
മേളയുടെ രണ്ടാം ദിവസം 'ഇറ്റ്സ് വിന്റര്‍'നു ശേഷം മറ്റൊരു ഇറാനിയന്‍ ചിത്രം കൂടി കാണുവാന്‍ കഴിഞ്ഞു. മത്സര വിഭാഗത്തില്‍ കൈരളിയില്‍ പ്രദര്‍ശിപ്പിച്ച 'ഫുള്‍ ഓര് എംപ്റ്റി', അബോള്‍ ഫസല്‍ ജലിലിയുടെ വ്യത്യസ്തമാര്‍ന്ന ഒരു രചന. 17 കാരനായ നവീദ് റെയ്സി പേര്‍ഷ്യന്‍ സാഹിത്യം പഠിപ്പിക്കുന്ന ജോലിയന്വേഷിച്ച് ഗ്രാമത്തില്‍ നിന്നും യാത്രതിരിക്കുന്നു. സര്‍ക്കാര്‍ സ്ഥാപനത്തില്‍ മുന്‍ഗണന പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയുന്നുവെങ്കിലും ഓരോരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ജോലിയ്ക്കെടുക്കുന്നില്ല. ചേരിപ്രദേശത്തെ ഒരു വിധവയോടൊപ്പം പേയിംഗ് ഗസ്റ്റ് ആയി കൂടുന്ന നവീദ് കന്നുകാലിമേയ്ക്കല്‍ പോലെയുള്ള ജോലികളില്‍ ഏര്‍പ്പെടുന്നു.
ഒരു രാത്രി സ്വപ്നം കാണുന്ന പെണ്‍കുട്ടിയെ പിന്നീട് നേരിലും കണ്ടെത്തുന്ന നവീദ് അവളുമായി പ്രണയത്തിലാകുന്നു. അവളുടെ സഹോദരന് ജോലിചെയ്യുന്ന ബാര്‍ബര്‍ ഷോപ്പില്‍ നിന്നും പലതവണ മര്‍ദ്ദനമേല്‍ക്കേണ്ടിവന്നിട്ടും അവന് പ്രണയത്തില്‍ നിന്നും പിന്മാറുന്നില്ല. ഇതിനിടെ അവന്റെ സ്വപ്നമായ അധ്യാപക ജോലിയ്കായി നിരന്തര പരിശ്രമവും നടത്തുന്നുണ്ടെങ്കിലും അവയൊന്നും സഫലമാകുന്നില്ല. വ്യവസ്ഥാപിത ക്രമത്തില്‍ താല്പര്യമില്ലാത്ത ധിക്കാരിയായി മാറുന്ന നവീദ് ഉയര്‍ത്തുന്ന ചോദ്യങ്ങളും ജീവിതമാര്‍ഗമായി അവന് തിരഞ്ഞെടുക്കുന്ന നൂതനമായ വഴികളും ലോക്കല്‍ പൊലീസിനും തലവേദനയാകുന്നു. ഒരവസരത്തില്‍ കടലാസ്സ് വെട്ടിയുണ്ടാക്കിയ വിമാനമാതൃകകള്‍ക്ക് ബിന്‍ ലാദന്റെ വിമാന റാഞ്ചല്‍ പദ്ധതികള്‍ക്കുമായുള്ള ബന്ധം ആരോപിച്ച് അവനെ റിമാന്‍ഡ് ചെയ്യുന്നുപോലുമുണ്ട്.


1 comment:
ഇതേ പെണ്‍കുട്ടിയെ ഇറാന് സ്ത്രീകള്‍ നേരിടുന്ന നിരവധി പ്രശ്നങ്ങളുടെ പ്രതീകമായി ചിത്രത്തിലുടനീളം സംവിധായകന് അവതരിപ്പിക്കുന്നുമുണ്ട്. ഭരണകൂടത്തിനോടുള്ള വെല്ലുവിളിയായി നവീദിന്റെ സംഭാഷണങ്ങള്‍ മാറുന്നത് കൊണ്ടാകണം ഇറാനില്‍ ഈ ചിത്രം ഇനിയും പ്രദര്‍ശിപ്പിച്ചിട്ടില്ല. കറുത്ത സത്യങ്ങള്‍ തമാശകലര്ത്തി അവതരിപ്പിക്കുവാനുള്ള സംവിധായകന്റെ ശ്രമം വിജയിച്ചുവെന്നു തന്നെ കരുതാം.
Post a Comment