ഇറാനിലെ നിലവിലെ സാമ്പത്തിക തകർച്ചയുടെയും സാമൂഹിക സമ്മർദ്ദങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. നിമ (Nima), മഹ്‌ഷീദ് (Mahshid) എന്നീ ദമ്പതികളാണ് കഥയിലെ പ്രധാനികൾ. കുട്ടികളെ വളർത്താനുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ഭർത്താവിൻ്റെ നിർബന്ധപ്രകാരം നിമ തൻറെ മാതൃത്വസ്വപ്നങ്ങൾ തൽക്കാലത്തേക്കെങ്കിലും മാറ്റിവെക്കുന്നു.
എന്നാൽ, മാതാപിതാക്കളാകാനുള്ള ആഗ്രഹത്തെ അവർ മറ്റൊരു രീതിയിൽ സാക്ഷാത്കരിക്കുന്നു. തങ്ങളുടെ സ്നേഹത്തിൽ നിന്നും സങ്കൽപ്പത്തിൽ നിന്നും രൂപപ്പെടുത്തിയെടുത്ത ഒരു 'സാങ്കൽപ്പിക മകളെ' അവർ വളർത്താൻ തുടങ്ങുന്നു. ഈ സങ്കൽപ്പലോകം അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നും, യാഥാർത്ഥ്യവും സങ്കൽപ്പവും തമ്മിലുള്ള അതിർവരമ്പുകൾ എങ്ങനെ മായുന്നുവെന്നുമാണ് ചിത്രം പറയുന്നത്
ഇറാനിലെ ഇന്നത്തെ സാമ്പത്തിക ചുറ്റുപാടുകൾ സാധാരണക്കാരുടെ ജീവിതത്തെയും സ്വപ്നങ്ങളെയും എങ്ങനെ തകർക്കുന്നുവെന്ന് വ്യക്തമാക്കുന്നതിനൊപ്പം
'ഇമേജിനറി പാരന്റ്ഹുഡ്' (Imaginery Parenthood) എന്ന വേറിട്ട പ്രമേയത്തിലൂടെ മാതാപിതാക്കളാകാനുള്ള മനുഷ്യന്റെ തീവ്രമായ ആഗ്രഹത്തെ സംവിധായകൻ വിശകലനം ചെയ്യുന്നു.
കടുത്ത സെൻസർഷിപ്പുകൾക്കും നിയന്ത്രണങ്ങൾക്കും ഇടയിൽ ഇറാനിയൻ സംവിധായകർ എങ്ങനെ സർഗ്ഗാത്മകമായി സംവദിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സൈക്കോളജിക്കൽ ഡ്രാമ ശ്രേണിയിലുള്ള ഈ ചിത്രം. സങ്കൽപ്പങ്ങളെ യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുന്ന മനുഷ്യന്റെ വിങ്ങലുകൾ ഈ സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.

No comments:
Post a Comment