന്നെ ചോദ്യം ചെയ്യാൻ നിർബന്ധിതരാവുന്ന സ്ത്രീകളും .. ഒരുപാട് ബിംബങ്ങളിലൂടെ ഒരു സമൂഹത്തിന്റെ പൊളിച്ചെഴുത്ത് നടത്തുകയാണ് തന്റെ തന്നെ നോവൽ ചലച്ചിത്രവൽക്കരിക്കുന്നതിലൂടെ ആത്വിക് റഹീമി.


 

The Patience Stone (2012

"Syngué sabour, pierre de patience" (original title)

Language: Persian
Country : Afghanistan, France
Director: Atiq Rahimi
Writers: Jean-Claude Carrière, Atiq Rahimi (novel)
Cast: Golshifteh Farahani, Hamid Djavadan, Hassina Burgan

ചിത്രങ്ങൾ  : ഇന്റർനെറ്റിൽ നിന്നും

12.12.09

വീണ്ടും ചലച്ചിത്രോത്സവതിരക്കുകളിലേക്ക് ..


ലോകസിനിമയുടെ നിഴലും വെളിചവും കലർന്ന സെല്ലുലോയ്ഡ്‌ ദൃശ്യങ്ങളിലേക്ക്‌ അനന്തപുരിയുടെ വാതിലുകൾ തുറന്നിട്ടുകഴിഞ്ഞു . 7000 ത്തിലധികംവരുന്ന ഡെലിഗേറ്റുകളുടെയും ലോകത്തിന്റെ നാനാഭാഗത്തു നിന്നുമെത്തിചേർന്ന സിനിമാപ്രവർത്തകരുടെയും പദചലനങ്ങളാവും ഇനിയുള്ള 7 ദിവസങ്ങളിൽ.സിനിമാവിസ്മയങ്ങളേക്കാളുപരി കാമ്പുള്ള സിനിമയെ സ്നേഹിക്കുന്നവരുടെ ഈ കൂട്ടായ്മ 14 വർഷം പിന്നിടുമ്പോൾ സംശയലേശമെന്യേ പറയാം, തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേള ലോകോത്തരനിലവാരം പുലർത്തുന്നുവെന്ന്. സംഘാടകരുടെ പാളിച്ചകൾ ചർച്ചചെയ്യപെടാറുണ്ടെങ്കിലും നല്ലസിനിമകളുടെ കുത്തൊഴുക്കുണ്ടങ്കിൽ പ്രേക്ഷകമനസ്സിൽ പിന്നെ മറ്റൊന്നിനും സ്ഥാനമില്ല.

ഇന്നലെ വൈകിട്ട്‌ നിശാഗന്ധി നിറഞ്ഞുകവിഞ്ഞ പ്രേക്ഷരെ സാക്ഷിനിർത്തി 14 ദീപങ്ങൾ തെളിയിച്ചു കൊണ്ട്‌ ഇത്തവണത്തെ സിനിമാപൂരത്തിനു തുടക്കമായി.ചലച്ചിത്ര അക്കാഡമിയുടെ നേതൃത്വത്തിലുള്ള ഈ മേളയുടെ പുതുമയായി പ്രിയ ചലചിത്രകാരൻ മൃണാൾസെന്‌ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം സമ്മാനിച്ചുകൊണ്ട്‌ തന്നെ തുടങ്ങാൻ കഴിഞ്ഞത്‌ എടുത്തുപറയേണ്ടതു തന്നെ. ഓസ്കാർ ജേതാവ്‌ റസൂൽ പൂക്കുട്ടി , ഷർമ്മിള ടാഗോർ, മധു, സിബി മലയിൽ തുടങ്ങിയ സിനിമാപ്രവർത്തകരും, കേന്ദ്ര മന്ത്രി ശശി തരൂർ, സംസ്ഥാന മന്ത്രിമാരായ എം.എ ബേബി, ബിനോയ്‌ വിശ്വം,ഫ്രഞ്ച്‌ അംബാസിഡർ, തിരുവനന്തപുരം മേയർ ജയൻ ബാബു തുടങ്ങിയവർ വേദിയിലും, അടൂർ ഗോപാലകൃഷ്ണൻ, തമിഴ്‌ സംവിധായകൻ ചേരൻ തുടങ്ങിയവരുൾപ്പെട്ട പ്രേക്ഷകരും ചേർന്ന ഉദ്ഘാടന ചടങ്ങിനു ശേഷം ബാംഗ്ലൂർ ആഷാങ്ക്‌ അവതരിപ്പിച്ച കലാവിരുന്നുമുണ്ടായി.
ഉദ്ഘാടന ചടങ്ങില്‍ നിന്നും ചില ചിത്രങ്ങള്‍
നിശാഗന്ധി നിറഞ്ഞുകവിഞ്ഞ പ്രേക്ഷകർ

14 ദീപങ്ങൾ തെളിയിച്ചുകൊണ്ട്‌ നടന്ന ഉദ്ഘാടന ചടങ്ങ്‌

മൃണാൾസെൻ, ഷർമ്മിള ടാഗോർ, മധു, റസൂൽ പൂക്കുട്ടി എന്നിവർ ചടങ്ങിൽ പ്രസംഗിക്കുന്നു


ടാഗോർ ചലചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങുന്ന മൃണാൾസെൻ

ഓസ്കാർ അവാർഡ്‌ ജേതാവ്‌ റസൂൽ പൂക്കുട്ടിയെ ആദരിക്കുന്നു

ഷർമ്മിള ടാഗോറിനെ ശശിതരൂർ പൊന്നാടയണിച്ച്‌ ആദരിക്കുന്നു

31.12.06

ഫയര്‍വര്‍ക്സ്‌ വെനസ്‌ഡേ

ഭാവിവരന്റെ ബൈക്കില്‍ , ഒരു ക്ലീനിംഗ്‌ ഏജന്‍സിയുമായി ബന്ധപ്പെട്ട്‌ , നഗരത്തിലേക്ക് വീട്ട്ജോലിക്കായി പോകുന്ന റൗഹി യെന്ന പെണ്‍കുട്ടിയില്‍ നിന്നാണ്‌ അസ്‌ഹര്‍ ഫര്‍ഹാദിയുടെ ഇറാനിയന്‍ ചിത്രം 'ഫയര്‍വര്‍ക്സ്‌ വെനെസ്‌ഡേ' യുടെ തുടക്കം. അവള്‍ എത്തിപ്പെടുന്ന തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയുള്ള വീട്ടിലെ ദാമ്പത്യപൊരുത്തക്കേടുകളിലൂടെ ചിത്രം വികാസം പ്രാപിക്കുന്നു.

തലേന്ന് ഭാര്യയുമായി വഴക്കടിച്ച്‌,ജനാലചില്ലു പൊട്ടിച്ചതിന്റെ ഫലമായി കൈയ്യില്‍ ബാന്‍ഡേജ്‌ മായി കഴിയുന്ന കുടുംബനാഥന്‍ മോര്‍ട്ട്‌സെ, ഒപ്പം ഇയാള്‍ക്ക്‌ അടുത്ത ഫ്ലാറ്റിലെ സുന്ദരിയായ ബ്യൂട്ടീഷനുമായി അവിഹിതബന്ധം സംശയിക്കുന്ന ഭാര്യ മൊജാദ്‌. സംശയങ്ങളും ഒളിപ്പിച്ച്‌ വെച്ച വികാരങ്ങളും വിശ്വാസമില്ലായ്മയില്‍ നിന്നുടലെടുക്കുന്ന ഭയവുമൊക്കെ വ്യക്തമാക്കുന്ന ആധുനിക ഇറാനിയന്‍ കുടുംബബന്ധങ്ങളിലെ സ്വരച്ചേര്‍ച്ചയില്ലായ്മ, വിവാഹബന്ധത്തിന്റെ പവിത്രതയെക്കുറിച്ച്‌ മാത്രം സ്വപ്നം കണ്ട്‌ കഴിയുന്ന നാട്ടിന്‍പുറത്ത്‌കാരി റൗഹിയില്‍ ഉണ്ടാക്കുന്ന ആശങ്കകളും വിഹ്വലതകളുമാണ്‌ ചിത്രം ചര്‍ച്ചചെയ്യുന്നത്‌.

റൗഹി വരുന്നതിനു മുന്‍പും പിന്‍പും മൊജാദ്‌ കൂടുതല്‍ സമയവും ചിലവിടുന്നത്‌ ബാത്ത്‌ റൂമിന്റെ ചുവരില്‍ കാതോര്‍ത്ത്‌ ബ്യൂട്ടിഷന്റെ വീട്ടിലെ രഹസ്യങ്ങളിലേക്കാണ്‌.റൗഹിയെ പുരികം ശരിയാക്കാനെന്ന് വ്യാജേന രഹസ്യം ചോര്‍ത്താനായി അവരുടെ പാര്‍ലറിലേക്ക്‌ അയയ്ക്കുന്നുമുണ്ടീ സംശയാലുവായ വീട്ടുകാരി. ഏതാണ്ട്‌ ബന്ധം വേര്‍പെടലിന്റെ വക്കത്തെത്തിനില്‍ക്കുന്ന ഈ കുടുംബം റൗഹിയുടെ ചില ബുദ്ധിപരമായ ഉത്തരങ്ങളിലൂടെ തല്‍ക്കാലത്തേക്കെങ്കിലും സമരസപ്പെടുന്നു.

ഇറാനിയന്‍ ന്യൂ ഇയര്‍ ആഘോഷമായ ഷഹര്‍ ഷന്‍സെ സൂരി (ബുധനാഴ്ചയിലെ കരിമരുന്ന് പ്രയോഗം)യുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഫര്‍ഹാദി, അവസാന ചില രംഗങ്ങളില്‍ കഥാപാത്രങ്ങളെയും സംഭവങ്ങളെയും പശ്ചാത്തലവുമായി കൂട്ടിയിണക്കുന്നു.റൗഹിയെ നേരം വൈകിയതിനാല്‍ ഗ്രാമത്തിലേക്ക്‌ തിരികെയെത്തിക്കാനും, അതിനു മുന്‍പ്‌ മകനെ കരിമരുന്ന്പ്രയോഗം കാണിക്കാന്‍ പാര്‍ക്കിലേക്കും കൊണ്ട്‌പോകുന്നതോടെ മോര്‍ട്ട്‌സെയുടെ ഒളിച്ച്‌ വെച്ച വികാരങ്ങളിലേക്കും വിചാരങ്ങളിലേക്കും നാമെത്തുന്നു.

ഒരിക്കലും ചിന്തിച്ചിട്ടുപോലുമില്ലാത്ത വിവാഹജീവിതത്തിന്റെ കടുത്ത യാഥാര്‍ത്ഥ്യത്തിലേക്കും, ഒപ്പം ആശങ്കകളിലേക്കും റൗഹിയെ തള്ളിവിടുന്ന ചില സംഭവങ്ങളാണ്‌ പിന്നീട്‌. പക്ഷേ അയാള്‍ ഒരിക്കലും ഈ ജോലിക്കാരിയോട്‌ മോശമായി പെരുമാറുന്നുമില്ല, മാത്രമല്ല, അവളെ സുരക്ഷിതമായി ഗ്രാമാതിര്‍ത്തിയില്‍ കാത്തുനില്‍ക്കുന്ന ഭാവിവരന്റെയരുകിലെത്തിക്കുകയും ചെയ്യുന്നു.

ഇന്നെത്തെ ആധുനിക ടെഹ്‌റാനിലെ സ്ത്രീ-പുരുഷ ബന്ധത്തിന്റെ സംഘര്‍ഷവും, കളങ്കമില്ലാത്ത നാട്ടിന്‍പുറത്ത്‌കാരിയില്‍ ഉടലെടുക്കുന്ന ആശങ്കകളും ചര്‍ച്ചചെയ്യുന്നതിനൊപ്പം വ്യത്യസ്ഥമായ പശ്ചാത്തലമൊരുക്കുന്നതിലൂടെ യുദ്ധത്തിനേക്കാള്‍ കുഴപ്പമാര്‍ന്ന ദൈനംദിന അക്രമങ്ങളിലേക്കും വിരല്‍ചൂണ്ടുവാന്‍ സംവിധായകന്‍ ശ്രമിച്ച്‌കാണുന്നു. ഇതിന്‌ സഹായകമാകുന്നതാണ്‌ ഹുസൈന്‍ ജാഫ്രിയന്റെ ചടുലമാര്‍ന്ന ഛായാഗ്രഹണം. ശരാശരി ഇറാനിയന്‍ സിനിമകളില്‍ നിന്നും വ്യത്യസ്ഥമായി മെലോഡ്രാമയിലേക്ക്‌ ഏതു സമയത്തും നയിക്കപെടാമെന്ന് തോന്നിപ്പിക്കുംവിധം കഥ പറയാന്‍ ശ്രമിച്ചിരിക്കുന്ന ശൈലി ശ്രദ്ധേയമായി തോന്നി.
Template Designed by Douglas Bowman - Updated to New Blogger by: Blogger Team
Modified for 3-Column Layout by Hoctro