19.12.25

ദ ഡോട്ടർ (The Daughter) - 2025

ഇറാനിയൻ സംവിധായകനായ പൗര്യ കകാവന്ദ് (Pourya Kakavand) രചനയും സംവിധാനവും നിർവ്വഹിച്ച 'ദ ഡോട്ടർ' മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകളെയും സാമ്പത്തിക പ്രതിസന്ധികൾക്കിടയിലെ മാതൃ-പിതൃത്വത്തെയും കുറിച്ചുള്ള വ്യത്യസ്തമായൊരു അന്വേഷണമാണ്. 

ഇറാനിലെ നിലവിലെ സാമ്പത്തിക തകർച്ചയുടെയും സാമൂഹിക സമ്മർദ്ദങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. നിമ (Nima), മഹ്‌ഷീദ് (Mahshid) എന്നീ ദമ്പതികളാണ് കഥയിലെ പ്രധാനികൾ. കുട്ടികളെ വളർത്താനുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ഭർത്താവിൻ്റെ നിർബന്ധപ്രകാരം നിമ തൻറെ മാതൃത്വസ്വപ്നങ്ങൾ തൽക്കാലത്തേക്കെങ്കിലും മാറ്റിവെക്കുന്നു.

എന്നാൽ, മാതാപിതാക്കളാകാനുള്ള ആഗ്രഹത്തെ അവർ മറ്റൊരു രീതിയിൽ സാക്ഷാത്കരിക്കുന്നു. തങ്ങളുടെ സ്നേഹത്തിൽ നിന്നും സങ്കൽപ്പത്തിൽ നിന്നും രൂപപ്പെടുത്തിയെടുത്ത ഒരു 'സാങ്കൽപ്പിക മകളെ' അവർ വളർത്താൻ തുടങ്ങുന്നു. ഈ സങ്കൽപ്പലോകം അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നും, യാഥാർത്ഥ്യവും സങ്കൽപ്പവും തമ്മിലുള്ള അതിർവരമ്പുകൾ എങ്ങനെ മായുന്നുവെന്നുമാണ് ചിത്രം പറയുന്നത്

ഇറാനിലെ ഇന്നത്തെ സാമ്പത്തിക ചുറ്റുപാടുകൾ സാധാരണക്കാരുടെ ജീവിതത്തെയും സ്വപ്നങ്ങളെയും എങ്ങനെ തകർക്കുന്നുവെന്ന് വ്യക്തമാക്കുന്നതിനൊപ്പം
'ഇമേജിനറി പാരന്റ്ഹുഡ്' (Imaginery Parenthood) എന്ന വേറിട്ട പ്രമേയത്തിലൂടെ മാതാപിതാക്കളാകാനുള്ള മനുഷ്യന്റെ തീവ്രമായ ആഗ്രഹത്തെ സംവിധായകൻ വിശകലനം ചെയ്യുന്നു.
  
കടുത്ത സെൻസർഷിപ്പുകൾക്കും നിയന്ത്രണങ്ങൾക്കും ഇടയിൽ ഇറാനിയൻ സംവിധായകർ എങ്ങനെ സർഗ്ഗാത്മകമായി സംവദിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സൈക്കോളജിക്കൽ ഡ്രാമ ശ്രേണിയിലുള്ള ഈ ചിത്രം. സങ്കൽപ്പങ്ങളെ യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുന്ന മനുഷ്യന്റെ വിങ്ങലുകൾ ഈ സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.

ദി കറന്റ്സ് (The Currents) 2025


അർജൻ്റീനിയൻ സംവിധായിക മിലാഗ്രോസ് മുമെന്താലർ (Milagros Mumenthaler) സംവിധാനം ചെയ്ത 'ദി കറന്റ്സ്' ബാഹ്യമായ കാഴ്ചകൾക്കപ്പുറം ഒരു സ്ത്രീയുടെ മനസ്സിന്റെ ആഴങ്ങളിലേക്ക്, പ്രവാഹങ്ങളിലേക്ക് നടത്തുന്ന സഞ്ചാരമാണ്. ടൊറന്റോ, സാൻ സെബാസ്റ്റ്യൻ തുടങ്ങിയ മേളകളിൽ കൈയ്യടി നേടിയ ഈ ചിത്രം, ലീന (Lina) എന്ന ഫാഷൻ ഡിസൈനറുടെ ജീവിതത്തിലൂടെയാണ് മുന്നോട്ട് പോകുന്നത്. തന്റെ കരിയർ നേട്ടമായ ഒരു പുരസ്കാരം സ്വീകരിക്കാനായി അവൾ സ്വിറ്റ്സർലൻഡിലെ ജനീവയിലേക്ക് പോകുന്നു. എന്നാൽ അവിടെ വെച്ച് പെട്ടെന്നുണ്ടായ ഒരു ഉൾപ്രേരണയാൽ ലീന മരവിപ്പിക്കുന്ന തണുപ്പുള്ള നദിയിലേക്ക് എടുത്തുചാടുന്നു. (ഇത് വളരെ മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്)

മരണമുഖത്ത് നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ബ്യൂണസ് ഐറിസിലെ വീട്ടിൽ തിരിച്ചെത്തുന്നുണ്ടെങ്കിലും, പഴയ ലീനയായി ജീവിക്കാൻ അവൾക്കാകുന്നില്ല. ആ സംഭവം ഒരു രഹസ്യമായി സൂക്ഷിക്കുന്ന അവളെ, ക്രമേണ വെള്ളത്തോടുള്ള അതിയായ ഭയം (Aquaphobia) വേട്ടയാടുകയും കുളിക്കാൻ പോലും ഭയപ്പെടുന്ന അവസ്ഥയിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നു.

ഭർത്താവ് പെഡ്രോയിൽ (Pedro) നിന്നും മകൾ സോഫിയയിൽ (Sofía) നിന്നും അകന്ന്, സ്വന്തം വീട്ടിനുള്ളിൽ തന്നെ ഒരു അപരിചിതയെപ്പോലെ അവൾ മാറുന്നു. നദിയിലെ ഒഴുക്കുപോലെ നിയന്ത്രണാതീതമായ ലീനയുടെ മാനസിക സംഘർഷങ്ങളെയും, അവൾ അനുഭവിക്കുന്ന അസ്തിത്വ പ്രതിസന്ധിയെയും സംവിധായിക വളരെ കയ്യടക്കത്തോടെ ഇതിൽ ആവിഷ്കരിച്ചിരിക്കുന്നു. ഇസബെൽ ഐമി ഗോൺസാലസിന്റെ മികച്ച പ്രകടനം കൂടി ചേരുമ്പോൾ 'ദി കറന്റ്സ്' ഒരു മികച്ച സിനിമാ അനുഭവമായി മാറുന്നു.

മൈ ഫാദേഴ്സ് ഷാഡോ (My Father's Shadow) 2025


നൈജീരിയൻ-ബ്രിട്ടീഷ് സംവിധായകനായ അകിനോള ഡേവിസ് ജൂനിയർ (Akinola Davies Jr.) സംവിധാനം ചെയ്ത ഹൃദയസ്പർശിയായ ചിത്രമാണ് 'മൈ ഫാദേഴ്സ് ഷാഡോ'. 2025-ലെ കാൻ ചലച്ചിത്രോത്സവത്തിൽ പ്രധാന മത്സര വിഭാഗത്തിൽ (Un Certain Regard) പ്രദർശിപ്പിക്കപ്പെട്ട ആദ്യ നൈജീരിയൻ ചിത്രമാണിത്; മാത്രമല്ല ക്യാമറ ഡി ഓർ (Caméra d'Or) സ്പെഷ്യൽ മെൻഷൻ കരസ്ഥമാക്കുകയും ചെയ്തു. 

1993-ലെ നൈജീരിയയിലെ ലാഗോസിലാണ് (Lagos) കഥ നടക്കുന്നത്. മിലിട്ടറി ഭരണത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള നിർണ്ണായകമായ ഒരു മാറ്റത്തിൻ്റെ വക്കിലായിരുന്നു അന്ന് രാജ്യം. റെമി (Remi), അകിൻ (Akin) എന്നീ രണ്ട് സഹോദരങ്ങൾ അവരുടെ മിക്കപ്പോഴും വീട്ടിൽ ഇല്ലാത്ത പിതാവായ ഫോളാറിനോടൊപ്പം (Folarin) നഗരത്തിലേക്ക് ഒരു യാത്ര തിരിക്കുന്നു.
നാല് മാസമായി ലഭിക്കാത്ത ശമ്പളം വാങ്ങാനാണ് ഫോളാറിൻ മക്കളെയും കൂട്ടി നഗരത്തിലെത്തുന്നത്. ഒരു പകൽ നീണ്ടുനിൽക്കുന്ന ഈ യാത്രയിലൂടെ, തങ്ങൾക്ക് അപരിചിതനായ പിതാവിൻ്റെ മറ്റൊരു മുഖം കുട്ടികൾ തിരിച്ചറിയുന്നു. രാഷ്ട്രീയ സംഘർഷങ്ങളും പെട്രോൾ ക്ഷാമവും നഗരത്തെ ശ്വാസം മുട്ടിക്കുമ്പോഴും, പിതാവും മക്കളും തമ്മിലുള്ള ആത്മബന്ധം ഈ യാത്രയിലൂടെ ആഴപ്പെടുന്നു.

സംവിധായകൻ അകിനോള ഡേവിസും സഹോദരൻ വാലെ ഡേവിസും ചേർന്ന് അവരുടെ സ്വന്തം ബാല്യകാല സ്മരണകളെ അടിസ്ഥാനമാക്കിയാണ് ഈ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്, ഇത് ചിത്രത്തിന് വലിയൊരു വൈകാരിക സത്യസന്ധത നൽകുന്നുണ്ട്.

1993-ലെ നൈജീരിയൻ തിരഞ്ഞെടുപ്പ് പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും സിനിമയുടെ പശ്ചാത്തലമായി വരുന്നുണ്ടെങ്കിലും, അത് കുട്ടികളുടെ നിഷ്കളങ്കമായ കാഴ്ചപ്പാടിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത് എന്നത് സിനിമയ്ക്ക് കൂടുതൽ മിഴിവ് നൽകുന്നു.

ലാഗോസ് നഗരത്തിൻ്റെ തിരക്കും ബഹളവും അതുപോലെതന്നെ നൈജീരിയൻ ഗ്രാമങ്ങളുടെ ശാന്തതയും
അവികസിത പ്രദേശങ്ങളുമൊക്കെ സിനിമാട്ടോഗ്രാഫിയിലൂടെ മനോഹരമായി പകർത്തിയിട്ടുണ്ട്.

'മൈ ഫാദേഴ്സ് ഷാഡോ' വെറുമൊരു കുടുംബചിത്രമല്ല; മറിച്ച് നഷ്ടപ്പെട്ടുപോയ സ്മരണകളുടെയും മാറ്റത്തിൻ്റെ വക്കിലുള്ള ഒരു രാജ്യത്തിൻ്റെയും നേർക്കാഴ്ചയാണ്. പിതൃത്വത്തിൻ്റെ ഭാരവും സ്നേഹത്തിൻ്റെ ആഴവും തിരിച്ചറിയാൻ ആഗ്രഹിക്കുന്ന ഏതൊരു സിനിമാപ്രേമിയും കണ്ടിരിക്കേണ്ട ഒരു കൊച്ചു വലിയ സിനിമയാണിത്.

പിൻകുറിപ്പ്: 
വാഹനങ്ങൾ, പാലങ്ങൾ, റോഡുകൾ, സാമൂഹിക സ്ഥിതി തുടങ്ങിയവയിൽ 1993 ൽ നിന്ന് വലിയ മാറ്റങ്ങൾ ഒന്നും ഞാൻ നൈജീരിയയിൽ എത്തിപ്പെട്ട 2006 ലും ഉണ്ടായിരുന്നില്ലെന്നത് ഈ സിനിമ തന്ന തിരിച്ചറിവാണ്. പത്ത് വർഷത്തെ നൈജീരിയ ജീവിതത്തെ ഒരുപാട് ഓർമ്മിപ്പിച്ചു ഈ സിനിമയിലെ കഥാപാത്രങ്ങളും അവരുടെ ഇടപെടലുകളും സംസാര രീതിയും മറ്റും മറ്റും.

ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ് (It Was Just an Accident) - 2025


ലോകസിനിമയിലെ 'അതിജീവനത്തിന്റെ പ്രതീകം' എന്ന് വിശേഷിപ്പിക്കാവുന്ന സംവിധായകനാണ് ഇറാനിയൻ മാസ്റ്റർ ജാഫർ പനാഹി (Jafar Panahi). സിനിമ ചെയ്യരുതെന്ന് ഭരണകൂടം വിലക്കിയാലും, വീടിന് പുറത്തിറങ്ങരുതെന്ന് കൽപിച്ചാലും തന്റെ ക്യാമറക്കണ്ണുകൾ പൂട്ടിവെക്കാൻ അദ്ദേഹം തയ്യാറല്ല എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് 30-ാമത് ഐ.എഫ്.എഫ്.കെയിൽ (IFFK 2025) നിറഞ്ഞ് കവിഞ്ഞ സദസ്സുകളിൽ പ്രദർശിപ്പിച്ച 'ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്' 

ഇറാനിലെ വഴിവിളക്കുകൾ പോലും പ്രകാശിക്കാത്ത ഇരുളടഞ്ഞ റോഡിൽ നടക്കുന്ന സാധാരണമായ ഒരു അപകടത്തെ ആസ്പദമാക്കിയാണ് സിനിമ വികസിക്കുന്നത്. ഇറാനിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ, ഒരു ചെറിയ അപകടം എങ്ങനെയാണ് വലിയൊരു സാമൂഹിക സ്ഫോടനമായി മാറുന്നതെന്നും അതിന് പിന്നിലെ അധികാരത്തിന്റെ ഇടപെടലുകൾ എങ്ങനെയെന്നും പനാഹി അന്വേഷിക്കുന്നു. "അതൊരു വെറും അപകടമായിരുന്നു" എന്ന ന്യായീകരണത്തിന് പിന്നിൽ ഭരണകൂടം ഒളിപ്പിച്ചുവെക്കുന്ന സത്യങ്ങളെ പനാഹി തന്റെ തനതായ ശൈലിയിൽ പുറത്തെടുക്കുന്നു.

ഇറാനിലെ രാഷ്ട്രീയ തടവറകളിൽ പീഡിപ്പിക്കപ്പെട്ടവരുടെ നോവിക്കുന്ന ഓർമ്മകളിലേക്കുള്ള സഞ്ചാരമാണിത്; ഒരു ചെറിയ യാദൃശ്ചികതയിൽ തുടങ്ങി, ഞെട്ടിക്കുന്ന സത്യങ്ങളിലേക്ക് വികസിക്കുന്ന ഗംഭീരമായ ഒരു പ്രതികാര കഥയും. നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങളിൽ പോലും അടങ്ങിയിരിക്കുന്ന രാഷ്ട്രീയത്തെയും മനുഷ്യാവകാശ പ്രശ്നങ്ങളെയും ഈ ചിത്രം കൃത്യമായി തൊട്ടുപോകുന്നുമുണ്ട്.

ഗർഭിണിയായ ഭാര്യയോടും ചെറിയ മകളോടൊപ്പം രാത്രിയിൽ കാറോടിച്ചു പോകുമ്പോൾ അബദ്ധത്തിൽ ഒരു ചെറു ജീവിയെ ഇടിച്ചു കൊല്ലുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്. പിന്നീട് കാർ നിന്ന് പോകുന്നു, അത് ശരിയാക്കാൻ സഹായം തേടിയ ഡ്രൈവറുടെ നടത്തയുടെ ശൈലിയും, പ്രത്യേക ശബ്ദവും കേട്ട് ആ ഷോപ്പിലെ മറ്റൊരു ജീവനക്കാരനായ വാഹിദ് വർഷങ്ങൾക്ക് മുമ്പ് ജയിലിൽ തന്നെയുൾപ്പെടെയുള്ളവരെ ക്രൂരമായി പീഡിപ്പിച്ചിരുന്ന ഇഖ്ബാൽ (Peg leg) എന്ന ഉദ്യോഗസ്ഥനാണതെന്ന് തിരിച്ചറിയുന്നു അയാളെ തട്ടിക്കൊണ്ട് പോയി ജീവനോടെ കുഴിച്ചു മൂടാൻ ശ്രമിക്കുന്നതിനിടയിൽ വാഹിദിനുണ്ടാകുന്ന ചില സംശയങ്ങളും അത് ദൂരീകരിക്കാൻ നടത്തുന്ന ശ്രമങ്ങളും വളരെ രസകരമായും എന്നാൽ നമ്മുടെ ഉള്ളിലേക്ക് ആ യാഥാർത്ഥ്യങ്ങളുടെ പൊള്ളലേൽക്കും വിധവുമാണ് ചിത്രീകരിച്ചിരിക്കുന്നത്. 

വേട്ടക്കാരനെ കൈകാര്യം ചെയ്യുന്നതിനിടയിലും അയാളുടെ കുടുംബത്തിലേക്ക് തന്നെ ഇരകളുടെ മനുഷ്യത്വപൂർണമായ ഇടപെടലുകൾ ശ്രദ്ധേയമാണ്. വേട്ടക്കാരനും ഇരയും തമ്മിലുള്ള അധികാര സമവാക്യങ്ങളെ പനാഹി ഇതിൽ തകിടം മറിക്കുകയും ഇഖ്ബാൽ എന്ന കഥാപാത്രത്തിലൂടെ ഭരണകൂടത്തിന്റെ ക്രൂരമായ മുഖത്തെ വരച്ചുകാട്ടുകയും ചെയ്യുന്നുണ്ട്.
 
30-ാമത് ഐ.എഫ്.എഫ്.കെയിൽ ഈ ചിത്രം പ്രദർശിപ്പിച്ചപ്പോൾ അത് വെറുമൊരു സിനിമാ പ്രദർശനം മാത്രമായിരുന്നില്ല, ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ജാഫർ പനാഹിയോടുള്ള കേരളത്തിലെ സിനിമാപ്രേമികളുടെ ഐക്യദാർഢ്യം കൂടിയായിരുന്നു.
ജാഫർ പനാഹി ലോകത്തോട് വീണ്ടും വിളിച്ചുപറയുന്നു — "എന്നെ നിങ്ങൾക്ക് തടയാം, പക്ഷേ എന്റെ സിനിമകളെ തടയാനാവില്ല."

യെൻ ആൻഡ് ഐ-ലീ (Yen and Ai-Lee) 2024


തായ്‌വാനീസ് സംവിധായകനായ ടോം ലിൻ ഷൂ-യു (Tom Lin Shu-yu) രചനയും സംവിധാനവും നിർവ്വഹിച്ച 'യെൻ ആൻഡ് ഐ-ലീ' ഗാർഹിക പീഡനം, കുറ്റബോധം, വൈകാരികമായ മുറിവുണക്കൽ, അമ്മയും മകളും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധം എന്നീ വിഷയങ്ങളെ ആഴത്തിൽ സ്പർശിക്കുന്ന ഒരു ഫാമിലി ഡ്രാമയാണ്.

തന്നെയും അമ്മയെയും ഉപദ്രവിച്ചിരുന്ന അച്ഛനെ കൊലപ്പെടുത്തിയ കുറ്റത്തിന് എട്ട് വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ച ശേഷം യെൻ (Yen) തൻ്റെ ഹക്കാനീസ് ഗ്രാമമായ കയോഹ്‌സ്യൂങിലേക്ക് തിരികെയെത്തുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. ജയിൽ മോചിതയായി വരുന്ന മകളെ സ്വീകരിക്കാൻ അമ്മയായ ഐ-ലീ (Ai-Lee) പുതിയ വീട്ടിൽ കാത്തിരിക്കുന്നുണ്ടെങ്കിലും, അവർക്കിടയിലെ ബന്ധം മുറിവേറ്റതും അകൽച്ചയുള്ളതുമാണ്.
തൻ്റെ കഴിഞ്ഞ കാലവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്ന യെൻ, നഗരത്തിൽ ഉപജീവന മാർഗ്ഗം തേടുന്നു. 

നഗരത്തിൽ അലഞ്ഞു തിരിയുകയും യൂണിവേഴ്സിറ്റിയിൽ അഭിനയം പഠിക്കുകയും ചെയ്യൂന്ന ഐ-ലീ (Allie) എന്ന മറ്റൊരു യുവതിയുടെ ജീവിതവും സമാന്തരമായി പുരോഗമിക്കുന്നു.

കൊല്ലപ്പെട്ട അച്ഛൻ്റെ കാമുകിയുടെ മകനും യെന്നിൻ്റെ അർദ്ധസഹോദരനുമായ ഒരു ചെറിയ കുട്ടിയുടെ കടന്നുവരവ് അമ്മയുടെയും മകളുടെയും ജീവിതത്തിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടാക്കുന്നു.
ചെറിയ കുട്ടിയുമായി അവൻ്റെ അമ്മയെ തിരക്കി യൂണിവേഴ്സിറ്റിയിൽ പോകേണ്ടിവരുന്ന യെന്നിൻ്റെ അമ്മ, 
യെന്നുമായി രൂപസാദൃശ്യമുള്ള അഭിനയം പഠിക്കുന്ന യുവതി ഐ-ലീ, ഇവരുടെ ജീവിതങ്ങൾ കൂട്ടിമുട്ടുമ്പോൾ, പങ്കുവെക്കപ്പെട്ട രഹസ്യങ്ങൾ അനാവൃതമാകുന്നു. ഇത് യെന്നിനെയും ഐ-ലീയെയും അവരുടെ അടക്കം ചെയ്ത സത്യങ്ങളെ നേരിടാൻ പ്രേരിപ്പിക്കുന്നു.

സിനിമയുടെ പ്രധാന ആകർഷണങ്ങളിലൊന്ന് ഇന്ത്യൻ സിനിമാട്ടോഗ്രാഫർ കാർത്തിക് വിജയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ദൃശ്യങ്ങളാണ്. നിറങ്ങളുടെ അഭാവം കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങൾക്കും വിഷാദത്തിനും കൂടുതൽ വ്യക്തതയും ആഴവും നൽകുന്നു.

ഗാർഹിക പീഡനം പോലുള്ള ഒരു ദുരന്തം എങ്ങനെയാണ് ഒരു അമ്മയുടെയും മകളുടെയും ബന്ധത്തെ മുറിപ്പെടുത്തുന്നതെന്നും, അതിൽ നിന്ന് അവർ എങ്ങനെ വിടുതൽ നേടാൻ ശ്രമിക്കുന്നു എന്നും ചിത്രം അതിസൂക്ഷ്മമായി അവതരിപ്പിക്കുന്നു.

പരുക്കൻ യാഥാർത്ഥ്യങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും, പ്രത്യാശയുടെയും സ്വയം തിരിച്ചറിവിൻ്റെയും സാധ്യതകൾ ഈ ചിത്രം അവശേഷിപ്പിക്കുന്നു. മുറിവുകൾ പൂർണ്ണമായും ഉണങ്ങുന്നില്ലെങ്കിലും, മുന്നോട്ട് ജീവിക്കാൻ കഴിയുമെന്ന ഒരു ആശ്വാസമാണ് 'യെൻ ആൻഡ് ഐ-ലീ' പ്രേക്ഷകർക്ക് നൽകുന്നത്. ശക്തമായ സ്ത്രീപക്ഷ രാഷ്ട്രീയത്തെ അടിച്ചേൽപ്പിക്കാതെ അവതരിപ്പിക്കുന്നു എന്നതും ഈ ചിത്രത്തിൻ്റെ മനോഹാരിതയായി കണക്കാക്കാം.

സിറാത്ത് (Sirāt) 2025


'മിമോസാസ്' (Mimosas - 2016) 'ഫയർ വിൽ കം' (Fire Will Come -2019), എന്നീ ചിത്രങ്ങൾക്ക് ശേഷം സ്പാനിഷ് സംവിധായകൻ ഒളിവർ ലാക്സ് (Óliver Laxe) ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് 'സിറാത്ത്'. 2025 കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി പ്രൈസ് നേടിയ ഈ ചിത്രം, ഇത്തവണത്തെ IFFK-യിലെ 'ഫെസ്റ്റിവൽ ഫേവറൈറ്റ്സ്' (Festival Favourites) വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്.

മൊറോക്കൻ മരുഭൂമിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു യാത്രയാണ് സിനിമയുടെ പശ്ചാത്തലം. ലൂയിസ് (Luis) തന്റെ കാണാതായ മകൾ മറീനയെ അന്വേഷിച്ച് മരുഭൂമിയിലേക്ക് തിരിക്കുന്നു. കൂട്ടിന് തന്റെ ചെറിയ മകൻ എസ്തബാനും (Esteban) ഒരു നായയുമുണ്ട് (Pipa); മകളെക്കുറിച്ചുള്ള സൂചനകൾ തേടി അവർ എത്തിച്ചേരുന്നത് മരുഭൂമിയിൽ തമ്പടിച്ച് സംഗീത ലഹരിയിൽ ആറാടുന്ന ഒരു ' റേവ്' പാർട്ടിയിലേക്കാണ്. വാഹനങ്ങളിൽ തന്നെ കഴിച്ചുകൂട്ടി യാത്രയും സംഗീതവും ലഹരിയും ആസ്വദിച്ച് കറങ്ങുന്ന ഒരു സംഘത്തോടൊപ്പം ചേരുന്ന ലൂയിസിന്റെ ഭൗതികമായ അന്വേഷണം ക്രമേണ ആത്മീയവും മാനസികവുമായ ഒരു യാത്രയായി മാറുന്നു.

'സിറാത്ത്' (Sirāt) എന്ന അറബി വാക്കിന് 'പാത' എന്നാണ് അർത്ഥം. ഇസ്ലാമിക വിശ്വാസപ്രകാരം നരകത്തിന് മുകളിലൂടെ സ്വർഗ്ഗത്തിലേക്ക് നീളുന്ന ഇടുങ്ങിയതും ദൈർഘ്യമേറിയതും പ്രതിബന്ധങ്ങൾ ഏറെ തരണം ചെയ്യേണ്ടുന്നതുമായ പാലം (സിറാത്തുൽ മുസ്തഖീം - നേരായ, കൃത്യമായ പാത അഥവാ സത്യത്തിൻ്റെ വഴി) എന്ന സങ്കൽപ്പത്തെ ചിത്രത്തിൽ വളരെ കൃത്യമായി അടയാളപ്പെടുത്തുന്നു.

മരുഭൂമിയുടെ വന്യതയും നിഗൂഢതയും ഒപ്പിയെടുക്കുന്ന മനോഹരമായ ദൃശ്യങ്ങളാണ് (DOP: Mauro Herce) ചിത്രത്തിന്റെ ഹൈലൈറ്റ്. അത് പോലെ എടുത്ത് പറയേണ്ട ഒന്നാണ് ഇതിലെ 
ശബ്ദവിന്യാസം; ടെക്നോ സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ലഹരി പിടിപ്പിക്കുകയും സിനിമയുടെ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ പ്രേക്ഷകനെ ഒരു ധ്യാനാവസ്ഥയിലേക്ക് മറിച്ചിടാനും കഴിയുന്നതരം വിസ്മയിപ്പിക്കുന്ന ശബ്ദ ദൃശ്യ വിസ്മയം.

ഇത്തവണത്തെ IFFK യില് മിസ്സാക്കാൻ പാടില്ലാത്ത ഒരു ചലച്ചിത്രം.


ദ സീ (The Sea) 2025


വെസ്റ്റ് ബാങ്കിലെ ഒരു പാലസ്തീനിയൻ ഗ്രാമത്തിൽ ജീവിക്കുന്ന ഖാലിദ് (Khaled) എന്ന 12 വയസ്സുകാരന്റെ കഥയാണിത്. സ്കൂളിൽ നിന്ന് കടൽ കാണാനായി പോകുന്ന വിനോദയാത്രയിൽ പങ്കെടുക്കാൻ ഖാലിദ് അതിയായി ആഗ്രഹിക്കുന്നു. എന്നാൽ ഇസ്രായേൽ മിലിറ്ററി ചെക്ക് പോയിന്റിൽ വെച്ച് പെർമിറ്റ് ശരിയല്ലെന്ന കാരണത്താൽ പട്ടാളക്കാർ അവനെ തടയുന്നു. കൂട്ടുകാർ കടൽ കാണാൻ പോകുമ്പോൾ, നിരാശനായ ഖാലിദ് തിരികെ വീട്ടിൽ എത്തിയെങ്കിലും
ഒറ്റയ്ക്ക് കടൽ തേടി ഇറങ്ങാൻ തീരുമാനിക്കുന്നു. നിയമവിരുദ്ധമായി അതിർത്തി കടന്ന്, ഹീബ്രു ഭാഷ പോലും അറിയാതെ അവൻ നടത്തുന്ന ഈ സാഹസിക യാത്രയും, അവനെ അന്വേഷിച്ചിറങ്ങുന്ന പിതാവ് റിബിയുടെ (Ribhi) ആകുലതകളുമാണ് സിനിമയുടെ ഇതിവൃത്തം.

ഒരു കുട്ടിയുടെ നിഷ്കളങ്കമായ ആഗ്രഹത്തിൻ്റെയും അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെയും കഥയിലൂടെ ആണെങ്കിലും കൃത്യമായ രാഷ്ട്രീയം പറഞ്ഞ് വയ്ക്കുന്നുണ്ട് സിനിമ.

ഇസ്രായേലിലെ ഓസ്കർ എന്നറിയപ്പെടുന്ന 'ഓഫിർ അവാർഡ്' (Ophir Award) ഈ ചിത്രം നേടിയിരുന്നു. എന്നാൽ ഇസ്രായേൽ സൈന്യത്തെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ച് ഇസ്രായേൽ സാംസ്കാരിക മന്ത്രി ഈ അവാർഡ് ദാന ചടങ്ങിൽ നിന്ന് പിന്മാറിയത് വലിയ വാർത്തയായിരുന്നു.

ഒരു ഇസ്രായേലി സംവിധായകനും (Shai Carmeli-Pollak) പലസ്തീനിയൻ നിർമ്മാതാവും (Baher Agbariya) ചേർന്നാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നത് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ പ്രാധാന്യമർഹിക്കുന്നു. കടൽ എന്നത് വെറുമൊരു ജലാശയമല്ല, മറിച്ച് സ്വാതന്ത്ര്യത്തിന്റെയും അതിരുകളില്ലാത്ത ലോകത്തിന്റെയും പ്രതീകമാണെന്ന് ഈ കൊച്ചു ചിത്രം നമ്മെ അനുഭവപ്പെടുത്തും.

റോമേരിയ (Romería) 2025

'സമ്മർ 1993' (Summer 1993), ഗോൾഡൻ ബെയർ പുരസ്കാരം നേടിയ 'അൽകാരാസ്' (Alcarràs) എന്നീ ചിത്രങ്ങൾക്ക് ശേഷം സ്പാനിഷ് സംവിധായിക കാർല സിമോൺ ഒരുക്കുന്ന ഫാമിലി ചലച്ചിത്ര ത്രയത്തിലെ മൂന്നാമത്തെ ചിത്രമാണ് 'റോമേരിയ'.

മറീന (Marina) എന്ന യുവതിയുടെ കുടുംബ വേരുകൾ തേടിയുള്ള യാത്രയാണ് സിനിമയുടെ ഇതിവൃത്തം. തന്റെ ജൈവിക മാതാപിതാക്കളെ കുറിച്ച് അറിയാനായി അവൾ വിഗോയിലേക്ക് (Vigo) യാത്ര തിരിക്കുന്നു. എന്നാൽ അവിടെ എത്തുന്ന മറീനയ്ക്ക്, തന്റെ മാതാപിതാക്കളെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കാൻ മടിക്കുന്ന, അല്ലെങ്കിൽ അത് മറക്കാൻ ആഗ്രഹിക്കുന്ന ബന്ധുക്കളെയാണ് നേരിടേണ്ടി വരുന്നത്. മാതാപിതാക്കൾ തമ്മിലുണ്ടായിരുന്ന പ്രണയവും അവരുടെ മരണത്തിന് പിന്നിലെ രഹസ്യങ്ങളും തേടി അവൾ നടത്തുന്ന വൈകാരികമായ അന്വേഷണമാണിത്.

മുൻ ചിത്രങ്ങളിലേതുപോലെ തന്നെ കുടുംബം, ഓർമ്മകൾ, ദത്തെടുക്കൽ തുടങ്ങിയ വിഷയങ്ങളെ വളരെ സൂക്ഷ്മമായി ഈ ചിത്രത്തിലും കൈകാര്യം ചെയ്യുന്നതിനൊപ്പം സ്പെയിനിലെ ഒരു തലമുറയെ ബാധിച്ച സാമൂഹിക മാറ്റങ്ങളും വിടവുകളും ഈ കുടുംബകഥയിലൂടെ സംവിധായിക കാണിച്ചുതരുന്നു. ഒപ്പം, മാതാപിതാക്കളുടെ അഭാവം സൃഷ്ടിക്കുന്ന ശൂന്യതയും, സ്വന്തം അസ്തിത്വം കണ്ടെത്താനുള്ള ഒരു പെൺകുട്ടിയുടെ പോരാട്ടവും കൂടിയാകുന്നു 'റോമേരിയ'

വേർ ദ വിൻഡ് കംസ് ഫ്രം (Where the Wind Comes From)


ടുണീഷ്യൻ സംവിധായിക അമൽ ഗെല്ലാറ്റി (Amel Guellaty) യുടെ ആദ്യ മുഴുനീള ഫീച്ചർ സിനിമ, ടുണീഷ്യൻ യുവത്വത്തിന്റെ സ്വപ്നങ്ങളും നിരാശകളും വളരെ മനോഹരമായി ആവിഷ്കരികുന്നു. 

റോഡ് മൂവി (Road Movie) ഗണത്തിൽ പെടുത്താവുന്ന ചിത്രത്തിൽ ടുണീസിലെ (Tunis) വിരസമായ ജീവിതത്തിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന അയൽക്കാരും ആത്മ സുഹൃത്തുക്കളുമായ 19 വയസ്സുള്ള അലീസയും (Alyssa) 23 വയസ്സുകാരൻ മെഹ്ദിയും (Mehdi) ആണ് കേന്ദ്ര കഥാപാത്രങ്ങൾ.

പ്രണയബന്ധങ്ങൾക്കും അപ്പുറമുള്ള ആണിനും പെണ്ണിനും ഇടയിലുള്ള ഗാഢമായ സൗഹൃദത്തെ ഈ ചിത്രം മനോഹരമായി വരച്ചുകാട്ടുന്നു. വിപ്ലവാനന്തര ടുണീഷ്യയിലെ സാമ്പത്തിക പ്രതിസന്ധികളും, തൊഴിലില്ലായ്മയും, യുവാക്കൾക്കിടയിലുള്ള നാടുവിടാനുള്ള ആഗ്രഹം എന്നിവയെല്ലാം ചിത്രം ചർച്ച ചെയ്യുന്നുണ്ട്. 

പിതാവിൻ്റെ വേർപാട് മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതിൻ്റെ നിരാശ അലീസയിൽ പ്രതിഫലിക്കുന്നത് പണമുള്ളവരുടെ ലോകത്തോടുള്ള ദേഷ്യത്തിലാണ്; അവൾ ഇടയ്ക്ക് ചോദിക്കുന്നുണ്ട് "നമുക്ക് സ്വപ്നം കാണാനും അവകാശമില്ലേ..?" അലീസയുടെ മായാദർശനങ്ങളും മെഹ്ദിയുടെ ഭാവനകളും അവരുടെ സൗഹൃദം പോലെ തന്നെ ഇഴുകി ചേർന്നിരിക്കുന്നത് മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.

ജർമ്മനിയിലേക്ക് പോകാൻ അവസരം നൽകുന്ന ഒരു കലാമത്സരത്തിൽ (Art Contest) പങ്കെടുക്കാനായി അവർ ജെർബയിലേക്ക് (Djerba) നടത്തുന്ന യാത്രയാണ് സിനിമയുടെ ഇതിവൃത്തം. മെഹ്ദിയുടെ ചിത്രരചനാപാടവത്തിലാണ് അലീസയുടെ മുഴുവൻ പ്രതീക്ഷയും. ടുണീഷ്യയുടെ ഗ്രാമീണ ഭംഗിയും മരുഭൂമിയുടെ വന്യതയും, കടൽ തീരങ്ങളും ഒപ്പിയെടുക്കുന്ന ദൃശ്യങ്ങൾ ഈ റോഡ് മൂവിയുടെ മാറ്റുകൂട്ടുന്നു.

വളരെ സീരിയസ് ആയ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോഴും, ഊർജ്ജസ്വലവും എന്നാൽ ലളിതവുമായ ഒരു ആഖ്യാനശൈലിയാണ് സംവിധായിക ഇതിൽ സ്വീകരിച്ചിരിക്കുന്നത്. 

എ പോയറ്റ് (A Poet / Un poeta) 2025

കൊളംബിയയിലെ മെഡിലിൻ (Medellín) നഗരത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. കവിതയോടും സാഹിത്യത്തോടും അതിയായ അഭിനിവേശം സൂക്ഷിക്കുന്ന സാധാരണക്കാരനായ ഓസ്കാർ എന്ന
യുവാവാണ് കേന്ദ്ര കഥാപാത്രം. കഠിനമായ ജീവിത സാഹചര്യങ്ങളും, സാമ്പത്തിക പ്രതിസന്ധികളും, തന്റെ ചുറ്റുപാടുകളും ഒരു പൂർണ്ണസമയ കവിയാകാനുള്ള ആഗ്രഹത്തിന് തടസ്സമായി നിൽക്കുന്നു. ആദ്യകാലത്ത് ഒന്ന് രണ്ട് അംഗീകാരങ്ങൾ ഒക്കെ ലഭിച്ചിട്ടുണ്ടെങ്കിലും പരാജയപ്പെട്ട കവിയെന്ന നിലയിൽ അവഗണിക്കപ്പെടുന്നതിൻ്റെ വേദനയും അമിത മദ്യപാനവും മറ്റും ഓസ്കാറിൻ്റെ ജീവിതത്തെ വല്ലാതെ ഉലയ്ക്കുന്നു.

തന്റെ സ്വപ്നവും യാഥാർത്ഥ്യവും തമ്മിലുള്ള സംഘർഷങ്ങളെ അയാൾ എങ്ങനെ നേരിടുന്നു എന്നതാണ് സിനിമയുടെ പ്രധാന ഇതിവൃത്തമെങ്കിലും ഉപജീവനമാർഗ്ഗമായി സ്വീകരിക്കാൻ നിർബന്ധിതമാകുന്ന അധ്യാപക ജോലിക്കിടെ ഒരു വിദ്യാർത്ഥിനിയുടെ കവിതകളിൽ ആകൃഷ്ടനാകുകയും അവളെ കവികളുടെ ലോകത്തേക്ക് എത്തിക്കാൻ ശ്രമിക്കുന്നതിനിടയിൽ സംഭവിക്കുന്ന പ്രശ്നങ്ങളും മറ്റും ഓസ്കാറിൻ്റെ ജീവിതം, കുടുംബ ബന്ധങ്ങളെയുമൊക്കെ കൂടുതൽ ദുരിതപൂർണമാക്കുന്നു. 

കൊളംബിയൻ നഗരജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളും കലയും ജീവിതവും തമ്മിലുള്ള ദൂരം എത്രത്തോളമുണ്ടെന്നും കാണിച്ചുതരുന്ന, വളരെ സ്വാഭാവികവും റിയലിസ്റ്റിക്കുമായ ആഖ്യാനശൈലി പിന്തുടരുന്ന ഒരു മികച്ച സിനിമ; സംവിധാനം ചെയ്തിരിക്കുന്നത് സിമോൺ മെസ സോട്ടോ (Simón Mesa Soto)

#30iffk #IFFK2025

പലസ്തീൻ 36 (Palestine 36) 2025


1936-ൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരെ പലസ്തീനിൽ നടന്ന ജനകീയ പ്രക്ഷോഭമാണ് (Arab Revolt) സിനിമയുടെ പശ്ചാത്തലം. ബ്രിട്ടീഷ് അധിനിവേശത്തിനും ജൂത കുടിയേറ്റത്തിനും എതിരെ പലസ്തീൻ ജനത നടത്തിയ ആദ്യകാല ചെറുത്തുനിൽപ്പിന്റെ കഥയാണിത്. യൂസഫ് എന്ന യുവാവിലൂടെയാണ് കഥ വികസിക്കുന്നത്. ജറുസലേമിലെ രാഷ്ട്രീയ സംഘർഷങ്ങൾക്കും തന്റെ ഗ്രാമീണ ജീവിതത്തിനും ഇടയിൽ പെട്ടുപോകുന്ന യൂസഫിന്റെ ജീവിതത്തിലൂടെ ആ കാലഘട്ടത്തെ സംവിധായിക അടയാളപ്പെടുത്തുന്നു. ഇന്നത്തെ പലസ്തീൻ-ഇസ്രായേൽ സംഘർഷങ്ങളുടെ വേരുകൾ തേടിപ്പോകുന്ന സിനിമ, 1936-ലെ സംഭവവികാസങ്ങൾ എങ്ങനെയാണ് പലസ്തീൻ ജനതയുടെ ഭാവിയെ മാറ്റിമറിച്ചതെന്ന് കാണിച്ചുതരുന്നതിനൊപ്പം, പലസ്തീൻ ജനതയുടെ നിസ്സഹായതയുടെയും  അതിജീവനത്തിന്റെയും നേർസാക്ഷ്യം കൂടിയാകുന്നു. 

സംവിധായിക ആൻമേരി ജാസിർ (Annemarie Jacir)

#30iffk #IFFK2025  #palestine36

ഡ്രീംസ് (Dreams / Drømmer) 2024

നോർവീജിയൻ സംവിധായകൻ ഡാഗ് യോഹാൻ ഹൗഗറൂദ് ( Dag Johan Haugerud)
 ഒരുക്കിയ പ്രശസ്തമായ 'സെക്സ്, ഡ്രീംസ്, ലവ്' (Sex, Dreams, Love) എന്ന ചലച്ചിത്ര ത്രയത്തിലെ രണ്ടാമത്തെ സിനിമയാണ് ഡ്രീംസ്. 

ജോഹന്ന (Johanne) എന്ന 17 വയസ്സുകാരിക്ക് തന്റെ ഫ്രഞ്ച് അധ്യാപികയായ ജൊഹാനയോട് (Johanna) തോന്നുന്ന കൗമാര പ്രണയമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. തൻ്റെയുള്ളിലെ പ്രണയവികാരങ്ങളും സ്വപ്നങ്ങളുമൊക്കെ ജോഹന്ന ഒരു ഡയറിയിൽ കുറിച്ചിടുന്നു. അവിചാരിതമായി ഈ ഡയറി അവളുടെ മുത്തശ്ശിയും (Karin) അമ്മയും (Kristin), വായിക്കാൻ ഇടയാകുന്നു. ജോഹന്നയുടെ എഴുത്തിലെ സാഹിത്യഭംഗി കണ്ട് അത് പ്രസിദ്ധീകരിക്കാൻ എഴുത്തുകാരി കൂടിയായ മുത്തശ്ശിയും, പിന്നീട് അമ്മയും ആലോചിക്കുന്നുണ്ടെങ്കിലും, അതിലെ യാഥാർത്ഥ്യത്തെക്കുറിച്ചും ധാർമ്മികതയെക്കുറിച്ചുമൊക്കെ അവർക്കിടയിൽ വലിയ ചർച്ചകൾ നടക്കുന്നു.

ജോഹന്ന, അമ്മ, മുത്തശ്ശി എന്നിങ്ങനെ മൂന്ന് തലമുറയിൽപ്പെട്ട സ്ത്രീകളുടെ കാഴ്ചപ്പാടുകളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. പ്രണയം, ആഗ്രഹം, ധാർമ്മികത എന്നിവയെ ഓരോ തലമുറയും എങ്ങനെ നോക്കിക്കാണുന്നു എന്ന് ചിത്രം വ്യക്തമാക്കുന്നു.

ജോഹന്ന കടന്ന് പോകുന്ന കൗമാര പ്രണയ സങ്കല്പങ്ങളുടെയും യാഥാർഥ്യങ്ങളുടെയും വൈരുദ്ധ്യമാർന്ന തലങ്ങൾ വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. സ്നേഹം, ലൈംഗികത, സ്വയം കണ്ടെത്തൽ തുടങ്ങിയ മനുഷ്യസഹജ വികാര വിചാരങ്ങളിലുള്ള മൂന്ന് തലമുറകളുടെ കാഴ്ചപ്പാടുകൾ ചർച്ച ചെയ്യപ്പെടുന്നുമുണ്ട്.

പൊതുവേ താൽപര്യം തോന്നാത്ത വിധമുള്ള ആത്മഭാഷണ ആഖ്യാനശൈലിയിലാണ് സിനിമയുടെ തുടക്കമെങ്കിലും, പിന്നീട് വളരെ മികച്ച തരത്തിൽ യാഥാർത്ഥ്യവും ഭാവനയും തമ്മിലുള്ള നേരിയ വ്യത്യാസങ്ങളെ, വളരെ ലളിതവും എന്നാൽ ശക്തവുമായ സംഭാഷണങ്ങളിലൂടെ മികച്ച ദൃശ്യങ്ങളെ ഇടകലർത്തി അവതരിപ്പിക്കുന്ന ശൈലിയാണ് സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്.

Pic courtesy: Website
Template Designed by Douglas Bowman - Updated to New Blogger by: Blogger Team
Modified for 3-Column Layout by Hoctro