'സ്മോൾ, സ്ലോ ബട്ട് സ്റ്റെഡി' (Small, Slow But Steady), 'ഓൾ ദ ലോങ്ങ് നൈറ്റ്സ്' (All the Long Nights) തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ജപ്പാനീസ് സംവിധായകൻ ഷോ മിയാകി (Sho Miyake) ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണിത്. 2025-ലെ ലൊക്കാർണോ ഫിലിം ഫെസ്റ്റിവലിൽ (Locarno Film Festival) മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ലെപ്പേർഡ് (Golden Leopard) പുരസ്കാരം ഈ ചിത്രം സ്വന്തമാക്കിയിരുന്നു.
രണ്ട് വ്യത്യസ്ത ഋതുക്കളിലായി നടക്കുന്ന രണ്ട് കഥകളാണ് സിനിമയിലുള്ളത്. പ്രശസ്ത മാംഗ ആർട്ടിസ്റ്റ് യോഷിഹാരു സുഗെയുടെ (Yoshiharu Tsuge) ചെറുകഥകളെ ആസ്പദമാക്കിയാണ് ഇത് ഒരുക്കിയിരിക്കുന്നത്.
വേനൽക്കാലത്ത് കടൽതീരത്ത് വെച്ച് കണ്ടുമുട്ടുന്ന നാഗിസ, നാറ്റ്‌സുവോ എന്നീ രണ്ട് അപരിചിതരുടെ കഥ. മൗനവും അവ്യക്തമായ വാക്കുകളും നിറഞ്ഞ അവരുടെ കണ്ടുമുട്ടൽ, മനുഷ്യർക്കിടയിലുള്ള അകലത്തെ കാണിച്ചുതരുന്നു.
ലീ (Li) എന്ന തിരക്കഥാകൃത്താണ് ഇതിലെ കേന്ദ്ര കഥാപാത്രം, അവർ സൃഷ്ടിക്കുന്ന കഥാപാത്രങ്ങളാണ് നേരത്തെ പറഞ്ഞ കടൽത്തീരത്ത് കണ്ട് മുട്ടുന്നവർ.
എഴുത്ത് തടസ്സപ്പെട്ട ലീ, ശൈത്യകാലത്ത്
മഞ്ഞുമൂടിയ ഒരു ഗ്രാമത്തിലെ സത്രത്തിൽ താമസിക്കാനെത്തുകയും അവിടുത്തെ ഉടമയായ ബെൻസോയുമായി (Benzo) സൗഹൃദത്തിലാകുകയും ചെയ്യുന്നു. അവിടുത്തെ ഏകാന്തതയിൽ നിന്ന് അവൾ തന്റെ സർഗാത്മകത തിരിച്ചുപിടിക്കുകയും ചെയ്യുന്നുണ്ട്.
ഷോ മിയാകെയുടെ മുൻ ചിത്രങ്ങളെപ്പോലെ തന്നെ വളരെ ശാന്തവും ലളിതവുമായ ആഖ്യാനശൈലിയാണ് ഇതിലും ഉള്ളത്. വലിയ ട്വിസ്റ്റുകളില്ലാതെ, മനുഷ്യബന്ധങ്ങളുടെ സൂക്ഷ്മമായ തലങ്ങളെ ചിത്രം സ്പർശിക്കുന്നു. പ്രണയമോ സൗഹൃദമോ അല്ലാത്ത, എന്നാൽ മനുഷ്യർക്ക് പരസ്പരം നൽകാൻ കഴിയുന്ന ആശ്വാസത്തെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്; ബഹളങ്ങളിൽ നിന്ന് മാറി, മനസ്സിന് ശാന്തത നൽകുന്ന ഒരു സിനിമാ അനുഭവം.
പിൻകുറിപ്പ്: 2025 IFFK യിൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള സുവർണ്ണചകോരം ഈ സിനിമ കരസ്ഥമാക്കി.

No comments:
Post a Comment