10.12.06

ഹബാനാ ബ്ലൂസ്


സ്പെയിന്‍/ക്യൂബ/ഫ്രാന്‍സ്‌ സംയുക്ത സംരംഭമായ സ്പാനിഷ്‌ ചിത്രം ഹബാനാ ബ്ലൂസ് ക്യൂബയുടെ യുവത്വത്തിന്റെയും സംഗീതത്തിന്റെയും വിവിധ വശങ്ങള്‍ തുറന്നുകാട്ടുന്ന ചിത്രമാണ്‌.
രണ്ട്‌ സ്പാനിഷ്‌ പ്രൊഡ്യൂസര്‍മാര്‍ ക്യൂബയിലെത്തി പുത്തന്‍ സംഗീതപ്രതിഭകളെ തേടുന്നു. സംഗീതം തലയ്ക്ക്‌ പിടിച്ച ക്യൂബക്കാരായ റൂയിക്കും തിതോയും ഇതറിയുന്നു.അവരാകട്ടെ സംഗീതത്തിലൂടെ പ്രശസ്തരാകാനും ഹവാന വിടാനും കാത്തിരിക്കുന്നവര്‍.ഭാര്യയോടും രണ്ട്‌ കുട്ടികളോടൊപ്പം താമസിക്കുന്ന റൂയിയുടെ ദാമ്പത്യജീവിതം തകര്‍ച്ചയുടെ വക്കിലാണ്‌, എങ്കിലും അവര്‍ പരസ്പരം സ്നേഹിക്കുന്നുവെന്നത്‌ വിരോധാഭാസമാകാം. മുത്തശ്ശിയ്കൊപ്പം താമസിക്കുകയാണ്‌ തിതോ. സ്പാനിഷ്‌ നിര്‍മ്മാതാക്കളില്‍ നിന്നും അവര്‍ക്ക്‌ നല്ല ഓഫര്‍കിട്ടുന്നുവെങ്കിലും കമ്പനിയുടെ നിബന്ധനകളുടെ കുരുക്കുകള്‍ തിറ്റോയും റൂയിയും തിരിച്ചറിയുന്നു, ഒപ്പം സ്വപ്നങ്ങളിലേക്കുള്ള ദൂരം വളരെ വലുതാണെന്നും. ക്യൂബ വേണോ സംഗീതത്തിന്റെ പ്രശസ്തിയില്‍ ലഭിക്കാവുന്ന സ്വപ്നതുല്യമായ ജീവിതം വേണോയെന്ന മാനസിക സംഘര്‍ഷം റൂയിക്കും തിതോയ്ക്കുമൊപ്പം കാഴ്ചക്കാരും പങ്ക്‌ വെയ്ക്കുന്നു.

അന്‍പതോളം ക്യൂബന്‍ മ്യൂസിക്‌ ബാന്‍ഡ്‌ കാരെ ഇന്റര്‍വ്യൂ നടത്തിയശേഷം തയ്യാറാക്കിയ തിരക്കഥ ക്യൂബന്‍ മ്യൂസിക്കിന്റെ മാസ്മരികതയും ബാന്‍ഡ്‌കാര്‍ ഇന്നു നേരിടുന്ന പ്രശ്നങ്ങളും തുറന്ന് കാട്ടുന്നു.ഒരു സംഗീതാനുഭവം കൂടിയായ ഹബാന ബ്ലൂസിന്റെ സംവിധാനം ബെനിറ്റോ സാംബ്രാനോ.

'ഫുള്‍ ഓര്‍ എം‌പ്റ്റി'


മേളയുടെ രണ്ടാം ദിവസം 'ഇറ്റ്‌സ്‌ വിന്റര്‍'നു ശേഷം മറ്റൊരു ഇറാനിയന്‍ ചിത്രം കൂടി കാണുവാന്‍ കഴിഞ്ഞു. മത്സര വിഭാഗത്തില്‍ കൈരളിയില്‍ പ്രദര്‍ശിപ്പിച്ച 'ഫുള്‍ ഓര്‍ എം‌പ്റ്റി', അബോള്‍ ഫസല്‍ ജലിലിയുടെ വ്യത്യസ്തമാര്‍ന്ന ഒരു രചന. 17 കാരനായ നവീദ്‌ റെയ്‌സി പേര്‍ഷ്യന്‍ സാഹിത്യം പഠിപ്പിക്കുന്ന ജോലിയന്വേഷിച്ച്‌ ഗ്രാമത്തില്‍ നിന്നും യാത്രതിരിക്കുന്നു. സര്‍ക്കാര്‍ സ്ഥാപനത്തില്‍ മുന്‍ഗണന പട്ടികയില്‍ പേര്‍ ചേര്‍ക്കാന്‍ കഴിയുന്നുവെങ്കിലും ഓരോരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ്‌ ജോലിയ്ക്കെടുക്കുന്നില്ല. ചേരിപ്രദേശത്തെ ഒരു വിധവയോടൊപ്പം പേയിംഗ്‌ ഗസ്റ്റ്‌ ആയി കൂടുന്ന നവീദ്‌ കന്നുകാലിമേയ്ക്കല്‍ പോലെയുള്ള ജോലികളില്‍ ഏര്‍പ്പെടുന്നു.
ഒരു രാത്രി സ്വപ്നം കാണുന്ന പെണ്‍കുട്ടിയെ പിന്നീട് നേരിലും കണ്ടെത്തുന്ന നവീദ്‌ അവളുമായി പ്രണയത്തിലാകുന്നു. അവളുടെ സഹോദരന്‍ ജോലിചെയ്യുന്ന ബാര്‍ബര്‍ ഷോപ്പില്‍ നിന്നും പലതവണ മര്‍ദ്ദനമേല്‍ക്കേണ്ടിവന്നിട്ടും അവന്‍ പ്രണയത്തില്‍ നിന്നും പിന്‍മാറുന്നില്ല. ഇതിനിടെ അവന്റെ സ്വപ്നമായ അധ്യാപക ജോലിയ്കായി നിരന്തര പരിശ്രമവും നടത്തുന്നുണ്ടെങ്കിലും അവയൊന്നും സഫലമാകുന്നില്ല. വ്യവസ്ഥാപിത ക്രമത്തില്‍ താല്‍പര്യമില്ലാത്ത ധിക്കാരിയായി മാറുന്ന നവീദ്‌ ഉയര്‍ത്തുന്ന ചോദ്യങ്ങളും ജീവിതമാര്‍ഗമായി അവന്‍ തിരഞ്ഞെടുക്കുന്ന നൂതനമായ വഴികളും ലോക്കല്‍ പൊലീസിനും തലവേദനയാകുന്നു. ഒരവസരത്തില്‍ കടലാസ്സ്‌ വെട്ടിയുണ്ടാക്കിയ വിമാനമാതൃകകള്‍ക്ക്‌ ബിന്‍ ലാദന്റെ വിമാന റാഞ്ചല്‍ പദ്ധതികള്‍ക്കുമായുള്ള ബന്ധം ആരോപിച്ച്‌ അവനെ റിമാന്‍ഡ്‌ ചെയ്യുന്നുപോലുമുണ്ട്‌.
പ്രണയിക്കുന്നവളെ സ്വന്തമാക്കുവാന്‍ പണം സമ്പാദിക്കുവാനായി ഇന്റര്‍നാഷണല്‍ ബാര്‍ബര്‍ ഷോപ്പ്‌ തുടങ്ങി വിജയിക്കുന്ന നവീദ്‌ വിവാഹത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കിടയില്‍ ആ പെണ്‍കുട്ടി വിധവയും മൂന്നു കുട്ടികളുടെ അമ്മയും മറ്റൊരുവനുമായി പ്രണയത്തിലാണെന്നുമറിയുന്നു.ഇതേ പെണ്‍കുട്ടിയെ ഇറാന്‍ സ്ത്രീകള്‍ നേരിടുന്ന നിരവധി പ്രശ്നങ്ങളുടെ പ്രതീകമായി ചിത്രത്തിലുടനീളം സംവിധായകന്‍ അവതരിപ്പിക്കുന്നുമുണ്ട്‌. ഭരണകൂടത്തിനോടുള്ള വെല്ലുവിളിയായി നവീദിന്റെ സംഭാഷണങ്ങള്‍ മാറുന്നത്‌ കൊണ്ടാകണം ഇറാനില്‍ ഈ ചിത്രം ഇനിയും പ്രദര്‍ശിപ്പിച്ചിട്ടില്ല. കറുത്ത സത്യങ്ങള്‍ തമാശകലര്‍ത്തി അവതരിപ്പിക്കുവാനുള്ള സംവിധായകന്റെ ശ്രമം വിജയിച്ചുവെന്നു തന്നെ കരുതാം.

ഇറ്റ്‌ ഈസ്‌ വിന്റര്‍


ഇറാനിയന്‍ ചലച്ചിത്രകാരന്‍ റാഫി പിറ്റ്‌സ്‌ ടെഹ്‌റാന്‍ പ്രദേശത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ചിത്രമാണ്‌ 'ഇറ്റ്‌ ഇസ്‌ വിന്റര്‍'. മഞ്ഞ്‌കാലത്ത്‌ തൊഴില്‍ നഷ്ടപ്പെടുന്ന 'മൊക്താര്‍' ഭാര്യയും മകളുമടങ്ങുന്ന കുടുംബത്തെ ഉപേക്ഷിച്ച്‌ നാടുവിടുന്നു. അയാള്‍ യാത്ര തുടങ്ങുന്നയിടത്തു നിന്നു തന്നെ യാത്രയവസാനിപ്പിക്കുന്ന 'മര്‍ഹബ്‌' എന്ന മെക്കാനിക്ക്‌.പട്ടണത്തിന്‌ അപരിചിതനായ ഈ തൊഴില്‍ അന്വേഷി ഒടുവില്‍ ഭര്‍ത്താവില്ലാതെ കഴിയുന്ന യുവതിയുമായി അടുപ്പത്തിലാകുന്നു.തന്നെ ഉപേക്ഷിച്ചു പോയ 'മൊക്താര്‍' മരണപ്പെട്ട്‌ വെന്ന്‌ കരുതുന്ന സ്ത്രീ തന്നെയാണത്‌. ആശയകുഴപ്പങ്ങളിലൂടെ വികാസം പ്രാപിക്കുന്ന ദൃശ്യങ്ങള്‍ മിക്ക ഇറാനിയന്‍ ചിത്രങ്ങളും പ്രകടിപ്പിക്കുന്ന ലളിതവും മനോഹരവുമായ ആഖ്യാനശൈലിയില്‍ തന്നെയാണ്‌. ഒരു കുടുംബത്തിന്‌, അല്ലെങ്കില്‍ ഒരു പ്രദേശത്തിനു തന്നെയും നഷ്ടമാകുന്ന ഒരാള്‍ക്ക്‌ പകരം മറ്റൊരുവന്‍ രംഗപ്രവേശനം ചെയ്യുന്നതുള്‍പ്പെടെയുള്ള രംഗങ്ങള്‍ ദൃശ്യപരമായ മനോഹാരിതകൊണ്ടും പ്രമേയത്തിന്റെ പുതുമകൊണ്ടും ആകര്‍ഷകമാക്കിയിടുണ്ട്‌ റാഫി പിറ്റ്‌സ്ന്റെ ചലച്ചിത്രഭാഷ;ഒപ്പം ദാരിദ്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും ചില വ്യത്യസ്ത മുഖങ്ങളും അനാവരണം ചെയ്യുന്നു. ലോകസിനിമാ പാക്കേജിലുള്‍പ്പെടുത്തിയവതരിപ്പിച്ച ഈ ചിത്രം നിറഞ്ഞ സദസ്‌ കയ്യടികളോടെ സ്വീകരിച്ചു

'സംതിംഗ്‌ ലൈക്ക്‌ ഹാപ്പിനസ്സ്‌



ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'സംതിംഗ്‌ ലൈക്ക്‌ ഹാപ്പിനസ്സ്‌ ' പേര്‌ സൂചിപ്പിക്കുന്ന വിധം ‘സന്തോഷം പോലെ എന്തോ ഒന്ന് ‘ തന്നെയാണ്‌.ബോദാന്‍ സ്ളാമ സംവിധാനം ചെയ്ത ഈ ചെക്ക്‌- ജര്‍മ്മന്‍ സംരംഭം അവതരണ ഭംഗികൊണ്ട്‌ ശ്രദ്ധേയമായി.

സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിചെയ്യുന്ന മോണിക്ക, അമേരിക്കയിലുള്ള പ്രതിശ്രുതവരന്റെ വിളിയ്ക്ക്‌ കാതോര്‍ത്തിരിക്കുമ്പോള്‍ തന്നെ ബാല്യകാല സുഹൃത്തായ ടോണിക്ക്‌ മായും സൌഹൃദം തുടരുന്നു. അതിനവള്‍ മറ്റ്‌ വ്യാഖ്യാനമൊന്നും കല്‍പ്പിച്ചിട്ടില്ലങ്കില്‍ കൂടിയും ടോണിക്കിന്‌ ഉള്ളിലൊതുക്കിയ ചില മോഹങ്ങളൊക്കെയുണ്ട്‌. ചോര്‍ന്നൊലിക്കുന്ന ഒരു വീട്ടില്‍ ആന്റിയോടൊപ്പം താമസിക്കുന്ന ടോണിക്കിന്‌ പക്ഷേ മോഹങ്ങള്‍ പങ്ക്‌വെയ്ക്കാനാകുന്നില്ല. പക്ഷേ മോണിക്കയുടെ അടുത്ത ഫ്ളാറ്റില്‍ താമസിക്കുന്ന രണ്ട്‌ ചെറിയകുട്ടികളും അവരുടെ മാനസികവിഭ്രാന്തിയ്ക്കടിമപ്പെട്ട അമ്മയും ടോണിക്കിന്റെയും മോണിക്കയുടേയും ജീവിതഗതി മാറ്റി മറിയ്ക്കുന്നു.അമ്മ ഭ്രാന്താശുപത്രിയിലാകുമ്പോള്‍ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുന്ന മോണിക്ക വീട്ടില്‍ നിന്നും പുറത്താകുന്നു,ഒപ്പം ടോണിക്കുമായി കൂടുതല്‍ അടുക്കുകയും.കുട്ടികളെ അമ്മ വീണ്ടെടുത്ത്‌ കൊണ്ട്‌ പോകുകയും അമേരിക്കന്‍ ജീവിതമോഹം നഷ്ടപ്പെടുകയും ചെയ്യുന്ന മോണിക്കയ്ക്ക്‌ ടോണിക്കും ഒടുവില്‍ കാണാമറയത്താകുന്നു.

കുട്ടികളുടെ വരവോടെ 'സന്തോഷം പോലെ എന്തോ ഒന്നിന്‌' അടിമപ്പെടുന്ന മോണിക്കയുടെയും ടോണിക്കിന്റെയും മ്ലാനമായ ജീവിതമുഖങ്ങളാണീ ചിത്രത്തിലുടനീളം,ഒപ്പം പാശ്ചാത്യരുടെ ആത്മാവില്ലാത്ത ജീവിതശൈലിയുടെ ആവിഷ്ക്കരണവും.

ചലച്ചിത്രമേള - 2006

കേരളത്തിന്റെ പതിനൊന്നാമത്‌ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക്‌ തുടക്കമായി. ചുരുങ്ങിയ കാലം കൊണ്ട്‌ അന്താരാഷ്ട്രതലത്തില്‍ വളരെയധികം ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞ അനന്തപുരിയുടെ ഈ മേളയിലേക്ക്‌ ചിത്രങ്ങളയയ്ക്കുവാന്‍ ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രതിഭകള്‍ ഓരോ വര്‍ഷവും ശ്രദ്ധവെയ്ക്കുന്നുവെന്നതും ഗോവയിലെ സ്ഥിരം വേദിയിയില്‍ നടക്കുന്ന അന്താരാഷ്ട്രമേളയെക്കാളും ഉന്നതനിലവാരം പുലര്‍ത്തുന്ന സഹൃദയ ജനപങ്കാളിത്തം കൊണ്ട്‌ സമ്പന്നമാണെന്നതും മേളയുടെ സംഘാടകര്‍ക്ക്‌ വലിയ വെല്ലുവിളി തന്നെയാണ്‌.ഇനി വരുന്ന ഒരാഴ്ചക്കാലം രാവും പകലും കാഴ്ചയുടെയും സംവാദങ്ങളുടെയും പ്രതികരണങ്ങളുടെയും വേദികളായിമാറുന്നു അനന്തപുരിയിലെ ആറോളം തീയറ്ററുകളും പരിസരവും.


ഉദ്ഘാടനം IFFK- 2006


ക്യാമറയ്ക്ക്‌ മുന്‍പിലും പിന്നിലുമായി മലയാളസിനിമാ വേദിയ്ക്ക്‌ അതുല്യ സംഭാവനകള്‍ നല്‍കിയ ഇരുപത്തിയഞ്ചോളം പ്രതിഭകളെ ആദരിച്ചുകൊണ്ട്‌ ആരംഭിച്ച ഉദ്ഘാടന ചടങ്ങ്‌ വ്യത്യസ്ഥത കൊണ്ട്‌ ശ്രദ്ധേയമായി.
സംഗീത പ്രതിഭ ജി.ദേവരാജന്‍ മാസ്റ്ററുടെ പേര്‌ നല്‍കിയ, നിറഞ്ഞുകവിഞ്ഞ നിശാഗന്ധി ഓപ്പണ്‍ എയര്‍ തീയറ്ററില്‍ കേരളപ്പിറവിയുടെ സുവര്‍ണജൂബിലിയെയും പ്രതീകാത്മകമായി സൂചിപ്പിച്ചു കൊണ്ട്‌ ഒരേ സമയം തെളിയിക്കപ്പെട്ട കുരുത്തോലയില്‍ അലങ്കരിച്ച അന്‍പത്‌ മണ്‍ചിരാതുകളിലെ വെളിച്ചം കേരളത്തനിമയും മലയാളസിനിമാ ചരിത്രത്തെയും ബന്ധിപ്പിക്കുന്ന കണ്ണിയായി; മലയാളിയുടെ ദൃശ്യോത്സവത്തിന്‌ തുടക്കവുമായി.


സാംസ്ക്കാരിക വകുപ്പ്‌ മന്ത്രി.എം.എ ബേബി,ചലചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കെ.ആര്‍ മോഹന്‍, ഈ വര്‍ഷത്തെ ഇന്റെര്‍നാഷണല്‍ ജൂറി ചെയര്‍മാനും പാലസ്തീനിയന്‍ ചലച്ചിത്രകാരനുമായ ഏലിയ സുലൈമാന്‍, ഫെസ്റ്റിവല്‍ ആര്‍ട്ടിസ്റ്റിക്‌ ഡയറക്ടര്‍ ബീനാപോള്‍, തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ മുതിര്‍ന്ന ചലച്ചിത്രപ്രവര്‍ത്തകരായ ദക്ഷിണാമൂര്‍ത്തി, അടൂര്‍ ഭവാനി,കെ.എസ്‌ സേതുമാധവന്‍, ഓ.എന്‍.വി കുറുപ്പ്‌, ശോഭനാ പരമേശ്വരന്‍ നായര്‍, സുകുമാരി, ശാരംഗപാണി, നവോദയ അപ്പച്ചന്‍,നെയ്യാറ്റിന്‍കര കോമളം,ജി.കെ പിള്ള, കവിയൂര്‍ പൊന്നമ്മ, ജയഭാരതി,ശ്രീകുമാരന്‍ തമ്പി,യേശുദാസ്‌,സുബ്രമണ്യം കുമാര്‍,കെ.പി.ഉദയഭാനു,ശശികുമാര്‍, എന്‍.ഗോപാലകൃഷ്ണന്‍,തുടങ്ങിയവരെയാണ്‌ ആദരിച്ചത്‌. അടൂര്‍ ഗോപാലകൃഷ്ണന്‍, രേവതി,ഓസ്കാര്‍ അവാര്‍ഡ്‌ ജേതാവും ജൂറി അംഗവുമായ നടി ജൂലിയ ക്രിസ്റ്റി, ദക്ഷിണാഫ്രിക്കന്‍ സംവിധായക പ്രതിഭ ദാനിയല്‍ ജയിംസ്‌ റൂസ്‌ തുടങ്ങിയവരുടെ സാന്നിദ്ധ്യം കൊണ്ട്‌ സമ്പന്നമായിരുന്നു സദസ്സിന്റെ മുന്‍ നിര. സംഗീതപ്രതിഭ രാഘവന്‍ മാസ്റ്ററുടെ ഗാനങ്ങളും കൂട്ടിചേര്‍ത്ത്‌ , കേരളത്തിന്റെ തനത്‌ കലാരൂപങ്ങളുടെയെല്ലാം സമന്വയമായി സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ മേല്‍നോട്ടത്തില്‍ അവതരിപ്പിച്ച 'ഇന്‍ക്രെഡിബിള്‍ കേരള' വ്യത്യസ്തത പുലര്‍ത്തിയ ദൃശ്യവിരുന്നായി.


ഉദ്ഘാടന ചിത്രം- നൊമ്പരമുണര്‍ത്തിയ ' മണലൊച്ചകള്‍'

മനസ്സിന്റെ ഉള്‍ക്കോണുകളിലെവിടെയൊക്കെയോ നൊമ്പരത്തിന്റെ തിരുശേഷിപ്പുകള്‍ ഉറപ്പിച്ച ചലച്ചിത്ര അനുഭവമായി ഉദ്ഘാടനചിത്രമായ 'ദ്‌ സൌണ്ട്‌സ്‌ ഓഫ്‌ സാന്‍ഡ്‌'.
വരള്‍ച്ചാ ദുരിതത്തിന്റെയും ,പലായനത്തിന്റെയും ദൃശ്യഭാഷ ചമച്ച സംവിധായിക മരിയന്‍ ഹാന്‍സല്‍ നിശാഗന്ധിയില്‍ തടിച്ചുകൂടിയ ആയിരങ്ങളുടെ ഹൃദയങ്ങളിലേക്ക്‌ തീ കോരിയിട്ടു..കടുത്ത വരള്‍ച്ചയില്‍ സഹാറ മരുഭൂമിയുടെ പശ്ചാത്തലത്തില്‍ ജീവജലം തേടി ഒരു കുടുംബത്തിന്റെ പ്രയാണം, ദുരിതം, പ്രതീക്ഷ, ഒപ്പം യുദ്ധകെടുതികളുടെ ഭീതിയും.


മറ്റ്‌ ഗ്രാമവാസികളുടെ പാതയില്‍ നിന്നും നേരെ എതിര്‍ദിശയിലേക്ക്‌ പ്രയാണം നടത്തുന്ന വിദ്യാസമ്പന്നനായ റഹ്‌നയും ഭാര്യ മൌനയും മൂന്ന്‌ മക്കളും,പിന്നെ അവരുടെ സമ്പാദ്യമായ ആടുകളും ഒട്ടകവും. പ്രകൃതിയുടെ ദയാരഹിതവും നിര്‍വ്വികാരവുമായ വിവിധമുഖങ്ങളും ഒപ്പം നിഷ്ടൂരവും മനുഷ്യത്വരഹിതവുമായ ലോകത്തിന്റെ പരിശ്ചേദവും യുക്തിപരമായി സംയോജിപ്പിക്കുന്ന ഈ ചിത്രം സിനിമകാഴ്ചയുടെ ഒഴിച്ചുകൂടാനാവാത്ത രാഷ്ട്രീയ സാധ്യതകളും ആവര്‍ത്തിച്ചുറപ്പിക്കുന്നു.

ചെറിയ ഒരു കുടം വെള്ളത്തിനായി ആകെയുള്ള സമ്പാദ്യങ്ങളിലൊന്നായ ആടിനെ പട്ടാളക്കാര്‍ക്ക്‌ കൈമാറുന്നതും ഒട്ടകത്തിന്റെ മുലകാമ്പില്‍ പോലും ഒരിറ്റ്‌ നനവിനായി പരതുന്നതുമൊക്കെ ലളിതമായ ദൃശ്യങ്ങളിലൂടെ സംവിധായിക പ്രേക്ഷകമനസ്സിലേക്ക്‌ നൊമ്പരത്തിന്റെ മണല്‍കാറ്റാക്കുന്നു. മരുഭൂമിയുടെ, നിശബ്ദമെങ്കിലും ഭയാനകമായ ദുരിതങ്ങല്‍ വെളിവാക്കുന്ന വാള്‍ട്ടര്‍ വന്‍ഡന്‍ എന്ദേയുടെ ലോംഗ്‌ ഷോട്ടുകളും, ഒപ്പം സംഗീതത്തിന്റെ മിതമായ ഉപയോഗവും കൊണ്ട്‌ ശ്രദ്ധേയമാണീ ഫ്രാന്‍സ്‌-ബെല്‍ജിയം സംരംഭം.
Template Designed by Douglas Bowman - Updated to New Blogger by: Blogger Team
Modified for 3-Column Layout by Hoctro