11.12.06

മേള- മൂന്നാം ദിനം

ഇറാന്‍ ചിത്രങ്ങള്‍ക്ക്‌ ഇത്രയധികം പ്രേക്ഷകര്‍ വേറൊരു മേളയിലുമുണ്ടാകില്ലന്ന്‌ തോന്നുന്നു. രാവിലെ മക്‌മല്‍ ബഫിന്റെ ‘സ്ക്രീം ഓഫ്‌ ദ്‌ ആന്റ്സ്‌ ‘ പ്രതീക്ഷത്രനിലവാരം പുലര്‍ത്തിയില്ലെങ്കിലും നിറഞ്ഞുകവിഞ്ഞ കൈരളി തീയറ്റര്‍ അടുത്ത ഇറാനിയന്‍ ചിത്രത്തിനായി കാത്തിരുന്നു. കഷ്ടകാലത്തിന്‌ പുറത്തേക്കിറങ്ങിയ ഞങ്ങള്‍ കുടുങ്ങുകയും ചെയ്തു.അതുകൊണ്ടെന്താ അസ്‌ഗര്‍ ഫര്‍ഹാദിയുടെ 'ഫയര്‍വര്‍ക്സ്‌ വെഡ്‌നെസ്‌ ഡേ‘, ഒറ്റക്കാലിലും തറയിലിരുന്നുമൊക്കെ കാണേണ്ടി വന്നു. സമകാലിക ഇറാനിയന്‍ ജീവിതത്തിലെ കുടുംബകലഹം, ദാമ്പത്യ തകര്‍ച്ച,നായകന്റെ പരസ്ത്രീ ബന്ധം തുടങ്ങിയവയെല്ലാം ചേര്‍ത്തുവെച്ച ചലച്ചിത്ര അനുഭവമായി ഈ ഇറാനിയന്‍ ചിത്രവും. ഒന്നേമുക്കാല്‍ മണിക്കൂറോളം നിന്നും ഇരുന്നും കാണേണ്ടിവന്ന ചിത്രത്തിന്റെ ആവേശത്തില്‍ പെഡ്രോ അല്‍മോദവര്‍ സംവിധാനം ചെയ്ത സ്പാനിഷ്‌ ചിത്രം 'വോള്‍വര്‍'; മേളയുടെ തന്നെ ചിത്രമാകുമെന്ന്‌ പ്രകീര്‍ത്തിക്കപെട്ടതിനാലാകും 'കൃപ' തീയറ്ററില്‍, ഞങ്ങള്‍ എത്തുമ്പോള്‍ നില്‍ക്കുവാന്‍ പോലുമിടമില്ലാത്തവിധം നിറഞ്ഞ്‌ കവിഞ്ഞിരിക്കുന്നു.
ചുവരിലൊട്ടിച്ചിരിക്കുന്ന പിന്നീട്‌ വീണ്ടും പ്രദര്‍ശിപ്പിക്കുമെന്ന അറിയിപ്പില്‍ ആശ്വസിച്ച്‌ ന്യൂ തീയറ്ററിലേക്ക്‌ പാഞ്ഞ്‌ പോകുമ്പോഴും നഷ്ടബോധം ഉണ്ടായിരുന്നു. കനേഡിയന്‍ ചിത്രമായ ബ്ളാക്‌ ഐയ്‌ഡ് ഡോഗ്‌ പ്രത്യേകിച്ചൊരു വികാരവും തോന്നിപ്പിച്ചില്ല.
ഒരു റെസ്റ്റാറണ്റ്റില്‍ ജോലിയെടുക്കുന്ന ബെറ്റിയുടെ ജീവിതക്രമമാണ്‌ ചിത്രത്തില്‍. മാനസികരോഗത്തിനടിമയായ അമ്മയും, ഉപദ്രവകാരിയായി മാറുന്ന ഒരു സുഹൃത്തും പാട്ടുകാരിയാവണമെന്ന മോഹത്തെ തളച്ചിട്ട്‌ നശിച്ച ഒരു പട്ടണത്തില്‍ തുടരാന്‍ ബെറ്റിയെ പ്രേരിപ്പിക്കുന്നു. ഒരു കൊലയാളിയെ കൊലപ്പെടുത്തുന്നതിലും പങ്കാളിയാകേണ്ടിവരുന്നു. സങ്കീര്‍ണ്ണതകളുള്ള വിഷയമായിട്ടും അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ പരാജയമായെന്ന് തോന്നുന്നു.

പിന്‍കുറിപ്പ്‌. ഡി.ടി.എസ്‌ സൌണ്ട്‌ ട്രാക്കിന്റെ സങ്കീര്‍ണതകള്‍ മൂലം 'വോള്‍വര്‍' ചിത്രം തുടക്കത്തില്‍ തന്നെ നിര്‍ത്തിവെച്ച്‌, പകരം ഹംഗേറിയന്‍ ചിത്രമാണ്‌ കൃപയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടതെന്ന് അറിഞ്ഞപ്പോള്‍ സന്തോഷമായോ.. ! അതോ ഉച്ചഭക്ഷണം പോലുമുപേക്ഷിച്ച് കാത്തിരുന്ന് നിരാശരായവരോട് അനുകമ്പയോ..?
Template Designed by Douglas Bowman - Updated to New Blogger by: Blogger Team
Modified for 3-Column Layout by Hoctro