തായ്‌വാനീസ് സംവിധായകനായ ടോം ലിൻ ഷൂ-യു (Tom Lin Shu-yu) രചനയും സംവിധാനവും നിർവ്വഹിച്ച 'യെൻ ആൻഡ് ഐ-ലീ' ഗാർഹിക പീഡനം, കുറ്റബോധം, വൈകാരികമായ മുറിവുണക്കൽ, അമ്മയും മകളും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധം എന്നീ വിഷയങ്ങളെ ആഴത്തിൽ സ്പർശിക്കുന്ന ഒരു ഫാമിലി ഡ്രാമയാണ്.
തന്നെയും അമ്മയെയും ഉപദ്രവിച്ചിരുന്ന അച്ഛനെ കൊലപ്പെടുത്തിയ കുറ്റത്തിന് എട്ട് വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ച ശേഷം യെൻ (Yen) തൻ്റെ ഹക്കാനീസ് ഗ്രാമമായ കയോഹ്‌സ്യൂങിലേക്ക് തിരികെയെത്തുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. ജയിൽ മോചിതയായി വരുന്ന മകളെ സ്വീകരിക്കാൻ അമ്മയായ ഐ-ലീ (Ai-Lee) പുതിയ വീട്ടിൽ കാത്തിരിക്കുന്നുണ്ടെങ്കിലും, അവർക്കിടയിലെ ബന്ധം മുറിവേറ്റതും അകൽച്ചയുള്ളതുമാണ്.
തൻ്റെ കഴിഞ്ഞ കാലവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്ന യെൻ, നഗരത്തിൽ ഉപജീവന മാർഗ്ഗം തേടുന്നു.
നഗരത്തിൽ അലഞ്ഞു തിരിയുകയും യൂണിവേഴ്സിറ്റിയിൽ അഭിനയം പഠിക്കുകയും ചെയ്യൂന്ന ഐ-ലീ (Allie) എന്ന മറ്റൊരു യുവതിയുടെ ജീവിതവും സമാന്തരമായി പുരോഗമിക്കുന്നു.
കൊല്ലപ്പെട്ട അച്ഛൻ്റെ കാമുകിയുടെ മകനും യെന്നിൻ്റെ അർദ്ധസഹോദരനുമായ ഒരു ചെറിയ കുട്ടിയുടെ കടന്നുവരവ് അമ്മയുടെയും മകളുടെയും ജീവിതത്തിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടാക്കുന്നു.
ചെറിയ കുട്ടിയുമായി അവൻ്റെ അമ്മയെ തിരക്കി യൂണിവേഴ്സിറ്റിയിൽ പോകേണ്ടിവരുന്ന യെന്നിൻ്റെ അമ്മ,
യെന്നുമായി രൂപസാദൃശ്യമുള്ള അഭിനയം പഠിക്കുന്ന യുവതി ഐ-ലീ, ഇവരുടെ ജീവിതങ്ങൾ കൂട്ടിമുട്ടുമ്പോൾ, പങ്കുവെക്കപ്പെട്ട രഹസ്യങ്ങൾ അനാവൃതമാകുന്നു. ഇത് യെന്നിനെയും ഐ-ലീയെയും അവരുടെ അടക്കം ചെയ്ത സത്യങ്ങളെ നേരിടാൻ പ്രേരിപ്പിക്കുന്നു.
സിനിമയുടെ പ്രധാന ആകർഷണങ്ങളിലൊന്ന് ഇന്ത്യൻ സിനിമാട്ടോഗ്രാഫർ കാർത്തിക് വിജയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ദൃശ്യങ്ങളാണ്. നിറങ്ങളുടെ അഭാവം കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങൾക്കും വിഷാദത്തിനും കൂടുതൽ വ്യക്തതയും ആഴവും നൽകുന്നു.
ഗാർഹിക പീഡനം പോലുള്ള ഒരു ദുരന്തം എങ്ങനെയാണ് ഒരു അമ്മയുടെയും മകളുടെയും ബന്ധത്തെ മുറിപ്പെടുത്തുന്നതെന്നും, അതിൽ നിന്ന് അവർ എങ്ങനെ വിടുതൽ നേടാൻ ശ്രമിക്കുന്നു എന്നും ചിത്രം അതിസൂക്ഷ്മമായി അവതരിപ്പിക്കുന്നു.
പരുക്കൻ യാഥാർത്ഥ്യങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും, പ്രത്യാശയുടെയും സ്വയം തിരിച്ചറിവിൻ്റെയും സാധ്യതകൾ ഈ ചിത്രം അവശേഷിപ്പിക്കുന്നു. മുറിവുകൾ പൂർണ്ണമായും ഉണങ്ങുന്നില്ലെങ്കിലും, മുന്നോട്ട് ജീവിക്കാൻ കഴിയുമെന്ന ഒരു ആശ്വാസമാണ് 'യെൻ ആൻഡ് ഐ-ലീ' പ്രേക്ഷകർക്ക് നൽകുന്നത്. ശക്തമായ സ്ത്രീപക്ഷ രാഷ്ട്രീയത്തെ അടിച്ചേൽപ്പിക്കാതെ അവതരിപ്പിക്കുന്നു എന്നതും ഈ ചിത്രത്തിൻ്റെ മനോഹാരിതയായി കണക്കാക്കാം.

No comments:
Post a Comment