ചെറിയ കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കി 'ഷാങ്ങ് യുവാന്‍' സംവിധാനം ചെയ്തവതരിപ്പിക്കുന്ന ചൈനീസ് ചിത്രമാണ് ' ലിറ്റില്‍ റെഡ് ഫ്‌ളവേഴ്സ്'. 50 കളിലെ എന്ന് തോന്നിപ്പിക്കുന്ന ഒരു ചൈനീസ് ബോര്‍ഡിംഗ് നഴ്‌സറി സ്കൂള്‍ ആണ് പശ്ചാത്തലം. നാലു വയസ്സുകാരന്‍ ഫാങ്ങ് ക്യുയാങ്ങ്‌ക്യുയാങ്ങ് ഈ പാഠശാലയിലെത്തുന്നതോടെ തുടങ്ങുന്ന ചിത്രം, വ്യവസ്ഥാപിത രീതികളുമായുള്ള പൊരുത്തപ്പെടലും പൊരുത്തക്കേടുകളും അനുസരണശീലങ്ങളുടെ ചിട്ടയായ (?) പഠനരീതികളും വെളിവാക്കുന്നു.
നല്ല ശീലങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവ കുട്ടികളിലേക്ക് അടിച്ചേല്‍പ്പിക്കുവാന്‍ പരിശ്രമിക്കുകയും ചെയ്യുന്ന മിസ്.ലീ യെന്ന അധ്യാപികയുടെ പ്രധാന തുറുപ്പ്ചീട്ടാണ് 'ചുവന്ന പൂക്കള്‍' എന്ന സമ്മാനപദ്ധതി. ശരിയായ രീതിയില്‍ കാര്യങ്ങള്‍ മനസ്സിലാക്കുകയും അനുസരിക്കുകയും ചെയ്യുന്ന കുട്ടികള്‍ക്ക് ലീ ചുവന്നപൂവുകള്‍ സമ്മാനിയ്ക്കുന്നു. മത്സരബുദ്ധിയോടെ സമ്മാനപ്പൂക്കള്‍ നേടാനും ക്ളാസ് റൂമിലെ ബോര്‍ഡ് ഡിസ്‌പ്ളേയില്‍ പൂജ്യം സ്കോറില്‍ നിന്ന് കരകേറാനും മിടുക്കനെങ്കിലും നവാഗതനായ കൊച്ചു ക്യുയാങ്ങിന് കഴിയുന്നില്ല. അവനിപ്പോഴും തനിയെ വസ്ത്രം ധരിക്കാനറിയില്ല, കിടക്കയില്‍ മൂത്രമൊഴിയ്കുകയും ചെയ്യും.സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനവന്‍ ശ്രമിക്കുന്നുണ്ടങ്കിലും കഴിയുന്നില്ല, ചിലപ്പോഴെങ്കിലും ഒറ്റപ്പെടുകയും ചെയ്യുന്നു. പക്ഷേ അടിച്ചമര്‍ത്തലിനെതിരേ പ്രതികരിക്കുന്ന ക്യുയാങ്ങിണ്റ്റെ ചോദ്യശരങ്ങള്‍ കുട്ടികളുടെ മാത്രമല്ല വലിയവരുടെ ലോകത്തും ഒരുപാട് അര്‍ത്ഥതലങ്ങള്‍ ഉളവാക്കുന്നവയാണ്.ഒറ്റപ്പെടലിന്റെ വേദനയില്‍ രാത്രികാലങ്ങളില്‍ സ്വന്തം നിഴലിനോട് കൂട്ടുകൂടാനും കളിയ്കാനും മറ്റും അവന്‍ ശ്രമിക്കുന്നു. അടിച്ചമര്‍ത്തലിനെതിരേ ക്യുയാങ്ങ് പ്രതികരിയ്ക്കുന്നതും സംഘം ചേരാന്‍ മറ്റ് കുട്ടികളെ പ്രേരിപ്പിക്കുന്നതും,അതില്‍ വിജയിക്കുന്നതും ഇടക്കാലത്തേങ്കിലും കൂട്ടുകാരുടെ ഹീറോ ആയി മാറുന്നതും ശിക്ഷാനടപടികളുടെ ഭാഗമായി വീണ്ടും ഒറ്റപ്പെടുന്നതും വളരെ മനോഹരമായും ലളിതമായും ചിത്രീകരിച്ചിട്ടുണ്ട് ഷാങ്ങ് യുവാന്‍.
നമുക്കൊരിക്കലും തിരിച്ചുകിട്ടാതെ നഷ്ടപ്പെടാനുള്ളതാണ് കുട്ടിക്കാലമെന്ന് ആദര്‍ശപ്രസംഗ ത്തിനൊപ്പം ചെറുകുസൃതികള്‍ക്ക് ക്യുയാങ്ങിനെ മറ്റ് കുട്ടികളില്‍ നിന്ന് ഒറ്റപ്പെടുത്തുവാന്‍ നിര്‍ദ്ദേശം നല്‍കുന്ന ഹെഡ്മിസ്‌ട്രസ്സും, കുട്ടികളില്‍ നല്ല ശീലങ്ങള്‍ എന്നപേരില്‍ തന്റേതായ ചിട്ടവട്ടങ്ങള്‍ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുകയും അതില്‍ ആനന്ദിക്കുകയും ചെയ്യുന്ന മിസ്.ലീ യെന്ന അധ്യാപിയകയും പക്ഷേ 'ക്യുയാങ്ങ്' എന്ന നാലുവയസുകാരന്റെ ധിക്ഷണാശക്തിയ്ക്കു മുന്‍പില്‍ ചിലപ്പോഴെങ്കിലും പതറിപ്പോകുന്നുണ്ട്. നര്‍മ്മം കലര്‍ത്തിയ തിരക്കഥാരചന ചിലപ്പോഴൊക്കെയും ക്യുയാങ്ങ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നമ്മുടേത് കൂടിയാണന്ന തോന്നലില്‍ അവന്റെ ഒറ്റയാള്‍ പോരാട്ടത്തിനൊപ്പം കൂടാന്‍ പ്രേരിപ്പിക്കും വിധം വിങ്ങലുണ്ടാക്കുകയും ചെയ്യുന്നു. സമകാലിക രാഷ്ട്രീയം ചെറുതായെങ്കിലും ചര്‍ച്ചചെയ്യുവാന്‍ ചിത്രം ശ്രമിക്കുന്നുമുണ്ട്
2006 ല്‍ നിര്‍മ്മിച്ച ഈ 92 മിനുട്ട് ചൈന-ഇറ്റലി സംയുക്ത ചിത്രം ബെര്‍ലിന്‍ ഇന്റെര്‍നാഷണല്‍ ഫെസ്റ്റിവലില്‍ പുരസ്ക്കാരം നേടി.