19.6.26

കൊച്ചി ഫിലിം സിറ്റിയും IFFK-യും: ചലച്ചിത്രമേള തലസ്ഥാനം വിടുമ്പോൾ നഷ്ടപ്പെടുന്നത് എന്താണ്?

കൊച്ചിയിൽ പുതിയതായി 'ജെ.സി. ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി' സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപനവും, അതിനോടൊപ്പം കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (IFFK) സ്ഥിരം വേദിക്കുള്ള സംവിധാനം അവിടെ ഒരുക്കുമെന്നുള്ളതും IFFK പ്രേമികൾക്കിടയിലെങ്കിലും കാര്യമായ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ഒറ്റനോട്ടത്തിൽ വികസനപരമായി ഇത് നല്ലൊരു കാര്യമായി തോന്നാമെങ്കിലും, സാങ്കേതികവും സാംസ്കാരികവുമായ യാഥാർത്ഥ്യങ്ങൾ പരിശോധിക്കുമ്പോൾ IFFK തിരുവനന്തപുരത്ത് നിന്ന് മാറ്റുന്നത് മേളയുടെ നിലനിൽപ്പിനെത്തന്നെ ബാധിച്ചേക്കാവുന്നതാണ് എന്ന് മനസ്സിലാക്കാവുന്നതാണ്.

ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക പ്രശ്നം അന്താരാഷ്ട്ര തലത്തിലുള്ള അക്രഡിറ്റേഷൻ ആണ്. അന്താരാഷ്ട്ര ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഫെഡറേഷൻ (FIAPF) നൽകുന്ന പ്രത്യേക അംഗീകാരമുള്ള മേളയാണ് IFFK. കാൻ, ബെർലിൻ, ഗോവ മേളകൾ പോലെ ഒരു നിശ്ചിത നഗരത്തെ 'സ്ഥിരം വേദി'യായി (Permanent Venue) നിശ്ചയിച്ചാണ് ഈ അന്താരാഷ്ട്ര അംഗീകാരം നൽകുന്നത്. പെട്ടെന്നൊരു ദിവസം സ്ഥിരം വേദി തിരുവനന്തപുരത്ത് നിന്നും മറ്റൊരു നഗരത്തിലേക്ക് മാറ്റുന്നത് IFFK-യുടെ ഈ രാജ്യാന്തര അക്രഡിറ്റേഷൻ തന്നെ ഇല്ലാതാക്കാൻ കാരണമായേക്കാം. (ഇന്ത്യയിൽ നിലവിൽ ഗോവ, തിരുവനന്തപുരം, ബംഗളൂരു, കൽക്കത്ത എന്നീ 4 മേളകൾക്ക് മാത്രമാണ് FIAPF അക്രഡിറ്റേഷൻ ഉള്ളത്)

ഫിലിം സിറ്റികളിൽ ചലച്ചിത്രമേളകൾ നടക്കാറുണ്ടോ? ഇന്ത്യയിലെയും ലോകത്തിലെവിടെയുമുള്ള പ്രമുഖമായ ഒരു രാജ്യാന്തര ചലച്ചിത്രമേളയും നഗരത്തിന് പുറത്തുള്ള ഒരു 'ഫിലിം സിറ്റി'ക്കുള്ളിൽ മാത്രമായി സംഘടിപ്പിക്കപ്പെടുന്നില്ല എന്നതാണ് മനസ്സിലായിട്ടുള്ളത് (തെറ്റെങ്കിൽ തിരുത്താം) ഉദാ:

IFFI - ഗോവ: ഇന്ത്യയിലെ ഏറ്റവും വലിയ എ-ഗ്രേഡ് മേളയായ IFFI നടക്കുന്നത് ഗോവയിലെ ഏതെങ്കിലും വലിയ സ്റ്റുഡിയോയിലല്ല. പനജി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഐനോക്സ് മൾട്ടിപ്ലെക്സ്, കലാ അക്കാദമി എന്നിവടങ്ങളിലാണ്; നഗരമധ്യത്തിലെ മന്ദോവി നദിക്കരയും കഫേകളും മറ്റുമുൾപ്പെടെയാണ് 
ഈ മേളയുടെ ജീവൻ.

MAMI - മുംബൈ: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഫിലിം സിറ്റിയായ 'ഗോരേഗാവ് ഫിലിം സിറ്റി' ഉള്ള നഗരമാണ് മുംബൈ. എന്നാൽ മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഒരിക്കലും ഈ ഫിലിം സിറ്റിക്കുള്ളിൽ നടത്താറില്ല. മറിച്ച് മുംബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മൾട്ടിപ്ലെക്സുകൾ കേന്ദ്രീകരിച്ചാണ് നടക്കുന്നത്.

ലോകപ്രശസ്തമായ കാൻ (Cannes) മേള ഫ്രാൻസിലെ കടലോര നഗരത്തിന്റെ ഹൃദയഭാഗത്തുള്ള 'പാലെ ദെ ഫെസ്റ്റിവൽ' എന്ന ഹബ്ബിലും, ബെർലിൻ മേള ബെർലിൻ നഗരമധ്യത്തിലുമാണ് നടക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ സ്റ്റുഡിയോ കോംപ്ലക്സുകളിലൊന്നായ ഹൈദരാബാദിലെ 'രാമോജി ഫിലിം സിറ്റി'യിൽ പോലും ഒരു അന്താരാഷ്ട്ര ചലച്ചിത്രമേള സ്ഥിരമായി നടത്താത്തത് ശ്രദ്ധിക്കുക. ഫിലിം സിറ്റികൾ നിർമ്മിക്കുന്നത് സിനിമ ഷൂട്ട് ചെയ്യാനാണ്, അത് ജനങ്ങൾക്ക് വന്ന് കൂടാനോ കാണാനോ ഉള്ള പൊതു ഇടമല്ല തന്നെ.

ഒരു ഫിലിം സിറ്റിയുടെ പ്രാഥമിക ലക്ഷ്യം സിനിമയുടെ ഷൂട്ടിംഗും നിർമ്മാണവുമാണ്. അവിടെ ശബ്ദവും വെളിച്ചവും നിയന്ത്രിക്കാനും, പൊതുജനങ്ങളെ അകറ്റി നിർത്താനുമാണ് സ്റ്റുഡിയോകളും നിർമ്മാണ പ്രവർത്തകരും പരമാവധി ശ്രമിക്കാറുള്ളത്. എന്നാൽ ഒരു ചലച്ചിത്രമേളയ്ക്ക് വേണ്ടത് ഇതിന്റെ നേരെ വിപരീതമാണ്—അവിടെ ജനകീയ പങ്കാളിത്തവും, തുറന്ന സാംസ്കാരിക ഇടപഴകലുകളുമാണ് പ്രധാനം. ഫിലിം സിറ്റി എന്ന 'നിശ്ശബ്ദ മേഖല'യും ചലച്ചിത്രമേളയുടെ 'ഊർജ്ജവും' തമ്മിലുള്ള അന്തരം കൃത്യമായി മനസ്സിലാക്കാതെയുള്ളതാണ് ഈ ബജറ്റ് പരാമർശം. 

സ്ഥലപരിമിതി കൊണ്ട് വീർപ്പുമുട്ടുന്ന കേരളത്തിലെ ഏതൊരു നഗരത്തിലും ഫിലിം സിറ്റി എന്ന ആശയം നടപ്പാക്കണമെങ്കിൽ നഗരത്തിന് പുറത്തേക്ക് തന്നെ പോകേണ്ടി വരും. ചിത്രാഞ്ജലി തന്നെ ഉദാഹരണം; അവിടെ ഒരു ഫെസ്റ്റിവൽ കോംപ്ലക്സ് നിർമ്മിക്കാനുള്ള നിർദ്ദേശം നിരവധി കമ്മിറ്റികളും മറ്റും മുന്നോട്ട് വെച്ചപ്പോഴും ഡെലിഗേറ്റുകളുടെ, ഫെസ്റ്റിവലിനെ സ്നേഹിക്കുന്ന ചലച്ചിത്ര പ്രവർത്തകരുടെ ഒക്കെ എതിർപ്പ് മൂലം നടപ്പാക്കാൻ കഴിയാതിരുന്നത് ഓർക്കുക.

നഗരത്തിന് പുറത്ത് നിർമ്മിക്കുന്ന ഒരു ഫിലിം സിറ്റിയിലേ തീയറ്ററുകളിലേക്ക് മാറ്റിയാൽ, നിലവിലെ IFFK വേളയിൽ കാണുന്ന ജനകീയമായ 'മേളപ്പെരുമ' അവിടെ ഉണ്ടാകില്ലന്നത് ഉറപ്പാണ്. സിനിമ കഴിഞ്ഞിറങ്ങുന്ന പ്രതിനിധികൾക്ക് സംവദിക്കാനോ ഒത്തുകൂടാനോ ഇടമില്ലാത്ത, അടുത്ത സിനിമയ്ക്കായി വിജനമാകുന്ന ഒരു കൃത്രിമ ഇടമായി മേള ചുരുങ്ങിപ്പോകുമെന്ന് ഭയക്കുന്നു.

കഴിഞ്ഞ 30 പതിറ്റാണ്ടുകളായി അന്താരാഷ്ട്ര ചലച്ചിത്ര ഭൂപടത്തിൽ തിരുവനന്തപുരം എന്ന നഗരവും IFFK-യും പരസ്പരമായി ചേർത്തുവെക്കപ്പെട്ട ബ്രാൻഡുകളാണ്. കേരളത്തിലെ സാധാരണക്കാരായ സിനിമാപ്രേമികളുടെയും ഡെലിഗേറ്റുകളുടെയും സാംസ്കാരികമായ പക്വതയാണ് ഈ മേളയെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ' ജനപങ്കാളിത്തമുള്ള മേള' (People-centered festival) ആക്കി മാറ്റിയത്. നഗരത്തിന്റെ ജനത നെഞ്ചേറ്റിയ ഒരു സാംസ്കാരിക പൈതൃകത്തെ പെട്ടെന്ന് വേരോടെ പിഴുതെറിയുന്നത് തിരുവനന്തപുരം എന്ന ബ്രാൻഡഡ് മേളയ്ക്ക് വലിയ തിരിച്ചടിയാകും. നഗരത്തിലെ ഓട്ടോ റിക്ഷകൾ മുതൽ തട്ടുകടക്കാർ വരെ, ചെറുകിട ലോഡ്ജ് മുറികൾ മുതൽ ഡോർമിറ്ററികൾ വരെ ഡിസംബറിൽ IFFK യേ കാത്തിരിക്കുന്നത് മറ്റൊരു മേളയിലും കാണാനാവില്ല.

അപ്പോൾ എന്താണ് ശരിയായ ബദൽ? 
കൊച്ചിയിൽ സിനിമാ നിർമ്മാണത്തിനായി ഒരു മികച്ച ഫിലിം സിറ്റി വരുന്നത് സ്വാഗതാർഹമാണ്. എന്നാൽ IFFK-യ്ക്ക് വേണ്ടത് ഒരു 'ഷൂട്ടിംഗ് സ്റ്റുഡിയോ' യോ അതോടനുബന്ധിച്ചുള്ള തിയറ്ററുകളോ, ടൂർ പാക്കേജുകളോ അല്ല; മറിച്ച് നഗരഹൃദയത്തിൽ തന്നെയുള്ള ഒരു 'അർബൻ ഫെസ്റ്റിവൽ ഹബ്ബ്' (Urban Festival Hub) ആണ്. ടൊറന്റോയിലെ 'TIFF ലൈറ്റ്ബോക്സ്' ഒക്കെ പോലെ തിരുവനന്തപുരം നഗരത്തിന്റെ പൊതുഗതാഗത-ഹോട്ടൽ സൗകര്യങ്ങളോട് ചേർന്നുനിൽക്കുന്ന, ഒരൊറ്റ ക്യാമ്പസിനുള്ളിൽ തന്നെ കുറച്ച് തിയേറ്ററുകളും (ഒരു പ്രധാന തിയേറ്ററും 5-8 ചെറുകിട സ്ക്രീനുകളും) ഓപ്പൺ പ്ലാസകളും ഉള്ള ഒരു സ്ഥിരം വേദി തലസ്ഥാനത്ത് നിർമ്മിക്കുകയാണ് വേണ്ടത്. ഒപ്പം ഇപ്പോഴത്തെ പോലെ നഗരത്തിലെ സർക്കാർ - സ്വകാര്യ മേഖലയിലെ പ്രധാനപ്പെട്ട വലിയ സ്ക്രീനുകളും പ്രയോജനപ്പെടുത്തണം. ഡെലിഗേറ്റുകളുടെ അഭിപ്രായങ്ങൾ സ്വരുക്കൂട്ടുന്നതിനോ അവരുടെ അവകാശങ്ങൾ മാനിക്കുന്നതിനോ ഇതുവരെ ഒരു സംവിധാനവും ഇനിയും ഉണ്ടായിട്ടില്ലെന്ന് കൂടി പറയേണ്ടി വരുന്നത് ഖേദകരമാണ്.

സാങ്കേതിക സൗകര്യങ്ങളുടെ കൃത്യതയും നഗരത്തിന്റെ സാംസ്കാരിക ഊർജ്ജവും സർവ്വോപരി ഡെലിഗേറ്റുകളുടെ സംതൃപ്തിയും ഒത്തുചേരുന്നിടത്താണ് ചലച്ചിത്രമേളകൾ വിജയിക്കുന്നത്. അതുകൊണ്ട്, IFFK അതിന്റെ ആത്മാവ് നിലനിൽക്കുന്ന തിരുവനന്തപുരം നഗരത്തിൽ തന്നെ നിലനിർത്തിക്കൊണ്ട്, ഇവിടെയൊരു അന്താരാഷ്ട്ര നിലവാരമുള്ള സ്ഥിരം സാംസ്കാരിക സമുച്ചയം ഒരുക്കുകയാണ് ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ ചെയ്യേണ്ടത്. 

#IFFK #SaveIFFK #Thiruvananthapuram #KochiFilmCity #CinemaKerala #UrbanPlanning #CulturalHeritage #IFFI #MAMI #TIFF #FIAPF

14.3.26

98-ാമത് അക്കാദമി അവാർഡ് - മികച്ച അന്താരാഷ്ട്ര സിനിമകൾ





98-ാമത് അക്കാദമി അവാർഡുകൾ നാളെ (15 മാർച്ച് 2026) പ്രഖ്യാപിക്കപ്പെടുകയാണ്. മികച്ച അന്താരാഷ്ട്ര ചിത്രങ്ങളുടെ വിഭാഗത്തിൽ ഇത്തവണ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട പതിനഞ്ചിൽ പതിനാല് ചിത്രങ്ങളും കാണാൻ പറ്റിയിരുന്നു എന്നത് വളരെയധികം സന്തോഷം നൽകുന്നതാണ് (മിക്കതും ഇക്കഴിഞ്ഞ IFFK യിൽ ഇടം നേടിയിരുന്നവയാണ്) 

അവസാന നോമിനേഷൻ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്ന അഞ്ച് ചിത്രങ്ങളും രാഷ്ട്രീയ മാനുഷിക മൂല്യങ്ങൾ ഉയർത്തിപിടിക്കുന്നതും ശ്രദ്ധേയമായവയുമാണ്.   

1. ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ് (It Was Just an Accident) സംവിധാനം: ജാഫർ പനാഹി (ഫ്രാൻസ്)
ഇറാനിലെ രാഷ്ട്രീയ തടവുകാരെക്കുറിച്ചും അവരുടെ അതിജീവനത്തെക്കുറിച്ചുമുള്ള നെഞ്ചുപൊള്ളിക്കുന്ന കഥയാണിത്. അവിചാരിതമായി സംഭവിക്കുന്ന ഒരു അപകടത്തിലൂടെ പഴയ വേട്ടക്കാരനും ഇരയും (പിന്നീട് ഇരകളും) കണ്ടുമുട്ടുന്നതാണ് ഇതിന്റെ കഥാഗതി. മനുഷ്യ ജീവിതങ്ങളും നിയമവ്യവസ്ഥിതിയുമെല്ലാം ചർച്ച ചെയ്യപ്പെടുന്ന ഈ സിനിമ കാൻ ഫിലിം ഫെസ്റ്റിവലിലെ പാം ഡി ഓർ (Palme d'Or) നേടിയിരുന്നു. ഇറാനിലെ പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് സിനിമ ചെയ്യുന്ന പനാഹിയോടുള്ള ആദരസൂചകമായും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ മുൻനിർത്തിയും അക്കാദമി വോട്ടർമാർ ഈ ചിത്രത്തിന് മുൻഗണന നൽകാൻ സാധ്യതയുണ്ട്. മികച്ച ഒറിജിനൽ തിരക്കഥാ വിഭാഗത്തിലും ഇതിന് നോമിനേഷനുണ്ട്.

2. ദ സീക്രട്ട് ഏജന്റ് (The Secret Agent) സംവിധാനം: ക്ലെബർ മെൻഡോൺസ ഫിൽഹോ (ബ്രസീൽ)
1970-കളിലെ ബ്രസീലിലെ സൈനിക സ്വേച്ഛാധിപത്യകാലത്ത് നടക്കുന്ന ഒരു നിയോ-നോയർ പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ഈ സിനിമയുടെ കരുത്ത് വാഗ്നർ മൗറയുടെ അവിസ്മരണീയമായ അഭിനയം കൂടിയാണ്. അധികാരികളിൽ നിന്നും ഒളിവിൽ കഴിയേണ്ടിവരുന്ന ഒരു ഗവേഷകൻ നേരിടുന്ന ഭീതിയും ഒറ്റപെടലുമാണ് സിനിമയുടെ കാതൽ. കാൻ ഫെസ്റ്റിവലിൽ മികച്ച സംവിധായകൻ, മികച്ച നടൻ ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ നേടുകയും ഓസ്കാറിൽ മികച്ച ചിത്രം (Best Picture), മികച്ച നടൻ തുടങ്ങിയ 4 പ്രധാന വിഭാഗങ്ങളിൽ നോമിനേഷനും നേടി മത്സരിക്കുന്ന ഈ സിനിമ വിഷ്വൽ സ്റ്റൈലും രാഷ്ട്രീയവും ഒരേപോലെ ഇഷ്ടപ്പെടുന്ന വോട്ടർമാരെ സ്വാധീനിച്ചേക്കാം.

3. സെന്റിമെന്റൽ വാല്യൂ (Sentimental Value) സംവിധാനം: ജോക്കിം ട്രയർ (നോർവേ)
തകർന്ന ഒരു കുടുംബബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രം, തന്റെ പ്രൊഫെഷനിൽ പരാജയം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സംവിധായകനും അദ്ദേഹത്തിന്റെ പെൺ മക്കളും തമ്മിലുള്ള വൈകാരിക ബന്ധത്തിലൂടെയാണ് വികസിക്കുന്നത്. മരണപ്പെട്ട് പോയ അമ്മയുടെ ഓർമ്മകളും അവശേഷിച്ച വസ്തുക്കളും രണ്ട് സഹോദരിമാരുടെ ജീവിതത്തിൽ വരുത്തുന്ന വൈകാരികമായ മാറ്റങ്ങളും അതിൽ അറിഞ്ഞോ അറിയാതെയോ ഇടപെടുന്ന പിതാവുമായുള്ള ബന്ധത്തിന്റെ സങ്കീർണതയും സിനിമ എന്ന മാധ്യമത്തോടുള്ള അഭിനിവേശവുമൊക്കെ വളരെ വൈകാരികമായി ഇതിൽ ആവിഷ്കരിച്ചിരിക്കുന്നു. ഇത്തവണത്തെ അക്കാദമി നോമിനേഷൻ പട്ടികയിൽ 9 നോമിനേഷനുകളുമായി ഏറ്റവും മുന്നിൽ നിൽക്കുന്ന ചിത്രമാണിത്. മികച്ച സംവിധായകൻ, മികച്ച നടി (റെനേറ്റ് റെയിൻസ്‌വെ) തുടങ്ങിയ വിഭാഗങ്ങളിൽ നോമിനേഷൻ ഉള്ളതിനാൽ, അന്താരാഷ്ട്ര വിഭാഗത്തിൽ ഈ ചിത്രം വിജയിക്കാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നു. 'The Worst Person in the World' ലൂടെ ട്രയർ നേടിയ ജനപ്രീതിയും ഇതിന് ഗുണകരമായേക്കും 

4. സിറാത്ത് (Sirāt) സംവിധാനം: ഒലിവർ ലാക്സെ (സ്പെയിൻ)
മൊറോക്കോയിലെ പർവ്വതനിരകളിലൂടെ കാണാതായ മകളെ തേടി ഒരു പിതാവ് മകനോടൊപ്പം നടത്തുന്ന അന്വേഷണ യാത്ര ഒരു ആത്മീയ യാത്രയായി രൂപാന്തരീകരണം പ്രാപിക്കുന്നതാണ് ഇതിവൃത്തം. മൊറോക്കോയിലെ റേവ് പാർട്ടി (Rave Party ) സംസ്കാരവും സഹാറ മരുഭൂമിയുടെ വന്യതയും സിനിമയ്ക്ക് ഒരു പ്രത്യേക ദൃശ്യഭാഷ നൽകുന്നു. ആത്മീയതയും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ ചൂഴ്‌ന്നെടുക്കുന്നതും 
ദൃശ്യഭംഗി കൊണ്ടും ശബ്ദവിന്യാസം കൊണ്ടും വിസ്മയിപ്പിക്കുന്നതുമായ ഈ പരീക്ഷണ ചിത്രം മികച്ച അന്താരാഷ്ട്ര ചിത്രം എന്നതിലുപരി മികച്ച സൗണ്ട് (Best Sound) വിഭാഗത്തിലും നോമിനേഷൻ നേടി ഓസ്കാറിൽ മത്സരിക്കുകയാണ്.

5. ദ വോയ്‌സ് ഓഫ് ഹിന്ദ് റജബ് (The Voice of Hind Rajab) സംവിധാനം: കൗതർ ബെൻ ഹനിയ (ടുണീഷ്യ)
പലസ്തീനിലെ ഗസ്സയിൽ ഇസ്രായേൽ പട്ടാള അക്രമത്തിൽ ഒരു വാഹനത്തിൽ പെട്ട് പോകുന്ന ഹിന്ദ് റജബ് എന്ന കൊച്ചുപെൺകുട്ടിയുടെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച ഡോക്യു-ഡ്രാമയാണിത്. ആറ് വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടിയെ രക്ഷിക്കുന്നതിനായി റെഡ് ക്രസന്റ് സന്നദ്ധ പ്രവർത്തകരുടെ ക്യാമ്പ് ഓഫീസിൽ ലഭിക്കുന്ന സന്ദേശത്തിൽ തുടങ്ങുന്ന ഈ സിനിമയിലൂടെ അധിനിവേശത്തിന്റെ ഭീകരതയെയും നിസ്സഹായരായ മനുഷ്യരുടെ ശബ്ദത്തെയും ലോകത്തിന് മുന്നിലെത്തിക്കാൻ സംവിധായിക ശ്രമിക്കുന്നു. ഹിന്ദ് റജബ് സന്നദ്ധ പ്രവർത്തകരുമായി നടത്തിയ യാഥാർത്ഥ ശബ്ദ സന്ദേശങ്ങൾ സിനിമയിൽ ഉപയോഗിച്ചിട്ടുള്ളതിനാൽ തന്നെ സഹായത്തിനായി കാത്ത് നിന്ന ആ കൊച്ചു പെൺകുട്ടിയുടെ അവസാന മണിക്കൂറുകളുടെ ആവിഷ്കാരം നെഞ്ച് പൊള്ളിക്കും. വെനീസ് ഫിലിം ഫെസ്റ്റിവലിലെ ഗ്രാൻഡ് ജൂറി പുരസ്കാരം നേടിയ ചിത്രം സമകാലിക യുദ്ധ രാഷ്ട്രീയ സാഹചര്യത്തിൽ ലോകമെമ്പാടും വലിയ ചർച്ചകൾക്ക് സാധ്യത തുറക്കുന്നതും മാനുഷികമായ ഒരു വലിയ ദുരന്തത്തെ സിനിമയിലൂടെ ലോകത്തിന് മുന്നിലെത്തിക്കുന്നതിനാലും നല്ലൊരു വിഭാഗം വോട്ടർമാരുടെ പിന്തുണ ലഭിക്കാനുള്ള സാധ്യതയുണ്ട്. 

സിനിമകളുടെ കരുത്തും സത്യസന്ധതയും വിലയിരുത്തിയാൽ ഈ അഞ്ചു ചിത്രങ്ങളും അവാർഡിന് അർഹമാണ്, അത് കൊണ്ട് തന്നെ ഈ വർഷത്തെ ഓസ്കാർ അന്താരാഷ്ട്ര വിഭാഗം തികച്ചും പ്രവചനാതീതമാണ്. നോമിനേഷനുകളുടെ എണ്ണം വെച്ച് നോക്കുമ്പോൾ 'സെന്റിമെന്റൽ വാല്യൂ' വും, രാഷ്ട്രീയ പ്രാധാന്യം വെച്ച് നോക്കുമ്പോൾ 'ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്' ഉം തമ്മിലാകും പ്രധാന മത്സരമെന്ന് തോന്നുന്നു.; എങ്കിലും എന്റെ വ്യക്തിപരമായ തെരഞ്ഞെടുപ്പ് ‘സിറാത്ത്’ അല്ലങ്കിൽ ‘ദ വോയ്‌സ് ഓഫ് ഹിന്ദ് റജബ്’ എന്നാണ്. 

നിങ്ങളുടെ അഭിപ്രായത്തിൽ ഇതിൽ ഏത് ചിത്രമാകും ഇത്തവണത്തെ അന്താരാഷ്‌ട്ര സിനിമയ്ക്കുള്ള ഓസ്കാർ നേടുക?

(പോസ്റ്റർ gemini നിർമ്മിതം)

20.12.25

ബിഫോർ ദി ബോഡി (Before the Body / Antes del Cuerpo) 2025


ലൂസിയ ബ്രസെലിസ് (Lucía Bracelis), കരീന പിയാസ (Carina Piazza) എന്നിവർ ചേർന്ന് സംവിധാനം ചെയ്ത അർജന്റീനിയൻ ചിത്രം 'ബിഫോർ ദി ബോഡി' ഹൊറർ-ഫാന്റസി ഘടകങ്ങളെ റിയലിസ്റ്റിക് ആയൊരു കുടുംബ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന വ്യത്യസ്തമായൊരു സിനിമയാണ്.

അന (Ana) എന്ന നഴ്സാണ് കേന്ദ്ര കഥാപാത്രം. മരണാസന്നനായ ലൂയിസ് (Luis) എന്ന എഴുത്തുകാരനെ ശുശ്രൂഷിക്കുന്ന ജോലിയാണ് അവൾക്ക്. പ്രത്യേക സ്വഭാവക്കാരൻ ആണെങ്കിലും ലൂയിസുമായി അവൾക്ക് ആഴത്തിലുള്ള ഒരു ആത്മബന്ധമുണ്ട്. എന്നാൽ അനയുടെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി അവളുടെ ഇളയ മകൾ എലീനയാണ്. എലീനയ്ക്ക് അപൂർവ്വവും നിഗൂഢവുമായ ഒരു അസുഖമുണ്ട്, സാധാരണ മരുന്നോ ഭക്ഷണമോ കൊണ്ട് മാറുന്നതല്ല അത്. മകളുടെ ജീവൻ നിലനിർത്താൻ അനയ്ക്ക് ധാർമ്മികതയുടെ അതിരുകൾ ലംഘിക്കേണ്ടി വരുന്നു. മകളുടെ വിശപ്പടക്കാൻ അവൾ നടത്തുന്ന ഞെട്ടിക്കുന്ന നീക്കങ്ങളും അതിലൂടെ ആ കുടുംബം നേരിടുന്ന പ്രതിസന്ധികളുമാണ് സിനിമയുടെ ഇതിവൃത്തം.

പരമ്പരാഗത വാമ്പയർ സിനിമകളിൽ നിന്ന് വ്യത്യസ്തമായി, ഇതിലെ 'രക്തദാഹം' അല്ലെങ്കിൽ 'വിശപ്പ്' എന്നത് ഒരു രോഗാവസ്ഥ പോലെയാണ് സംവിധായകർ അവതരിപ്പിക്കുന്നത്. അതിജീവനത്തിനായി മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയെ ചിത്രം പ്രതീകാത്മകമായി കാണിക്കുന്നു.
മകൾക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ തയ്യാറാകുന്ന ഒരമ്മ, പക്ഷെ ആ സ്നേഹം അവരെ എങ്ങനെയൊക്കെ ക്രൂരയാക്കുന്നു എന്ന് ചിത്രം വരച്ചുകാട്ടുന്നു.

ഭയപ്പെടുത്തുന്ന രംഗങ്ങളേക്കാൾ, മാനസികമായ ഒരു വീർപ്പുമുട്ടൽ ഉണ്ടാക്കുന്ന രീതിയിലാണ് സിനിമയുടെ ആഖ്യാനം. ഒരു സാധാരണ സോഷ്യൽ ഡ്രാമയായി തുടങ്ങി, മെല്ലെ ഒരു ഡാർക്ക് ത്രില്ലറിലേക്ക് മാറുന്ന 'ബിഫോർ ദി ബോഡി' പരിചരണത്തിനും ഭയത്തിനും ഇടയിലുള്ള അതിജീവനത്തിന്റെ കഥയുമാണ്.

പിൻ കുറിപ്പ്: 2025 IFFK യിൽ ഈ ചിത്രം മികച്ച സംവിധാനത്തിനുള്ള രജത ചകോരം കരസ്ഥമാക്കി.

ടു സീസൺസ്, ടു സ്ട്രേഞ്ചേഴ്സ് (Two Seasons, Two Strangers) 2025


'സ്മോൾ, സ്ലോ ബട്ട് സ്റ്റെഡി' (Small, Slow But Steady), 'ഓൾ ദ ലോങ്ങ് നൈറ്റ്സ്' (All the Long Nights) തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ജപ്പാനീസ് സംവിധായകൻ ഷോ മിയാകി (Sho Miyake) ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണിത്. 2025-ലെ ലൊക്കാർണോ ഫിലിം ഫെസ്റ്റിവലിൽ (Locarno Film Festival) മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ലെപ്പേർഡ് (Golden Leopard) പുരസ്കാരം ഈ ചിത്രം സ്വന്തമാക്കിയിരുന്നു.

രണ്ട് വ്യത്യസ്ത ഋതുക്കളിലായി നടക്കുന്ന രണ്ട് കഥകളാണ് സിനിമയിലുള്ളത്. പ്രശസ്ത മാംഗ ആർട്ടിസ്റ്റ് യോഷിഹാരു സുഗെയുടെ (Yoshiharu Tsuge) ചെറുകഥകളെ ആസ്പദമാക്കിയാണ് ഇത് ഒരുക്കിയിരിക്കുന്നത്.

വേനൽക്കാലത്ത് കടൽതീരത്ത് വെച്ച് കണ്ടുമുട്ടുന്ന നാഗിസ, നാറ്റ്‌സുവോ എന്നീ രണ്ട് അപരിചിതരുടെ കഥ. മൗനവും അവ്യക്തമായ വാക്കുകളും നിറഞ്ഞ അവരുടെ കണ്ടുമുട്ടൽ, മനുഷ്യർക്കിടയിലുള്ള അകലത്തെ കാണിച്ചുതരുന്നു.

ലീ (Li) എന്ന തിരക്കഥാകൃത്താണ് ഇതിലെ കേന്ദ്ര കഥാപാത്രം, അവർ സൃഷ്ടിക്കുന്ന കഥാപാത്രങ്ങളാണ് നേരത്തെ പറഞ്ഞ കടൽത്തീരത്ത് കണ്ട് മുട്ടുന്നവർ. 

എഴുത്ത് തടസ്സപ്പെട്ട ലീ, ശൈത്യകാലത്ത്
മഞ്ഞുമൂടിയ ഒരു ഗ്രാമത്തിലെ സത്രത്തിൽ താമസിക്കാനെത്തുകയും അവിടുത്തെ ഉടമയായ ബെൻസോയുമായി (Benzo) സൗഹൃദത്തിലാകുകയും ചെയ്യുന്നു. അവിടുത്തെ ഏകാന്തതയിൽ നിന്ന് അവൾ തന്റെ സർഗാത്മകത തിരിച്ചുപിടിക്കുകയും ചെയ്യുന്നുണ്ട്.

ഷോ മിയാകെയുടെ മുൻ ചിത്രങ്ങളെപ്പോലെ തന്നെ വളരെ ശാന്തവും ലളിതവുമായ ആഖ്യാനശൈലിയാണ് ഇതിലും ഉള്ളത്. വലിയ ട്വിസ്റ്റുകളില്ലാതെ, മനുഷ്യബന്ധങ്ങളുടെ സൂക്ഷ്മമായ തലങ്ങളെ ചിത്രം സ്പർശിക്കുന്നു. പ്രണയമോ സൗഹൃദമോ അല്ലാത്ത, എന്നാൽ മനുഷ്യർക്ക് പരസ്പരം നൽകാൻ കഴിയുന്ന ആശ്വാസത്തെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്; ബഹളങ്ങളിൽ നിന്ന് മാറി, മനസ്സിന് ശാന്തത നൽകുന്ന ഒരു സിനിമാ അനുഭവം.

പിൻകുറിപ്പ്: 2025 IFFK യിൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള സുവർണ്ണചകോരം ഈ സിനിമ കരസ്ഥമാക്കി.

19.12.25

ദ ഡോട്ടർ (The Daughter) - 2025

ഇറാനിയൻ സംവിധായകനായ പൗര്യ കകാവന്ദ് (Pourya Kakavand) രചനയും സംവിധാനവും നിർവ്വഹിച്ച 'ദ ഡോട്ടർ' മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകളെയും സാമ്പത്തിക പ്രതിസന്ധികൾക്കിടയിലെ മാതൃ-പിതൃത്വത്തെയും കുറിച്ചുള്ള വ്യത്യസ്തമായൊരു അന്വേഷണമാണ്. 

ഇറാനിലെ നിലവിലെ സാമ്പത്തിക തകർച്ചയുടെയും സാമൂഹിക സമ്മർദ്ദങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. നിമ (Nima), മഹ്‌ഷീദ് (Mahshid) എന്നീ ദമ്പതികളാണ് കഥയിലെ പ്രധാനികൾ. കുട്ടികളെ വളർത്താനുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ഭർത്താവിൻ്റെ നിർബന്ധപ്രകാരം നിമ തൻറെ മാതൃത്വസ്വപ്നങ്ങൾ തൽക്കാലത്തേക്കെങ്കിലും മാറ്റിവെക്കുന്നു.

എന്നാൽ, മാതാപിതാക്കളാകാനുള്ള ആഗ്രഹത്തെ അവർ മറ്റൊരു രീതിയിൽ സാക്ഷാത്കരിക്കുന്നു. തങ്ങളുടെ സ്നേഹത്തിൽ നിന്നും സങ്കൽപ്പത്തിൽ നിന്നും രൂപപ്പെടുത്തിയെടുത്ത ഒരു 'സാങ്കൽപ്പിക മകളെ' അവർ വളർത്താൻ തുടങ്ങുന്നു. ഈ സങ്കൽപ്പലോകം അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നും, യാഥാർത്ഥ്യവും സങ്കൽപ്പവും തമ്മിലുള്ള അതിർവരമ്പുകൾ എങ്ങനെ മായുന്നുവെന്നുമാണ് ചിത്രം പറയുന്നത്

ഇറാനിലെ ഇന്നത്തെ സാമ്പത്തിക ചുറ്റുപാടുകൾ സാധാരണക്കാരുടെ ജീവിതത്തെയും സ്വപ്നങ്ങളെയും എങ്ങനെ തകർക്കുന്നുവെന്ന് വ്യക്തമാക്കുന്നതിനൊപ്പം
'ഇമേജിനറി പാരന്റ്ഹുഡ്' (Imaginery Parenthood) എന്ന വേറിട്ട പ്രമേയത്തിലൂടെ മാതാപിതാക്കളാകാനുള്ള മനുഷ്യന്റെ തീവ്രമായ ആഗ്രഹത്തെ സംവിധായകൻ വിശകലനം ചെയ്യുന്നു.
  
കടുത്ത സെൻസർഷിപ്പുകൾക്കും നിയന്ത്രണങ്ങൾക്കും ഇടയിൽ ഇറാനിയൻ സംവിധായകർ എങ്ങനെ സർഗ്ഗാത്മകമായി സംവദിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സൈക്കോളജിക്കൽ ഡ്രാമ ശ്രേണിയിലുള്ള ഈ ചിത്രം. സങ്കൽപ്പങ്ങളെ യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുന്ന മനുഷ്യന്റെ വിങ്ങലുകൾ ഈ സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.

ദി കറന്റ്സ് (The Currents) 2025


അർജൻ്റീനിയൻ സംവിധായിക മിലാഗ്രോസ് മുമെന്താലർ (Milagros Mumenthaler) സംവിധാനം ചെയ്ത 'ദി കറന്റ്സ്' ബാഹ്യമായ കാഴ്ചകൾക്കപ്പുറം ഒരു സ്ത്രീയുടെ മനസ്സിന്റെ ആഴങ്ങളിലേക്ക്, പ്രവാഹങ്ങളിലേക്ക് നടത്തുന്ന സഞ്ചാരമാണ്. ടൊറന്റോ, സാൻ സെബാസ്റ്റ്യൻ തുടങ്ങിയ മേളകളിൽ കൈയ്യടി നേടിയ ഈ ചിത്രം, ലീന (Lina) എന്ന ഫാഷൻ ഡിസൈനറുടെ ജീവിതത്തിലൂടെയാണ് മുന്നോട്ട് പോകുന്നത്. തന്റെ കരിയർ നേട്ടമായ ഒരു പുരസ്കാരം സ്വീകരിക്കാനായി അവൾ സ്വിറ്റ്സർലൻഡിലെ ജനീവയിലേക്ക് പോകുന്നു. എന്നാൽ അവിടെ വെച്ച് പെട്ടെന്നുണ്ടായ ഒരു ഉൾപ്രേരണയാൽ ലീന മരവിപ്പിക്കുന്ന തണുപ്പുള്ള നദിയിലേക്ക് എടുത്തുചാടുന്നു. (ഇത് വളരെ മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്)

മരണമുഖത്ത് നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ബ്യൂണസ് ഐറിസിലെ വീട്ടിൽ തിരിച്ചെത്തുന്നുണ്ടെങ്കിലും, പഴയ ലീനയായി ജീവിക്കാൻ അവൾക്കാകുന്നില്ല. ആ സംഭവം ഒരു രഹസ്യമായി സൂക്ഷിക്കുന്ന അവളെ, ക്രമേണ വെള്ളത്തോടുള്ള അതിയായ ഭയം (Aquaphobia) വേട്ടയാടുകയും കുളിക്കാൻ പോലും ഭയപ്പെടുന്ന അവസ്ഥയിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നു.

ഭർത്താവ് പെഡ്രോയിൽ (Pedro) നിന്നും മകൾ സോഫിയയിൽ (Sofía) നിന്നും അകന്ന്, സ്വന്തം വീട്ടിനുള്ളിൽ തന്നെ ഒരു അപരിചിതയെപ്പോലെ അവൾ മാറുന്നു. നദിയിലെ ഒഴുക്കുപോലെ നിയന്ത്രണാതീതമായ ലീനയുടെ മാനസിക സംഘർഷങ്ങളെയും, അവൾ അനുഭവിക്കുന്ന അസ്തിത്വ പ്രതിസന്ധിയെയും സംവിധായിക വളരെ കയ്യടക്കത്തോടെ ഇതിൽ ആവിഷ്കരിച്ചിരിക്കുന്നു. ഇസബെൽ ഐമി ഗോൺസാലസിന്റെ മികച്ച പ്രകടനം കൂടി ചേരുമ്പോൾ 'ദി കറന്റ്സ്' ഒരു മികച്ച സിനിമാ അനുഭവമായി മാറുന്നു.

മൈ ഫാദേഴ്സ് ഷാഡോ (My Father's Shadow) 2025


നൈജീരിയൻ-ബ്രിട്ടീഷ് സംവിധായകനായ അകിനോള ഡേവിസ് ജൂനിയർ (Akinola Davies Jr.) സംവിധാനം ചെയ്ത ഹൃദയസ്പർശിയായ ചിത്രമാണ് 'മൈ ഫാദേഴ്സ് ഷാഡോ'. 2025-ലെ കാൻ ചലച്ചിത്രോത്സവത്തിൽ പ്രധാന മത്സര വിഭാഗത്തിൽ (Un Certain Regard) പ്രദർശിപ്പിക്കപ്പെട്ട ആദ്യ നൈജീരിയൻ ചിത്രമാണിത്; മാത്രമല്ല ക്യാമറ ഡി ഓർ (Caméra d'Or) സ്പെഷ്യൽ മെൻഷൻ കരസ്ഥമാക്കുകയും ചെയ്തു. 

1993-ലെ നൈജീരിയയിലെ ലാഗോസിലാണ് (Lagos) കഥ നടക്കുന്നത്. മിലിട്ടറി ഭരണത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള നിർണ്ണായകമായ ഒരു മാറ്റത്തിൻ്റെ വക്കിലായിരുന്നു അന്ന് രാജ്യം. റെമി (Remi), അകിൻ (Akin) എന്നീ രണ്ട് സഹോദരങ്ങൾ അവരുടെ മിക്കപ്പോഴും വീട്ടിൽ ഇല്ലാത്ത പിതാവായ ഫോളാറിനോടൊപ്പം (Folarin) നഗരത്തിലേക്ക് ഒരു യാത്ര തിരിക്കുന്നു.
നാല് മാസമായി ലഭിക്കാത്ത ശമ്പളം വാങ്ങാനാണ് ഫോളാറിൻ മക്കളെയും കൂട്ടി നഗരത്തിലെത്തുന്നത്. ഒരു പകൽ നീണ്ടുനിൽക്കുന്ന ഈ യാത്രയിലൂടെ, തങ്ങൾക്ക് അപരിചിതനായ പിതാവിൻ്റെ മറ്റൊരു മുഖം കുട്ടികൾ തിരിച്ചറിയുന്നു. രാഷ്ട്രീയ സംഘർഷങ്ങളും പെട്രോൾ ക്ഷാമവും നഗരത്തെ ശ്വാസം മുട്ടിക്കുമ്പോഴും, പിതാവും മക്കളും തമ്മിലുള്ള ആത്മബന്ധം ഈ യാത്രയിലൂടെ ആഴപ്പെടുന്നു.

സംവിധായകൻ അകിനോള ഡേവിസും സഹോദരൻ വാലെ ഡേവിസും ചേർന്ന് അവരുടെ സ്വന്തം ബാല്യകാല സ്മരണകളെ അടിസ്ഥാനമാക്കിയാണ് ഈ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്, ഇത് ചിത്രത്തിന് വലിയൊരു വൈകാരിക സത്യസന്ധത നൽകുന്നുണ്ട്.

1993-ലെ നൈജീരിയൻ തിരഞ്ഞെടുപ്പ് പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും സിനിമയുടെ പശ്ചാത്തലമായി വരുന്നുണ്ടെങ്കിലും, അത് കുട്ടികളുടെ നിഷ്കളങ്കമായ കാഴ്ചപ്പാടിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത് എന്നത് സിനിമയ്ക്ക് കൂടുതൽ മിഴിവ് നൽകുന്നു.

ലാഗോസ് നഗരത്തിൻ്റെ തിരക്കും ബഹളവും അതുപോലെതന്നെ നൈജീരിയൻ ഗ്രാമങ്ങളുടെ ശാന്തതയും
അവികസിത പ്രദേശങ്ങളുമൊക്കെ സിനിമാട്ടോഗ്രാഫിയിലൂടെ മനോഹരമായി പകർത്തിയിട്ടുണ്ട്.

'മൈ ഫാദേഴ്സ് ഷാഡോ' വെറുമൊരു കുടുംബചിത്രമല്ല; മറിച്ച് നഷ്ടപ്പെട്ടുപോയ സ്മരണകളുടെയും മാറ്റത്തിൻ്റെ വക്കിലുള്ള ഒരു രാജ്യത്തിൻ്റെയും നേർക്കാഴ്ചയാണ്. പിതൃത്വത്തിൻ്റെ ഭാരവും സ്നേഹത്തിൻ്റെ ആഴവും തിരിച്ചറിയാൻ ആഗ്രഹിക്കുന്ന ഏതൊരു സിനിമാപ്രേമിയും കണ്ടിരിക്കേണ്ട ഒരു കൊച്ചു വലിയ സിനിമയാണിത്.

പിൻകുറിപ്പ്: 
വാഹനങ്ങൾ, പാലങ്ങൾ, റോഡുകൾ, സാമൂഹിക സ്ഥിതി തുടങ്ങിയവയിൽ 1993 ൽ നിന്ന് വലിയ മാറ്റങ്ങൾ ഒന്നും ഞാൻ നൈജീരിയയിൽ എത്തിപ്പെട്ട 2006 ലും ഉണ്ടായിരുന്നില്ലെന്നത് ഈ സിനിമ തന്ന തിരിച്ചറിവാണ്. പത്ത് വർഷത്തെ നൈജീരിയ ജീവിതത്തെ ഒരുപാട് ഓർമ്മിപ്പിച്ചു ഈ സിനിമയിലെ കഥാപാത്രങ്ങളും അവരുടെ ഇടപെടലുകളും സംസാര രീതിയും മറ്റും മറ്റും.

ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ് (It Was Just an Accident) - 2025


ലോകസിനിമയിലെ 'അതിജീവനത്തിന്റെ പ്രതീകം' എന്ന് വിശേഷിപ്പിക്കാവുന്ന സംവിധായകനാണ് ഇറാനിയൻ മാസ്റ്റർ ജാഫർ പനാഹി (Jafar Panahi). സിനിമ ചെയ്യരുതെന്ന് ഭരണകൂടം വിലക്കിയാലും, വീടിന് പുറത്തിറങ്ങരുതെന്ന് കൽപിച്ചാലും തന്റെ ക്യാമറക്കണ്ണുകൾ പൂട്ടിവെക്കാൻ അദ്ദേഹം തയ്യാറല്ല എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് 30-ാമത് ഐ.എഫ്.എഫ്.കെയിൽ (IFFK 2025) നിറഞ്ഞ് കവിഞ്ഞ സദസ്സുകളിൽ പ്രദർശിപ്പിച്ച 'ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്' 

ഇറാനിലെ വഴിവിളക്കുകൾ പോലും പ്രകാശിക്കാത്ത ഇരുളടഞ്ഞ റോഡിൽ നടക്കുന്ന സാധാരണമായ ഒരു അപകടത്തെ ആസ്പദമാക്കിയാണ് സിനിമ വികസിക്കുന്നത്. ഇറാനിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ, ഒരു ചെറിയ അപകടം എങ്ങനെയാണ് വലിയൊരു സാമൂഹിക സ്ഫോടനമായി മാറുന്നതെന്നും അതിന് പിന്നിലെ അധികാരത്തിന്റെ ഇടപെടലുകൾ എങ്ങനെയെന്നും പനാഹി അന്വേഷിക്കുന്നു. "അതൊരു വെറും അപകടമായിരുന്നു" എന്ന ന്യായീകരണത്തിന് പിന്നിൽ ഭരണകൂടം ഒളിപ്പിച്ചുവെക്കുന്ന സത്യങ്ങളെ പനാഹി തന്റെ തനതായ ശൈലിയിൽ പുറത്തെടുക്കുന്നു.

ഇറാനിലെ രാഷ്ട്രീയ തടവറകളിൽ പീഡിപ്പിക്കപ്പെട്ടവരുടെ നോവിക്കുന്ന ഓർമ്മകളിലേക്കുള്ള സഞ്ചാരമാണിത്; ഒരു ചെറിയ യാദൃശ്ചികതയിൽ തുടങ്ങി, ഞെട്ടിക്കുന്ന സത്യങ്ങളിലേക്ക് വികസിക്കുന്ന ഗംഭീരമായ ഒരു പ്രതികാര കഥയും. നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങളിൽ പോലും അടങ്ങിയിരിക്കുന്ന രാഷ്ട്രീയത്തെയും മനുഷ്യാവകാശ പ്രശ്നങ്ങളെയും ഈ ചിത്രം കൃത്യമായി തൊട്ടുപോകുന്നുമുണ്ട്.

ഗർഭിണിയായ ഭാര്യയോടും ചെറിയ മകളോടൊപ്പം രാത്രിയിൽ കാറോടിച്ചു പോകുമ്പോൾ അബദ്ധത്തിൽ ഒരു ചെറു ജീവിയെ ഇടിച്ചു കൊല്ലുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്. പിന്നീട് കാർ നിന്ന് പോകുന്നു, അത് ശരിയാക്കാൻ സഹായം തേടിയ ഡ്രൈവറുടെ നടത്തയുടെ ശൈലിയും, പ്രത്യേക ശബ്ദവും കേട്ട് ആ ഷോപ്പിലെ മറ്റൊരു ജീവനക്കാരനായ വാഹിദ് വർഷങ്ങൾക്ക് മുമ്പ് ജയിലിൽ തന്നെയുൾപ്പെടെയുള്ളവരെ ക്രൂരമായി പീഡിപ്പിച്ചിരുന്ന ഇഖ്ബാൽ (Peg leg) എന്ന ഉദ്യോഗസ്ഥനാണതെന്ന് തിരിച്ചറിയുന്നു അയാളെ തട്ടിക്കൊണ്ട് പോയി ജീവനോടെ കുഴിച്ചു മൂടാൻ ശ്രമിക്കുന്നതിനിടയിൽ വാഹിദിനുണ്ടാകുന്ന ചില സംശയങ്ങളും അത് ദൂരീകരിക്കാൻ നടത്തുന്ന ശ്രമങ്ങളും വളരെ രസകരമായും എന്നാൽ നമ്മുടെ ഉള്ളിലേക്ക് ആ യാഥാർത്ഥ്യങ്ങളുടെ പൊള്ളലേൽക്കും വിധവുമാണ് ചിത്രീകരിച്ചിരിക്കുന്നത്. 

വേട്ടക്കാരനെ കൈകാര്യം ചെയ്യുന്നതിനിടയിലും അയാളുടെ കുടുംബത്തിലേക്ക് തന്നെ ഇരകളുടെ മനുഷ്യത്വപൂർണമായ ഇടപെടലുകൾ ശ്രദ്ധേയമാണ്. വേട്ടക്കാരനും ഇരയും തമ്മിലുള്ള അധികാര സമവാക്യങ്ങളെ പനാഹി ഇതിൽ തകിടം മറിക്കുകയും ഇഖ്ബാൽ എന്ന കഥാപാത്രത്തിലൂടെ ഭരണകൂടത്തിന്റെ ക്രൂരമായ മുഖത്തെ വരച്ചുകാട്ടുകയും ചെയ്യുന്നുണ്ട്.
 
30-ാമത് ഐ.എഫ്.എഫ്.കെയിൽ ഈ ചിത്രം പ്രദർശിപ്പിച്ചപ്പോൾ അത് വെറുമൊരു സിനിമാ പ്രദർശനം മാത്രമായിരുന്നില്ല, ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ജാഫർ പനാഹിയോടുള്ള കേരളത്തിലെ സിനിമാപ്രേമികളുടെ ഐക്യദാർഢ്യം കൂടിയായിരുന്നു.
ജാഫർ പനാഹി ലോകത്തോട് വീണ്ടും വിളിച്ചുപറയുന്നു — "എന്നെ നിങ്ങൾക്ക് തടയാം, പക്ഷേ എന്റെ സിനിമകളെ തടയാനാവില്ല."

യെൻ ആൻഡ് ഐ-ലീ (Yen and Ai-Lee) 2024


തായ്‌വാനീസ് സംവിധായകനായ ടോം ലിൻ ഷൂ-യു (Tom Lin Shu-yu) രചനയും സംവിധാനവും നിർവ്വഹിച്ച 'യെൻ ആൻഡ് ഐ-ലീ' ഗാർഹിക പീഡനം, കുറ്റബോധം, വൈകാരികമായ മുറിവുണക്കൽ, അമ്മയും മകളും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധം എന്നീ വിഷയങ്ങളെ ആഴത്തിൽ സ്പർശിക്കുന്ന ഒരു ഫാമിലി ഡ്രാമയാണ്.

തന്നെയും അമ്മയെയും ഉപദ്രവിച്ചിരുന്ന അച്ഛനെ കൊലപ്പെടുത്തിയ കുറ്റത്തിന് എട്ട് വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ച ശേഷം യെൻ (Yen) തൻ്റെ ഹക്കാനീസ് ഗ്രാമമായ കയോഹ്‌സ്യൂങിലേക്ക് തിരികെയെത്തുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. ജയിൽ മോചിതയായി വരുന്ന മകളെ സ്വീകരിക്കാൻ അമ്മയായ ഐ-ലീ (Ai-Lee) പുതിയ വീട്ടിൽ കാത്തിരിക്കുന്നുണ്ടെങ്കിലും, അവർക്കിടയിലെ ബന്ധം മുറിവേറ്റതും അകൽച്ചയുള്ളതുമാണ്.
തൻ്റെ കഴിഞ്ഞ കാലവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്ന യെൻ, നഗരത്തിൽ ഉപജീവന മാർഗ്ഗം തേടുന്നു. 

നഗരത്തിൽ അലഞ്ഞു തിരിയുകയും യൂണിവേഴ്സിറ്റിയിൽ അഭിനയം പഠിക്കുകയും ചെയ്യൂന്ന ഐ-ലീ (Allie) എന്ന മറ്റൊരു യുവതിയുടെ ജീവിതവും സമാന്തരമായി പുരോഗമിക്കുന്നു.

കൊല്ലപ്പെട്ട അച്ഛൻ്റെ കാമുകിയുടെ മകനും യെന്നിൻ്റെ അർദ്ധസഹോദരനുമായ ഒരു ചെറിയ കുട്ടിയുടെ കടന്നുവരവ് അമ്മയുടെയും മകളുടെയും ജീവിതത്തിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടാക്കുന്നു.
ചെറിയ കുട്ടിയുമായി അവൻ്റെ അമ്മയെ തിരക്കി യൂണിവേഴ്സിറ്റിയിൽ പോകേണ്ടിവരുന്ന യെന്നിൻ്റെ അമ്മ, 
യെന്നുമായി രൂപസാദൃശ്യമുള്ള അഭിനയം പഠിക്കുന്ന യുവതി ഐ-ലീ, ഇവരുടെ ജീവിതങ്ങൾ കൂട്ടിമുട്ടുമ്പോൾ, പങ്കുവെക്കപ്പെട്ട രഹസ്യങ്ങൾ അനാവൃതമാകുന്നു. ഇത് യെന്നിനെയും ഐ-ലീയെയും അവരുടെ അടക്കം ചെയ്ത സത്യങ്ങളെ നേരിടാൻ പ്രേരിപ്പിക്കുന്നു.

സിനിമയുടെ പ്രധാന ആകർഷണങ്ങളിലൊന്ന് ഇന്ത്യൻ സിനിമാട്ടോഗ്രാഫർ കാർത്തിക് വിജയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ദൃശ്യങ്ങളാണ്. നിറങ്ങളുടെ അഭാവം കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങൾക്കും വിഷാദത്തിനും കൂടുതൽ വ്യക്തതയും ആഴവും നൽകുന്നു.

ഗാർഹിക പീഡനം പോലുള്ള ഒരു ദുരന്തം എങ്ങനെയാണ് ഒരു അമ്മയുടെയും മകളുടെയും ബന്ധത്തെ മുറിപ്പെടുത്തുന്നതെന്നും, അതിൽ നിന്ന് അവർ എങ്ങനെ വിടുതൽ നേടാൻ ശ്രമിക്കുന്നു എന്നും ചിത്രം അതിസൂക്ഷ്മമായി അവതരിപ്പിക്കുന്നു.

പരുക്കൻ യാഥാർത്ഥ്യങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും, പ്രത്യാശയുടെയും സ്വയം തിരിച്ചറിവിൻ്റെയും സാധ്യതകൾ ഈ ചിത്രം അവശേഷിപ്പിക്കുന്നു. മുറിവുകൾ പൂർണ്ണമായും ഉണങ്ങുന്നില്ലെങ്കിലും, മുന്നോട്ട് ജീവിക്കാൻ കഴിയുമെന്ന ഒരു ആശ്വാസമാണ് 'യെൻ ആൻഡ് ഐ-ലീ' പ്രേക്ഷകർക്ക് നൽകുന്നത്. ശക്തമായ സ്ത്രീപക്ഷ രാഷ്ട്രീയത്തെ അടിച്ചേൽപ്പിക്കാതെ അവതരിപ്പിക്കുന്നു എന്നതും ഈ ചിത്രത്തിൻ്റെ മനോഹാരിതയായി കണക്കാക്കാം.

സിറാത്ത് (Sirāt) 2025


'മിമോസാസ്' (Mimosas - 2016) 'ഫയർ വിൽ കം' (Fire Will Come -2019), എന്നീ ചിത്രങ്ങൾക്ക് ശേഷം സ്പാനിഷ് സംവിധായകൻ ഒളിവർ ലാക്സ് (Óliver Laxe) ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് 'സിറാത്ത്'. 2025 കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി പ്രൈസ് നേടിയ ഈ ചിത്രം, ഇത്തവണത്തെ IFFK-യിലെ 'ഫെസ്റ്റിവൽ ഫേവറൈറ്റ്സ്' (Festival Favourites) വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്.

മൊറോക്കൻ മരുഭൂമിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു യാത്രയാണ് സിനിമയുടെ പശ്ചാത്തലം. ലൂയിസ് (Luis) തന്റെ കാണാതായ മകൾ മറീനയെ അന്വേഷിച്ച് മരുഭൂമിയിലേക്ക് തിരിക്കുന്നു. കൂട്ടിന് തന്റെ ചെറിയ മകൻ എസ്തബാനും (Esteban) ഒരു നായയുമുണ്ട് (Pipa); മകളെക്കുറിച്ചുള്ള സൂചനകൾ തേടി അവർ എത്തിച്ചേരുന്നത് മരുഭൂമിയിൽ തമ്പടിച്ച് സംഗീത ലഹരിയിൽ ആറാടുന്ന ഒരു ' റേവ്' പാർട്ടിയിലേക്കാണ്. വാഹനങ്ങളിൽ തന്നെ കഴിച്ചുകൂട്ടി യാത്രയും സംഗീതവും ലഹരിയും ആസ്വദിച്ച് കറങ്ങുന്ന ഒരു സംഘത്തോടൊപ്പം ചേരുന്ന ലൂയിസിന്റെ ഭൗതികമായ അന്വേഷണം ക്രമേണ ആത്മീയവും മാനസികവുമായ ഒരു യാത്രയായി മാറുന്നു.

'സിറാത്ത്' (Sirāt) എന്ന അറബി വാക്കിന് 'പാത' എന്നാണ് അർത്ഥം. ഇസ്ലാമിക വിശ്വാസപ്രകാരം നരകത്തിന് മുകളിലൂടെ സ്വർഗ്ഗത്തിലേക്ക് നീളുന്ന ഇടുങ്ങിയതും ദൈർഘ്യമേറിയതും പ്രതിബന്ധങ്ങൾ ഏറെ തരണം ചെയ്യേണ്ടുന്നതുമായ പാലം (സിറാത്തുൽ മുസ്തഖീം - നേരായ, കൃത്യമായ പാത അഥവാ സത്യത്തിൻ്റെ വഴി) എന്ന സങ്കൽപ്പത്തെ ചിത്രത്തിൽ വളരെ കൃത്യമായി അടയാളപ്പെടുത്തുന്നു.

മരുഭൂമിയുടെ വന്യതയും നിഗൂഢതയും ഒപ്പിയെടുക്കുന്ന മനോഹരമായ ദൃശ്യങ്ങളാണ് (DOP: Mauro Herce) ചിത്രത്തിന്റെ ഹൈലൈറ്റ്. അത് പോലെ എടുത്ത് പറയേണ്ട ഒന്നാണ് ഇതിലെ 
ശബ്ദവിന്യാസം; ടെക്നോ സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ലഹരി പിടിപ്പിക്കുകയും സിനിമയുടെ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ പ്രേക്ഷകനെ ഒരു ധ്യാനാവസ്ഥയിലേക്ക് മറിച്ചിടാനും കഴിയുന്നതരം വിസ്മയിപ്പിക്കുന്ന ശബ്ദ ദൃശ്യ വിസ്മയം.

ഇത്തവണത്തെ IFFK യില് മിസ്സാക്കാൻ പാടില്ലാത്ത ഒരു ചലച്ചിത്രം.


ദ സീ (The Sea) 2025


വെസ്റ്റ് ബാങ്കിലെ ഒരു പാലസ്തീനിയൻ ഗ്രാമത്തിൽ ജീവിക്കുന്ന ഖാലിദ് (Khaled) എന്ന 12 വയസ്സുകാരന്റെ കഥയാണിത്. സ്കൂളിൽ നിന്ന് കടൽ കാണാനായി പോകുന്ന വിനോദയാത്രയിൽ പങ്കെടുക്കാൻ ഖാലിദ് അതിയായി ആഗ്രഹിക്കുന്നു. എന്നാൽ ഇസ്രായേൽ മിലിറ്ററി ചെക്ക് പോയിന്റിൽ വെച്ച് പെർമിറ്റ് ശരിയല്ലെന്ന കാരണത്താൽ പട്ടാളക്കാർ അവനെ തടയുന്നു. കൂട്ടുകാർ കടൽ കാണാൻ പോകുമ്പോൾ, നിരാശനായ ഖാലിദ് തിരികെ വീട്ടിൽ എത്തിയെങ്കിലും
ഒറ്റയ്ക്ക് കടൽ തേടി ഇറങ്ങാൻ തീരുമാനിക്കുന്നു. നിയമവിരുദ്ധമായി അതിർത്തി കടന്ന്, ഹീബ്രു ഭാഷ പോലും അറിയാതെ അവൻ നടത്തുന്ന ഈ സാഹസിക യാത്രയും, അവനെ അന്വേഷിച്ചിറങ്ങുന്ന പിതാവ് റിബിയുടെ (Ribhi) ആകുലതകളുമാണ് സിനിമയുടെ ഇതിവൃത്തം.

ഒരു കുട്ടിയുടെ നിഷ്കളങ്കമായ ആഗ്രഹത്തിൻ്റെയും അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെയും കഥയിലൂടെ ആണെങ്കിലും കൃത്യമായ രാഷ്ട്രീയം പറഞ്ഞ് വയ്ക്കുന്നുണ്ട് സിനിമ.

ഇസ്രായേലിലെ ഓസ്കർ എന്നറിയപ്പെടുന്ന 'ഓഫിർ അവാർഡ്' (Ophir Award) ഈ ചിത്രം നേടിയിരുന്നു. എന്നാൽ ഇസ്രായേൽ സൈന്യത്തെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ച് ഇസ്രായേൽ സാംസ്കാരിക മന്ത്രി ഈ അവാർഡ് ദാന ചടങ്ങിൽ നിന്ന് പിന്മാറിയത് വലിയ വാർത്തയായിരുന്നു.

ഒരു ഇസ്രായേലി സംവിധായകനും (Shai Carmeli-Pollak) പലസ്തീനിയൻ നിർമ്മാതാവും (Baher Agbariya) ചേർന്നാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നത് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ പ്രാധാന്യമർഹിക്കുന്നു. കടൽ എന്നത് വെറുമൊരു ജലാശയമല്ല, മറിച്ച് സ്വാതന്ത്ര്യത്തിന്റെയും അതിരുകളില്ലാത്ത ലോകത്തിന്റെയും പ്രതീകമാണെന്ന് ഈ കൊച്ചു ചിത്രം നമ്മെ അനുഭവപ്പെടുത്തും.

റോമേരിയ (Romería) 2025

'സമ്മർ 1993' (Summer 1993), ഗോൾഡൻ ബെയർ പുരസ്കാരം നേടിയ 'അൽകാരാസ്' (Alcarràs) എന്നീ ചിത്രങ്ങൾക്ക് ശേഷം സ്പാനിഷ് സംവിധായിക കാർല സിമോൺ ഒരുക്കുന്ന ഫാമിലി ചലച്ചിത്ര ത്രയത്തിലെ മൂന്നാമത്തെ ചിത്രമാണ് 'റോമേരിയ'.

മറീന (Marina) എന്ന യുവതിയുടെ കുടുംബ വേരുകൾ തേടിയുള്ള യാത്രയാണ് സിനിമയുടെ ഇതിവൃത്തം. തന്റെ ജൈവിക മാതാപിതാക്കളെ കുറിച്ച് അറിയാനായി അവൾ വിഗോയിലേക്ക് (Vigo) യാത്ര തിരിക്കുന്നു. എന്നാൽ അവിടെ എത്തുന്ന മറീനയ്ക്ക്, തന്റെ മാതാപിതാക്കളെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കാൻ മടിക്കുന്ന, അല്ലെങ്കിൽ അത് മറക്കാൻ ആഗ്രഹിക്കുന്ന ബന്ധുക്കളെയാണ് നേരിടേണ്ടി വരുന്നത്. മാതാപിതാക്കൾ തമ്മിലുണ്ടായിരുന്ന പ്രണയവും അവരുടെ മരണത്തിന് പിന്നിലെ രഹസ്യങ്ങളും തേടി അവൾ നടത്തുന്ന വൈകാരികമായ അന്വേഷണമാണിത്.

മുൻ ചിത്രങ്ങളിലേതുപോലെ തന്നെ കുടുംബം, ഓർമ്മകൾ, ദത്തെടുക്കൽ തുടങ്ങിയ വിഷയങ്ങളെ വളരെ സൂക്ഷ്മമായി ഈ ചിത്രത്തിലും കൈകാര്യം ചെയ്യുന്നതിനൊപ്പം സ്പെയിനിലെ ഒരു തലമുറയെ ബാധിച്ച സാമൂഹിക മാറ്റങ്ങളും വിടവുകളും ഈ കുടുംബകഥയിലൂടെ സംവിധായിക കാണിച്ചുതരുന്നു. ഒപ്പം, മാതാപിതാക്കളുടെ അഭാവം സൃഷ്ടിക്കുന്ന ശൂന്യതയും, സ്വന്തം അസ്തിത്വം കണ്ടെത്താനുള്ള ഒരു പെൺകുട്ടിയുടെ പോരാട്ടവും കൂടിയാകുന്നു 'റോമേരിയ'

വേർ ദ വിൻഡ് കംസ് ഫ്രം (Where the Wind Comes From)


ടുണീഷ്യൻ സംവിധായിക അമൽ ഗെല്ലാറ്റി (Amel Guellaty) യുടെ ആദ്യ മുഴുനീള ഫീച്ചർ സിനിമ, ടുണീഷ്യൻ യുവത്വത്തിന്റെ സ്വപ്നങ്ങളും നിരാശകളും വളരെ മനോഹരമായി ആവിഷ്കരികുന്നു. 

റോഡ് മൂവി (Road Movie) ഗണത്തിൽ പെടുത്താവുന്ന ചിത്രത്തിൽ ടുണീസിലെ (Tunis) വിരസമായ ജീവിതത്തിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന അയൽക്കാരും ആത്മ സുഹൃത്തുക്കളുമായ 19 വയസ്സുള്ള അലീസയും (Alyssa) 23 വയസ്സുകാരൻ മെഹ്ദിയും (Mehdi) ആണ് കേന്ദ്ര കഥാപാത്രങ്ങൾ.

പ്രണയബന്ധങ്ങൾക്കും അപ്പുറമുള്ള ആണിനും പെണ്ണിനും ഇടയിലുള്ള ഗാഢമായ സൗഹൃദത്തെ ഈ ചിത്രം മനോഹരമായി വരച്ചുകാട്ടുന്നു. വിപ്ലവാനന്തര ടുണീഷ്യയിലെ സാമ്പത്തിക പ്രതിസന്ധികളും, തൊഴിലില്ലായ്മയും, യുവാക്കൾക്കിടയിലുള്ള നാടുവിടാനുള്ള ആഗ്രഹം എന്നിവയെല്ലാം ചിത്രം ചർച്ച ചെയ്യുന്നുണ്ട്. 

പിതാവിൻ്റെ വേർപാട് മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതിൻ്റെ നിരാശ അലീസയിൽ പ്രതിഫലിക്കുന്നത് പണമുള്ളവരുടെ ലോകത്തോടുള്ള ദേഷ്യത്തിലാണ്; അവൾ ഇടയ്ക്ക് ചോദിക്കുന്നുണ്ട് "നമുക്ക് സ്വപ്നം കാണാനും അവകാശമില്ലേ..?" അലീസയുടെ മായാദർശനങ്ങളും മെഹ്ദിയുടെ ഭാവനകളും അവരുടെ സൗഹൃദം പോലെ തന്നെ ഇഴുകി ചേർന്നിരിക്കുന്നത് മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.

ജർമ്മനിയിലേക്ക് പോകാൻ അവസരം നൽകുന്ന ഒരു കലാമത്സരത്തിൽ (Art Contest) പങ്കെടുക്കാനായി അവർ ജെർബയിലേക്ക് (Djerba) നടത്തുന്ന യാത്രയാണ് സിനിമയുടെ ഇതിവൃത്തം. മെഹ്ദിയുടെ ചിത്രരചനാപാടവത്തിലാണ് അലീസയുടെ മുഴുവൻ പ്രതീക്ഷയും. ടുണീഷ്യയുടെ ഗ്രാമീണ ഭംഗിയും മരുഭൂമിയുടെ വന്യതയും, കടൽ തീരങ്ങളും ഒപ്പിയെടുക്കുന്ന ദൃശ്യങ്ങൾ ഈ റോഡ് മൂവിയുടെ മാറ്റുകൂട്ടുന്നു.

വളരെ സീരിയസ് ആയ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോഴും, ഊർജ്ജസ്വലവും എന്നാൽ ലളിതവുമായ ഒരു ആഖ്യാനശൈലിയാണ് സംവിധായിക ഇതിൽ സ്വീകരിച്ചിരിക്കുന്നത്. 

എ പോയറ്റ് (A Poet / Un poeta) 2025

കൊളംബിയയിലെ മെഡിലിൻ (Medellín) നഗരത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. കവിതയോടും സാഹിത്യത്തോടും അതിയായ അഭിനിവേശം സൂക്ഷിക്കുന്ന സാധാരണക്കാരനായ ഓസ്കാർ എന്ന
യുവാവാണ് കേന്ദ്ര കഥാപാത്രം. കഠിനമായ ജീവിത സാഹചര്യങ്ങളും, സാമ്പത്തിക പ്രതിസന്ധികളും, തന്റെ ചുറ്റുപാടുകളും ഒരു പൂർണ്ണസമയ കവിയാകാനുള്ള ആഗ്രഹത്തിന് തടസ്സമായി നിൽക്കുന്നു. ആദ്യകാലത്ത് ഒന്ന് രണ്ട് അംഗീകാരങ്ങൾ ഒക്കെ ലഭിച്ചിട്ടുണ്ടെങ്കിലും പരാജയപ്പെട്ട കവിയെന്ന നിലയിൽ അവഗണിക്കപ്പെടുന്നതിൻ്റെ വേദനയും അമിത മദ്യപാനവും മറ്റും ഓസ്കാറിൻ്റെ ജീവിതത്തെ വല്ലാതെ ഉലയ്ക്കുന്നു.

തന്റെ സ്വപ്നവും യാഥാർത്ഥ്യവും തമ്മിലുള്ള സംഘർഷങ്ങളെ അയാൾ എങ്ങനെ നേരിടുന്നു എന്നതാണ് സിനിമയുടെ പ്രധാന ഇതിവൃത്തമെങ്കിലും ഉപജീവനമാർഗ്ഗമായി സ്വീകരിക്കാൻ നിർബന്ധിതമാകുന്ന അധ്യാപക ജോലിക്കിടെ ഒരു വിദ്യാർത്ഥിനിയുടെ കവിതകളിൽ ആകൃഷ്ടനാകുകയും അവളെ കവികളുടെ ലോകത്തേക്ക് എത്തിക്കാൻ ശ്രമിക്കുന്നതിനിടയിൽ സംഭവിക്കുന്ന പ്രശ്നങ്ങളും മറ്റും ഓസ്കാറിൻ്റെ ജീവിതം, കുടുംബ ബന്ധങ്ങളെയുമൊക്കെ കൂടുതൽ ദുരിതപൂർണമാക്കുന്നു. 

കൊളംബിയൻ നഗരജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളും കലയും ജീവിതവും തമ്മിലുള്ള ദൂരം എത്രത്തോളമുണ്ടെന്നും കാണിച്ചുതരുന്ന, വളരെ സ്വാഭാവികവും റിയലിസ്റ്റിക്കുമായ ആഖ്യാനശൈലി പിന്തുടരുന്ന ഒരു മികച്ച സിനിമ; സംവിധാനം ചെയ്തിരിക്കുന്നത് സിമോൺ മെസ സോട്ടോ (Simón Mesa Soto)

#30iffk #IFFK2025

പലസ്തീൻ 36 (Palestine 36) 2025


1936-ൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരെ പലസ്തീനിൽ നടന്ന ജനകീയ പ്രക്ഷോഭമാണ് (Arab Revolt) സിനിമയുടെ പശ്ചാത്തലം. ബ്രിട്ടീഷ് അധിനിവേശത്തിനും ജൂത കുടിയേറ്റത്തിനും എതിരെ പലസ്തീൻ ജനത നടത്തിയ ആദ്യകാല ചെറുത്തുനിൽപ്പിന്റെ കഥയാണിത്. യൂസഫ് എന്ന യുവാവിലൂടെയാണ് കഥ വികസിക്കുന്നത്. ജറുസലേമിലെ രാഷ്ട്രീയ സംഘർഷങ്ങൾക്കും തന്റെ ഗ്രാമീണ ജീവിതത്തിനും ഇടയിൽ പെട്ടുപോകുന്ന യൂസഫിന്റെ ജീവിതത്തിലൂടെ ആ കാലഘട്ടത്തെ സംവിധായിക അടയാളപ്പെടുത്തുന്നു. ഇന്നത്തെ പലസ്തീൻ-ഇസ്രായേൽ സംഘർഷങ്ങളുടെ വേരുകൾ തേടിപ്പോകുന്ന സിനിമ, 1936-ലെ സംഭവവികാസങ്ങൾ എങ്ങനെയാണ് പലസ്തീൻ ജനതയുടെ ഭാവിയെ മാറ്റിമറിച്ചതെന്ന് കാണിച്ചുതരുന്നതിനൊപ്പം, പലസ്തീൻ ജനതയുടെ നിസ്സഹായതയുടെയും  അതിജീവനത്തിന്റെയും നേർസാക്ഷ്യം കൂടിയാകുന്നു. 

സംവിധായിക ആൻമേരി ജാസിർ (Annemarie Jacir)

#30iffk #IFFK2025  #palestine36

ഡ്രീംസ് (Dreams / Drømmer) 2024

നോർവീജിയൻ സംവിധായകൻ ഡാഗ് യോഹാൻ ഹൗഗറൂദ് ( Dag Johan Haugerud)
 ഒരുക്കിയ പ്രശസ്തമായ 'സെക്സ്, ഡ്രീംസ്, ലവ്' (Sex, Dreams, Love) എന്ന ചലച്ചിത്ര ത്രയത്തിലെ രണ്ടാമത്തെ സിനിമയാണ് ഡ്രീംസ്. 

ജോഹന്ന (Johanne) എന്ന 17 വയസ്സുകാരിക്ക് തന്റെ ഫ്രഞ്ച് അധ്യാപികയായ ജൊഹാനയോട് (Johanna) തോന്നുന്ന കൗമാര പ്രണയമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. തൻ്റെയുള്ളിലെ പ്രണയവികാരങ്ങളും സ്വപ്നങ്ങളുമൊക്കെ ജോഹന്ന ഒരു ഡയറിയിൽ കുറിച്ചിടുന്നു. അവിചാരിതമായി ഈ ഡയറി അവളുടെ മുത്തശ്ശിയും (Karin) അമ്മയും (Kristin), വായിക്കാൻ ഇടയാകുന്നു. ജോഹന്നയുടെ എഴുത്തിലെ സാഹിത്യഭംഗി കണ്ട് അത് പ്രസിദ്ധീകരിക്കാൻ എഴുത്തുകാരി കൂടിയായ മുത്തശ്ശിയും, പിന്നീട് അമ്മയും ആലോചിക്കുന്നുണ്ടെങ്കിലും, അതിലെ യാഥാർത്ഥ്യത്തെക്കുറിച്ചും ധാർമ്മികതയെക്കുറിച്ചുമൊക്കെ അവർക്കിടയിൽ വലിയ ചർച്ചകൾ നടക്കുന്നു.

ജോഹന്ന, അമ്മ, മുത്തശ്ശി എന്നിങ്ങനെ മൂന്ന് തലമുറയിൽപ്പെട്ട സ്ത്രീകളുടെ കാഴ്ചപ്പാടുകളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. പ്രണയം, ആഗ്രഹം, ധാർമ്മികത എന്നിവയെ ഓരോ തലമുറയും എങ്ങനെ നോക്കിക്കാണുന്നു എന്ന് ചിത്രം വ്യക്തമാക്കുന്നു.

ജോഹന്ന കടന്ന് പോകുന്ന കൗമാര പ്രണയ സങ്കല്പങ്ങളുടെയും യാഥാർഥ്യങ്ങളുടെയും വൈരുദ്ധ്യമാർന്ന തലങ്ങൾ വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. സ്നേഹം, ലൈംഗികത, സ്വയം കണ്ടെത്തൽ തുടങ്ങിയ മനുഷ്യസഹജ വികാര വിചാരങ്ങളിലുള്ള മൂന്ന് തലമുറകളുടെ കാഴ്ചപ്പാടുകൾ ചർച്ച ചെയ്യപ്പെടുന്നുമുണ്ട്.

പൊതുവേ താൽപര്യം തോന്നാത്ത വിധമുള്ള ആത്മഭാഷണ ആഖ്യാനശൈലിയിലാണ് സിനിമയുടെ തുടക്കമെങ്കിലും, പിന്നീട് വളരെ മികച്ച തരത്തിൽ യാഥാർത്ഥ്യവും ഭാവനയും തമ്മിലുള്ള നേരിയ വ്യത്യാസങ്ങളെ, വളരെ ലളിതവും എന്നാൽ ശക്തവുമായ സംഭാഷണങ്ങളിലൂടെ മികച്ച ദൃശ്യങ്ങളെ ഇടകലർത്തി അവതരിപ്പിക്കുന്ന ശൈലിയാണ് സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്.

Pic courtesy: Website

15.6.16

ഒഴിവുദിവസത്തെ കളി

 
ഏറെ പ്രശംസകളും പുരസ്കാരങ്ങളും നേടിയ 'ഒഴിവുദിവസത്തെ കളി' ജൂൺ17 മുതൽ തീയറ്ററുകളിൽ എത്തുകയാണ്; അതും ആഷിക് അബു അടക്കമുള്ള നിരവധി മുഖ്യധാര ജനപ്രിയ സിനിമാ പ്രവർത്തകരുടെ പിന്തുണയോടും കൂടി. പതിവ് വാണിജ്യ സിനിമാ കാഴ്ചപാടിൽ നിന്ന് വ്യത്യസ്തമായി വരുന്ന ഇത്തരം സ്വതന്ത്രസിനിമാ ചിന്തകൾ ഫെസ്റ്റിവലുകൾക്കും പുരസ്കാരങ്ങൾക്കും മേലെ ജനകീയമാകുക അപൂർവ്വതയിൽ അപൂർവ്വമാണ്; നവമാധ്യമങ്ങളിലും പരമ്പരാഗത മാധ്യമങ്ങളിലും ഒരുപോലെ ഈ സിനിമയ്ക്ക് കിട്ടുന്ന പിന്തുണയും ഇടവും  തീയറ്ററുകളിൽ പ്രതിഫലിച്ചാൽ തീർച്ചയായും അതൊരു നവ സിനിമാ ചരിത്രം തന്നെയാകും.
 
ഇതിന്റെ സംവിധായകൻ സനൽകുമാർ ശശിധരന്റെ ആദ്യ സിനിമ 'ഒരാൾ പൊക്കം' ജനങ്ങളിലേക്ക് എത്തിയത് 'സിനിമാവണ്ടി' എന്ന സഞ്ചരിക്കുന്ന സിനിമാ കൊട്ടകയിലൂടെയാണ്. അതിന്റെ ഉദ്ഘാടനദിനം കടുത്ത നടുവ് വേദനയാൽ ബെഡ് റെസ്റ്റിൽ ആയിരുന്നിട്ട് കൂടി ഞാൻ ഭാര്യയുടെയും നടുവിലൊരു ബെൽറ്റിന്റെയും സഹായത്തോടെ കാണാൻ പോയതിന്റെ കാരണങ്ങൾ മൂന്നായിരുന്നു.
1) സോഷ്യൽ മീഡിയയിലൂടെ ധനസമാഹരണം നടക്കുന്ന സമയത്ത് ഒന്നും സംഭാവന ചെയ്യാൻ കഴിഞ്ഞില്ലയെന്ന കുറ്റബോധം.
2) ഇത്തരം സിനിമകൾ കാണാനുള്ള പ്രവാസലോക പരിമിതി; നാട്ടിലുള്ള ദിനങ്ങളിൽ വല്ലതും വീണുകിട്ടിയാൽ ഭാഗ്യം. ( CR No.89, അസ്തമയം വരെ തുടങ്ങിയവ അത്തരത്തിൽ വീണുകിട്ടിയ  ഭാഗ്യങ്ങളാണ് )
3) 'ഒരാൾപൊക്കം' സിനിമാ വാർത്തകളും കുറിപ്പുകളും; ഒപ്പം അതിൻറെ സംവിധായകന്റെ ജനകീയ സിനിമാ പരിശ്രമങ്ങളും കാണാതിരിക്കാനാവില്ല എന്ന ഉൾവിളി.
 
ഈ മൂന്ന് കാരണങ്ങളും സിനിമയ്ക്ക് ശേഷം എങ്ങിനെയായി തീർന്നു എന്നും നിങ്ങൾ അറിയേണ്ടതുണ്ട് എന്ന് കരുതുന്നു, യഥാക്രമം;
1) കുറ്റബോധം ഇല്ലാതായി ; പ്രദർശന ശേഷം പുറത്ത് വെച്ചിരുന്ന പെട്ടിയിൽ നേരത്തെ കൊടുക്കാൻ നിശ്ചയിച്ചിരുന്നതിൽ അധികം ഇട്ടു; സിനിമ ഇഷ്ടപെട്ട ഭാര്യാവിൻ വക വേറെയും.
2) അവധി ദിനങ്ങൾ നീട്ടി തന്ന നടുവ് വേദനയ്ക്ക് നന്ദി പറഞ്ഞു.
3) കണ്ടിരുന്നില്ലെങ്കിൽ നഷ്ടമാകുമായിരുന്ന ഒരു സിനിമ തന്നെയായിരുന്നു 'ഒരാൾ പൊക്കം' ; ഉദ്ഘാടന ചടങ്ങിനു ശേഷം സിനിമ പ്രദർശനത്തിനായി വെള്ള തിരശ്ശീല വലിച്ചു കെട്ടുന്നൊരു സംവിധായകനെയും നേരിട്ടു കണ്ടു.
 
അന്ന് പ്രദർശനം നടന്നത് സാധാരണ ഒരു ഹാളിൽ ആയിരുന്നു, മെച്ചപെട്ട തീയറ്റർ സംവിധാനത്തിലും അനുഭവത്തിലും ഒരാൾപൊക്കം കാണായെങ്കിൽ എന്നാഗ്രഹിച്ചു; കാരണം സ്വതന്ത്ര സിനിമ എന്ന കാഴ്ചപാടിൽ നിന്ന് തന്നെ വളരെ വേറിട്ട് നിന്ന ചലച്ചിത്ര സാക്ഷാത്കാരം തന്നെയായിരുന്നു അത്. ഇപ്പോഴിതാ അതേ സംവിധായകന്റെ അടുത്ത സിനിമ യഥാർത്ഥ തീയറ്റർ അന്തരീക്ഷത്തിലേക്ക് എത്തുന്നു; പതിവ് പോലെ 'പ്രവാസ പരിമിതി ' ഇത്തവണയും അലട്ടുന്നു. ജൂൺ 17ന് തുടങ്ങുന്ന 'ഒഴിവ്ദിവസത്തെ കളി' തീർച്ചയായും ജൂലായ്‌3 കടക്കും, കൂടുതൽ കൂടുതൽ തീയറ്ററുകളിലേക്കും എത്തിച്ചേരും; കാരണം ഞാനത്രമേൽ ആഗ്രഹിച്ച് പോയി, ഈ സിനിമ കാണാൻ, അറിയാൻ..!!
നല്ല സിനിമയെ , സ്വതന്ത്ര സിനിമയെ സ്നേഹിക്കുന്ന ആരെങ്കിലുമൊക്കെ ഈ കുറിപ്പ് വായിക്കുന്നുണ്ടെങ്കിൽ തീയറ്ററിൽ പോയി കാണുക; സുഹൃത്തുക്കളെ ഒപ്പം കൂട്ടുക; മലയാള നവസിനിമയിലെ ബ്ലോക് ബസ്റ്റർ ആകട്ടെ  'ഒഴിവ് ദിവസത്തെ കളി '.  കളിക്കും കളിക്കാർക്കും ക്യാപ്ടൻ സനൽകുമാർ ശശിധരനും ഒരു സാധാരണ സിനിമാ പ്രേക്ഷകന്റെ ആശംസകൾ.
 

28.4.16

അയ്‌ ന്നൂറും അയ്‌ ന്തും (500 & 5)

മലയാള ചലച്ചിത്രമേഖലയിലെ സ്വതന്ത്ര നിർമ്മാണ പ്രവർത്തനങ്ങളിലും സമാന്തര പരീക്ഷണങ്ങളിലുമൊക്കെ ആകൃഷ്ടരായിട്ടുകൂടിയാണ് പോണ്ടിച്ചേരി സ്വദേശികളായ നാല്‌ സുഹൃത്തുക്കൾ പണകൊഴുപ്പിന്റെ അങ്ങേയറ്റമായ തമിഴ് സിനിമാലോകത്തേക്ക് പ്രവേശിക്കാൻ കൂട്ടാക്കാതെ സ്വതന്ത്ര തമിഴ് സിനിമയെന്ന ലക്ഷ്യവുമായി സഞ്ചരിച്ചു തുടങ്ങിയത്. നിരവധി ചെറു സിനിമകൾ , ഡോക്കുമെന്ററികൾ മുതലായവ പ്രശംസനീയമായ രീതിയിൽ നിർമ്മിക്കുകയും സ്വദേശ വിദേശ ഫെസ്റ്റിവലുകളിലും നാഷണൽ ചാനലുകളിലും മറ്റും പ്രദർശിപ്പികുകയും ചെയ്തതിന്റെ തുടർച്ചയായി നാല് വർഷം മുൻപ് 'അയ്‌ ന്നൂറും അയ്‌ ന്തും ' (500 & 5) എന്നൊരു മുഴുനീള ഫീച്ചർ സിനിമ പൂർത്തീകരിച്ചു. ക്രൌഡ് ഫണ്ടിങ്ങിലൂടെയും അടുത്ത സുഹൃത്തുക്കളുടെ സഹായത്തോടെയുമൊക്കെ നിർമ്മിച്ച ചിത്രം ദേശീയ അന്തർദേശീയ മേളകളിലും മറ്റും പ്രദർശന ഇടവും അഭിനന്ദനങ്ങളും നേടി.

ഒരു അഞ്ഞൂറ് രൂപാ കറൻസി നോട്ടിന്റെ വ്യത്യസ്ത സാഹചര്യങ്ങളിലൂടെയുള്ള ഭ്രമാത്മകമായ സഞ്ചാരവും ഇടപെടലുമൊക്കെയായി കോർത്തിണക്കപ്പെട്ട പരസ്പര ബന്ധമില്ലാത്ത അഞ്ച് ചെറു സിനിമകളുടെ സമാഹാരമാണ്‌ പേര് സൂചിപ്പിക്കുന്നത് പോലെ 500 & 5. ഭാവിയിൽ അധോലോക നായകനാവുന്നതും സ്വപ്നം കണ്ട് ഒരു വിഡ്ഢി  ഗുണ്ടയുടെ പിണിയാളാകാൻ ശ്രമിക്കുന്ന 'ചുടല' എന്ന അന്ധവിശ്വാസിയുടെ കഥയും കഥയില്ലായ്മയുമൊക്കെ അല്പം നർമ്മത്തിലൂടെ അവതരിപ്പിക്കുകയാണ് ആദ്യ ഭാഗമെങ്കിൽ സിനിമയിൽ തുടർച്ചയായി വിജയം കൊയ്യുകയും ദാമ്പത്യത്തിൽ പരാജിതനായിപ്പോകുകയും ചെയ്യുന്ന ആദി എന്ന സംവിധായകന്റെ തീവ്രനൈരാശ്യം, ഭാര്യയെ തിരികെ കൊണ്ടുവരാൻ നടത്തുന്ന പരിശ്രമങ്ങളുമൊക്കെ രണ്ടാം ഭാഗത്തിൽ അല്പം പിരിമുറുക്കം സൃഷ്ടിക്കുന്നു.
മൂന്നാം ഭാഗമാകട്ടെ ഒരു സാധാരണ ടെലിഫോൺ റീചാർജ് കടയിൽ ജോലിനോക്കുന്ന 'സുന്ദരി' എന്ന സാധാരണ പെൺകുട്ടിയുടെ തീവ്ര പ്രണയത്തിന്റെയും ബോയ്ഫ്രണ്ട് നൽകുന്ന ഒരു ചെറു സമ്മാനം സംരക്ഷിക്കാനുള്ള വ്യഗ്രതയും തൊഴിൽ പ്രശ്നങ്ങളുമൊക്കെയാണു  പ്രതിപാദ്യ വിഷയം. ഇരുളിന്റെ നീർച്ചുഴിയിൽ വിഭ്രാന്ത കല്പനാലോകത്തിനും നിർഭയ യാഥാർത്ഥ്യത്തിനുമിടയിൽ നീന്താൻ വെമ്പുന്ന ജെന്നി എന്ന യുവതിയുടെ അസ്വസ്ഥവും കലുഷിതവുമായ ജീവിതവും അവളെ മോഡലാക്കുന്ന ശില്പിയുടെ ഇടപെടലുമൊക്കെയാണ് നാലാമത് ഭാഗം.
ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായി മുതലാളിത്വ വ്യവസ്ഥിതിയെയും ചൂഷണമനോഭാവത്തെയും ചെറുക്കാൻ പുതിയ ആശയങ്ങളും പ്രവർത്തന രീതികളും വിഭാവനം ചെയ്യാൻ ആഗ്രഹിക്കുകയും ആഹ്വാനം ചെയ്യുകയും  കാരണം സമൂഹം ഒറ്റപെടുത്തുന്ന ഒരു വിപ്ലവകാരിയുടെ സ്വതന്ത്ര ചിന്താഗതികളെ അനുധാവനം ചെയ്യുകയാണ് അഞ്ചാം ഭാഗത്തിൽ. ആദ്യ നാലുഭാഗങ്ങളും പ്രത്യക്ഷത്തിലല്ലെങ്കിലും പരോക്ഷമായി ചില വിപ്ലവ സൂചനകൾ പറഞ്ഞ് വെച്ച് അവസാന ഭാഗത്തേക്ക് എത്തുമ്പോൾ തീക്ഷ്ണമാക്കുന്ന രീതിയിലാണ് കോർത്തിണക്കിയിരിക്കുന്നത്; പരസ്പര പൂരകമായി അഞ്ഞൂറ് രൂപാ നോട്ടും.
തിരുവനന്തപുരം രാജ്യാന്തര മേള (2012)യിൽ Top Angle Indian Cinema വിഭാഗത്തിൽ മൂന്ന് തവണ സ്ക്രീൻ ചെയ്യപെട്ടതും ജർമ്മനിയിലെ Stuttgart Film Festival പോലുള്ള വിദേശ വേദികളിൽ പ്രദർശിപ്പിക്കപ്പെട്ടതും ഈ നവ സിനിമാ കൂട്ടായ്മയ്ക്ക് നേടികൊടുത്ത അഭിമാനവും ആത്മവിശ്വാസവും ചെറുതല്ല. പക്ഷേ കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി ഈ ചിത്രത്തെ തീയറ്ററുകളിലേക്കും കൂടുതൽ ആസ്വാദകരിലേക്കും എത്തിക്കുവാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. സാധ്യമായ വേദികളിലെല്ലാം പ്രദർശിപ്പിച്ചുവെങ്കിലും സ്വതന്ത്ര സിനിമാചിന്തകൾക്ക് ഊർജ്ജമാകാൻ കെൽപ്പുള്ള ശരിയായ ഒരു തീയറ്റർ റിലീസ് സ്വപ്നമായി അവശേഷിച്ചു. താരപരിവേഷമില്ലാത്തതും, തമിഴ് സിനിമാ മാമൂലുകൾക്ക് നിരക്കാത്ത ചെറിയ ബഡ്ജറ്റും എന്തിന്, അവസാനഭാഗത്തെ മുതലാളിത്വ വിരുദ്ധ വികാരവും പോലും പ്രതികൂലമായി ബാധിച്ചുവെന്ന് വേണം കരുതാൻ.
(2012 തിരുവനന്തപുരം രാജ്യാന്തര മേളയിൽ 500 & 5 ടീമിനൊപ്പം)
രഘു, ദാസ്, രമേഷ്, കൗസല്യ എന്നീ പ്രിയ സുഹൃത്തുക്കളുടെ ഈ കൂട്ടായ്മ ചിത്രം ഇനിയും കൂടുതൽ ആസ്വാദകരിലേക്ക് എത്തിക്കാനുള്ള അവസാന ശ്രമമെന്നോണം യു ട്യൂബ് വഴിയുള്ള സൗജന്യ പ്രദർശനത്തിനുള്ള ഒരുക്കമാണിപ്പോൾ; സർവ്വലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് Accessible Horizon Films ന്റെ യു ട്യൂബ് ചാനലിൽ ഈ ചിത്രം റിലീസ് ചെയ്യും. ഇതിന് മുന്നോടിയായി, ബിഗ്‌ സ്ക്രീനിൽ ഒരു പക്ഷേ ഇനിയും ഒരിക്കൽ കൂടി സാധ്യമായില്ലങ്കിലോ എന്ന ആശങ്കയിലും സുമനസ്സുകളുടെ ആശീർവാദത്തിനായും ഏപ്രിൽ 29 ന് വൈകിട്ട് 7 മണിക്ക് ചെന്നൈ Alliance Francaise ഹാളിൽ  പ്രദർശിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്; ചെന്നൈയിൽ ഉള്ള സുഹൃത്തുക്കൾ പറ്റുമെങ്കിൽ കാണണം എന്ന് അഭ്യർത്ഥിക്കുന്നു.
 Accessible Horizon Films FB page     Web Page    500&5 web

01 May 2016 Update :  YouTube Link for Full Movie

 

26.2.15

'അലിഫ്' എന്ന സിനിമ

ഇനിയും കാണാൻ കഴിഞ്ഞിട്ടില്ലാത്തത് കൊണ്ട് തന്നെ 'അലിഫ്' സിനിമയെക്കുറിച്ചെഴുതുന്ന ആസ്വാദനമോ നിരൂപണമോ അല്ല ഇത് ; അഭ്യർത്ഥനയാണ്..!
എന്റെ പേരുമായുള്ള സാദൃശ്യ കൗതുകം തന്നെയാണ് 'അലിഫ്' എന്ന സിനിമയുടെ പോസ്റ്ററിലേക്ക് എന്റെ കണ്ണുടക്കാൻ പ്രധാന കാരണം. പിന്നീട് അന്വേഷിച്ചപ്പോൾ കഴിഞ്ഞവർഷത്തെ കേരളാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (IFFK 2014 ) ശ്രദ്ധിക്കപ്പെട്ട മലയാള നവസിനിമകളിൽ ഒന്നാണിത്  എന്നാണ്  അറിയാൻ കഴിഞ്ഞത്.  ആദ്യ പ്രദർശനം കഴിഞ്ഞ് ഇതിന്റെ സംവിധായകനെ ഡെലിഗേറ്റ് കൂട്ടം ആർപ്പുവിളികളോടെ  ചുമലിലേറ്റികൊണ്ടുവരുന്ന നിരവധി ചിത്രങ്ങൾ ഇപ്പോഴും IFFK യുടെ വെബ്‌ സൈറ്റിൽ കാണാൻ കഴിയും. (ചിലത് താഴെ ചേർത്തിരിക്കുന്ന കൊളാഷിൽ )

ഇന്ന്  (ഫെബ്. 27) ഈ സിനിമ റിലീസ് ചെയ്യപ്പെടും എന്നറിയുന്നു; ഫിലിം ഫെസ്റ്റിവലിൽ സംവിധായകനെ തോളിലേറ്റിയ , അല്ലെങ്കിൽ അതിനു കൊതിച്ച കുറച്ച് പേരെങ്കിലും തീയറ്റർ റിലീസിന്റെ അന്ന്   തന്നെ ഈ ചിത്രം കാണാൻ പോയിരുന്നെങ്കിലെന്ന് ആശിച്ച് പോകുന്നു.

ഫെസ്റ്റിവലിൽ ശ്രദ്ധേയമാകുന്ന അല്ലെങ്കിൽ അവാർഡിന് അർഹമാകുന്ന മലയാള സിനിമകൾ തൊണ്ണൂറു ശതമാനവും പിന്നീട് വിസ്മരിക്കപ്പെട്ട നിലയിലാണ് എന്നത് കാമ്പും കഴമ്പുമില്ലാതെ മലയാള സിനിമ മരിച്ച് പോകുന്നു എന്ന് നിലവിളിക്കുന്നവർ പോലും അറിയുന്നില്ല; അല്ലെങ്കിൽ അറിഞ്ഞതായി ഭാവിക്കുന്നില്ല. നല്ല സിനിമകൾ സാധാരണജനങ്ങളിലേക്ക് എത്തിക്കാൻ സർക്കാർ സംവിധാനം പോലും ഇത്തരം മേളയിൽ മാത്രമായി ഒതുങ്ങി പോകുന്നത് ആശാവഹമല്ല; പുതു തലമുറ സിനിമാ കൂട്ടായ്മയുടെ പ്രയത്നത്തിൽ 'സിനിമാ വണ്ടി ' ( 2014 മേളയിൽ  അവാർഡുകൾ നേടിയ സനൽ ശശിധരന്റെ  ഒരാൾപൊക്കം സിനിമയുടെ സഞ്ചരിക്കുന്ന പ്രദർശന  പരിപാടി നല്ല നിലയിൽ മുന്നേറുന്നു എന്നാണ് അറിയാൻ കഴിഞ്ഞത് ) പോലുള്ള ഒറ്റപ്പെട്ട നീക്കങ്ങൾ ( 2012 IFFK യിൽ നവാഗത സംവിധായകനുള്ള അവാർഡ് നേടിയ മനോജ് കാനയുടെ  'ചായില്യം' പ്രദർശിപ്പിക്കാൻ തുടങ്ങിയ 'ടൂറിംഗ് ടാക്കീസ് ' നെ കുറിച്ച് പിന്നൊന്നും കേട്ടുമില്ല !!) നടക്കുന്നുവെങ്കിലും തീയറ്റർ റിലീസും സാമ്പത്തിക വിജയവും നേടാതെ ഇത്തരം നല്ല സിനിമാ പ്രവർത്തനങ്ങൾ നിലനിൽക്കില്ല.

ഫെസ്റ്റിവൽ കാലത്ത്  ഇടിച്ചുകയറിയും  ഇരുന്നും നിന്നും ഒക്കെ സിനിമ കാണാൻ നാം കാണിക്കുന്ന ഉത്സാഹവും ഊർജ്ജവും ഈ സിനിമയെ വിജയിപ്പിക്കാൻ കൂടി ഫലപ്രദമായി ഉപയോഗിക്കുമെന്ന്  പ്രതീക്ഷിക്കുന്നു. മലയാളത്തിൽ നല്ല സിനിമകൾ വരണമെന്നും അത് കാണാൻ ആഗ്രഹിക്കുന്നയാളുമാണ്  താങ്കളെങ്കിൽ തീർച്ചയായും 'അലിഫ്' എന്ന ഈ സിനിമ തീയറ്ററിൽ പോയി കാണുവാൻ അഭ്യർത്ഥിക്കുന്നു; പറ്റുമെങ്കിൽ ആദ്യ ദിവസം തന്നെ..!

Alif [ Official Theatrical Trailer ]

കൂടുതല്‍ വായനയ്ക്ക് : 

6.1.14

Lemon Tree (2008) ലെമണ്‍ ട്രീ



ഇസ്രയേൽ  പലസ്തീൻ അതിർത്തി പശ്ചാത്തലമാക്കി, എന്നാൽ ഒരു ഭാഗത്തേക്കും പക്ഷം ചേരാതെ ഒരു സിനിമ; അതിർത്തിയോടടുത്ത് വർഷങ്ങളായി താമസിക്കുന്ന  പലസ്തീൻ വിധവ  സൽമ  തന്റെ ഉപജീവനമാർഗ്ഗവും പരമ്പരാഗത സ്വത്തുമായ  നാരകതോട്ടം പുതിയ അയല്പക്കക്കാരുടെ സുരക്ഷയ്ക്കായി ഉന്മൂലനം ചെയ്യാനുള്ള ഇസ്രയേലി പട്ടാള ഉത്തരവിനെതിരെ നടത്തുന്ന നിയമപരമായ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.

നാരകമരങ്ങളുടെ പച്ചപ്പിലും സമൃദ്ധിയിലും കുടിലിനു തുല്യം ചെറിയ ഒരു വീട്ടിൽ സ്വസ്ഥമായി തന്റേത് മാത്രമായ ലോകത്ത് കഴിഞ്ഞ് കൂടുന്നതിനിടയിലാണ്  സൽമയ്ക്ക് ഇസ്രയേൽ  പ്രതിരോധമന്ത്രിയും കുടുംബവും അയൽക്കാരായി എത്തുന്നതും ശനിദശ തുടങ്ങുന്നതും.  ഇടതൂർന്ന നാരകമരങ്ങളുടെ സാന്നിധ്യം മന്ത്രിയുടെ സുരക്ഷയ്ക്ക് ഭീക്ഷണിയാണെന്നും എത്രയും വേഗം അവ വേരോടെ പിഴുതുമാറ്റണമെന്നും സുരക്ഷാവിഭാഗം റിപ്പോർട്ട് നൽകുന്നു ; ഒപ്പം ആ ഭൂഭാഗത്തെ ഒരു താല്ക്കാലിക സുരക്ഷാ വേലിക്കകത്താക്കി സൽമയെ തോട്ടത്തിലേക്ക് പ്രവേശിക്കുന്നതിലേക്ക് വിലക്കേർപ്പെടുത്തുകയും ചെയ്യുന്നു. 
ഇതിനെതിരെ അവർ നടത്തുന്ന ഒറ്റയാൾ നീക്കങ്ങളൊന്നും തന്നെ ഫലിക്കുന്നില്ലന്നു മാത്രമല്ല സമൂഹത്തിൽ നിന്നും ഒറ്റപെടേണ്ടിയും വരുന്നു. മക്കളുടെ പോലും സഹായം അവരിലേക്കെത്തുന്നില്ല. പ്രാദേശിക നേതാക്കളുടെയും  സ്ഥലത്തെ പ്രധാന ദിവ്യന്മാരുടെയും  ഒക്കെ അടുത്ത് സൽമ  സഹായം തേടുന്നുവെങ്കിലും ആരും നേരാംവണ്ണം അവരെ തുണയ്ക്കുന്നില്ല.

നിയമപോരാട്ടം എന്നത് മാത്രമേയുള്ളൂ രക്ഷയെന്ന നിലയിലേക്കെത്തിയ അവരുടെ വക്കാലത്ത് ചെറുപ്പക്കാരനായ ഒരു അഭിഭാഷകൻ ഏറെ മടിയോടെയാണെങ്കിലും ഏറ്റെടുക്കുന്നു; പിന്നീട് ഈ ബന്ധം അയാൾക്ക് അവരോടുള്ള ശാരീരികപ്രണയമായി മാറുകയും  അവർ ഒരു പരിധിവരെ ചില വിട്ടുവീഴ്ചകൾ ചെയ്യാൻ നിർബന്ധിതയാവുന്നുമുണ്ട്.

അതിർത്തി സംഘർഷ രാഷ്ട്രീയവും വക്കീൽ -സൽമ പ്രണയവും ഒക്കെ ദൃശ്യവിഷയമായി രേഖപെടുത്തുന്നുണ്ടെങ്കിലും  ഏകാന്തത അനുഭവിക്കുന്ന രണ്ട് സ്ത്രീകളുടെ മനോവ്യാപാരങ്ങളിൽ  കൂടി കാണുമ്പോഴാണ് ഈ സിനിമ കൂടുതൽ മനോഹരമാകുന്നത്. രണ്ടാമത്തെ സ്ത്രീ മന്ത്രിയുടെ  ഭാര്യാ കഥാപാത്രമാണ്.

രമ്യഹർമ്യം എന്നു  വിശേഷിപ്പിക്കാവുന്ന വലിയ ബംഗ്ലാവിൽ താമസിക്കുന്ന,
പുരോഗമനാശയക്കാരിയെങ്കിലും കീർത്തിമാനായ  ഭർത്താവിന്റെ  (അതിൽ അവർ അഭിമാനം കൊള്ളുന്നതായി ഇടയ്ക്ക് പറയുന്നുണ്ട്) ഇംഗിതങ്ങൾക്കു വിരുദ്ധമായി ഒന്നും പ്രവർത്തിക്കാനാകാതെ , തന്റെ വികാര വിചാരങ്ങളെ ഉള്ളിലൊതുക്കി ഒറ്റപെട്ടന്നവണ്ണം തന്റേതായ ലോകത്ത് കഴിയുന്ന ഇവർ , സൽമയ്ക്ക് അനുകൂലമായ ചില നടപടികൾ സ്വീകരിക്കുന്നുമുണ്ട്.  മിണ്ടാതെ മിണ്ടുന്ന ഈ അയൽക്കാരികളുടെ മനോവ്യഥകളിലും വൈകാരിക വിചാരങ്ങളിലും കൂടിയൊക്കെയാണു ഈ സിനിമയുടെ പ്രമേയം യാഥാര്‍ത്ഥ്യത്തില്‍ വികാസം പ്രാപിക്കുന്നത്. 

ഒരുപാട് സൂത്രപണികളൊന്നുമില്ലാതെ പരത്തി പറഞ്ഞു പോകുന്ന  കഥാസന്ദർഭങ്ങളിൽ ചിലയിടങ്ങിലെങ്കിലും വിശദാംശങ്ങളിലേക്ക് സംവിധായകൻ കടക്കുന്നത് ശ്രദ്ധേയമാണ് . ആദ്യമായി സൽമ അഭിഭാഷകനെ കാണുന്ന സന്ദർഭത്തിൽ അയാൾ  ടിന്നിൽ വരുന്ന ട്യൂണ പോലൊരു മത്സ്യവിഭവം കഴിച്ചു കൊണ്ടിരിക്കുകയാണ് , തീർച്ചയായും അതിൻറെ സുഖകരമല്ലാത്ത ഗന്ധം വിരലുകളിൽ  ഉണ്ടാവും, അതയാൾ മണപ്പിച്ച് നോക്കുന്നുണ്ട് . പിന്നീട് പ്രണയാതുരതയോടെ സൽമയെ  കാണുമ്പോഴൊക്കെയും അയാൾ ബോധപൂർവ്വമല്ലാതെന്നവണ്ണം  സ്വന്തം വിരലുകൾ മണപ്പിക്കുന്നത്പോലുള്ള സീക്വന്‍സുകള്‍ ഉദാഹരണം

പലസ്തീൻ- ഇസ്രയേൽ  മാത്സര്യത്തിന്റെ സങ്കീർണതകളെക്കാളേറെ ഉദ്ധ്യോഗസ്ഥ മേധാവിത്വം അടിച്ചേൽപ്പിക്കുന്ന നിയമങ്ങളും രാഷ്ടീയതീരുമാനങ്ങളും സാധാരണക്കാരനെ എങ്ങിനെയൊക്കെ ബാധിക്കുന്നു എന്ന് ഈ ചിത്രം ചർച്ച  ചെയ്യുന്നു ; അത് പോലെ ഇത്തരം ഒരു വിഷയം ടി.വി. പത്രമാധ്യമങ്ങള്‍ എങ്ങിനെഅവതരിപ്പിക്കുന്നുവെന്നും. സദാചാര പോലീസ് ഇടപെടല്‍ സല്‍മയില്‍ വരുത്തുന്ന മാറ്റങ്ങളും ശ്രദ്ധിക്കപെടും.


മാനുഷികത , കരുണ , സ്നേഹം, അനീതി , ഏകാന്തത , സംരക്ഷണം തുടങ്ങിയ വികാരങ്ങളിലൂടെ കടന്ന് പോകുന്ന കഥാപാത്രങ്ങളിൽ പ്രധാനി സൽമയെ ഹിയാം അബ്ബാസ് എന്ന പലസ്തീൻ നടി വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു.

Lemon Tree  (2008)  "Etz Limon" (original title)

Language:Arabic , Hebrew
Country : Israel, Germany ,France
Director: Eran Riklis
Writers: Eran Riklis , Suha Arraf
Cast: Hiam Abbass , Ali Suliman, Rona Lipaz-Michael , Doron Tavory

ചിത്രങ്ങൾ  : ഇന്റർനെറ്റിൽ നിന്നും

























Template Designed by Douglas Bowman - Updated to New Blogger by: Blogger Team
Modified for 3-Column Layout by Hoctro