31.12.06

ഫയര്‍വര്‍ക്സ്‌ വെനസ്‌ഡേ

ഭാവിവരന്റെ ബൈക്കില്‍ , ഒരു ക്ലീനിംഗ്‌ ഏജന്‍സിയുമായി ബന്ധപ്പെട്ട്‌ , നഗരത്തിലേക്ക് വീട്ട്ജോലിക്കായി പോകുന്ന റൗഹി യെന്ന പെണ്‍കുട്ടിയില്‍ നിന്നാണ്‌ അസ്‌ഹര്‍ ഫര്‍ഹാദിയുടെ ഇറാനിയന്‍ ചിത്രം 'ഫയര്‍വര്‍ക്സ്‌ വെനെസ്‌ഡേ' യുടെ തുടക്കം. അവള്‍ എത്തിപ്പെടുന്ന തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയുള്ള വീട്ടിലെ ദാമ്പത്യപൊരുത്തക്കേടുകളിലൂടെ ചിത്രം വികാസം പ്രാപിക്കുന്നു.

തലേന്ന് ഭാര്യയുമായി വഴക്കടിച്ച്‌,ജനാലചില്ലു പൊട്ടിച്ചതിന്റെ ഫലമായി കൈയ്യില്‍ ബാന്‍ഡേജ്‌ മായി കഴിയുന്ന കുടുംബനാഥന്‍ മോര്‍ട്ട്‌സെ, ഒപ്പം ഇയാള്‍ക്ക്‌ അടുത്ത ഫ്ലാറ്റിലെ സുന്ദരിയായ ബ്യൂട്ടീഷനുമായി അവിഹിതബന്ധം സംശയിക്കുന്ന ഭാര്യ മൊജാദ്‌. സംശയങ്ങളും ഒളിപ്പിച്ച്‌ വെച്ച വികാരങ്ങളും വിശ്വാസമില്ലായ്മയില്‍ നിന്നുടലെടുക്കുന്ന ഭയവുമൊക്കെ വ്യക്തമാക്കുന്ന ആധുനിക ഇറാനിയന്‍ കുടുംബബന്ധങ്ങളിലെ സ്വരച്ചേര്‍ച്ചയില്ലായ്മ, വിവാഹബന്ധത്തിന്റെ പവിത്രതയെക്കുറിച്ച്‌ മാത്രം സ്വപ്നം കണ്ട്‌ കഴിയുന്ന നാട്ടിന്‍പുറത്ത്‌കാരി റൗഹിയില്‍ ഉണ്ടാക്കുന്ന ആശങ്കകളും വിഹ്വലതകളുമാണ്‌ ചിത്രം ചര്‍ച്ചചെയ്യുന്നത്‌.

റൗഹി വരുന്നതിനു മുന്‍പും പിന്‍പും മൊജാദ്‌ കൂടുതല്‍ സമയവും ചിലവിടുന്നത്‌ ബാത്ത്‌ റൂമിന്റെ ചുവരില്‍ കാതോര്‍ത്ത്‌ ബ്യൂട്ടിഷന്റെ വീട്ടിലെ രഹസ്യങ്ങളിലേക്കാണ്‌.റൗഹിയെ പുരികം ശരിയാക്കാനെന്ന് വ്യാജേന രഹസ്യം ചോര്‍ത്താനായി അവരുടെ പാര്‍ലറിലേക്ക്‌ അയയ്ക്കുന്നുമുണ്ടീ സംശയാലുവായ വീട്ടുകാരി. ഏതാണ്ട്‌ ബന്ധം വേര്‍പെടലിന്റെ വക്കത്തെത്തിനില്‍ക്കുന്ന ഈ കുടുംബം റൗഹിയുടെ ചില ബുദ്ധിപരമായ ഉത്തരങ്ങളിലൂടെ തല്‍ക്കാലത്തേക്കെങ്കിലും സമരസപ്പെടുന്നു.

ഇറാനിയന്‍ ന്യൂ ഇയര്‍ ആഘോഷമായ ഷഹര്‍ ഷന്‍സെ സൂരി (ബുധനാഴ്ചയിലെ കരിമരുന്ന് പ്രയോഗം)യുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഫര്‍ഹാദി, അവസാന ചില രംഗങ്ങളില്‍ കഥാപാത്രങ്ങളെയും സംഭവങ്ങളെയും പശ്ചാത്തലവുമായി കൂട്ടിയിണക്കുന്നു.റൗഹിയെ നേരം വൈകിയതിനാല്‍ ഗ്രാമത്തിലേക്ക്‌ തിരികെയെത്തിക്കാനും, അതിനു മുന്‍പ്‌ മകനെ കരിമരുന്ന്പ്രയോഗം കാണിക്കാന്‍ പാര്‍ക്കിലേക്കും കൊണ്ട്‌പോകുന്നതോടെ മോര്‍ട്ട്‌സെയുടെ ഒളിച്ച്‌ വെച്ച വികാരങ്ങളിലേക്കും വിചാരങ്ങളിലേക്കും നാമെത്തുന്നു.

ഒരിക്കലും ചിന്തിച്ചിട്ടുപോലുമില്ലാത്ത വിവാഹജീവിതത്തിന്റെ കടുത്ത യാഥാര്‍ത്ഥ്യത്തിലേക്കും, ഒപ്പം ആശങ്കകളിലേക്കും റൗഹിയെ തള്ളിവിടുന്ന ചില സംഭവങ്ങളാണ്‌ പിന്നീട്‌. പക്ഷേ അയാള്‍ ഒരിക്കലും ഈ ജോലിക്കാരിയോട്‌ മോശമായി പെരുമാറുന്നുമില്ല, മാത്രമല്ല, അവളെ സുരക്ഷിതമായി ഗ്രാമാതിര്‍ത്തിയില്‍ കാത്തുനില്‍ക്കുന്ന ഭാവിവരന്റെയരുകിലെത്തിക്കുകയും ചെയ്യുന്നു.

ഇന്നെത്തെ ആധുനിക ടെഹ്‌റാനിലെ സ്ത്രീ-പുരുഷ ബന്ധത്തിന്റെ സംഘര്‍ഷവും, കളങ്കമില്ലാത്ത നാട്ടിന്‍പുറത്ത്‌കാരിയില്‍ ഉടലെടുക്കുന്ന ആശങ്കകളും ചര്‍ച്ചചെയ്യുന്നതിനൊപ്പം വ്യത്യസ്ഥമായ പശ്ചാത്തലമൊരുക്കുന്നതിലൂടെ യുദ്ധത്തിനേക്കാള്‍ കുഴപ്പമാര്‍ന്ന ദൈനംദിന അക്രമങ്ങളിലേക്കും വിരല്‍ചൂണ്ടുവാന്‍ സംവിധായകന്‍ ശ്രമിച്ച്‌കാണുന്നു. ഇതിന്‌ സഹായകമാകുന്നതാണ്‌ ഹുസൈന്‍ ജാഫ്രിയന്റെ ചടുലമാര്‍ന്ന ഛായാഗ്രഹണം. ശരാശരി ഇറാനിയന്‍ സിനിമകളില്‍ നിന്നും വ്യത്യസ്ഥമായി മെലോഡ്രാമയിലേക്ക്‌ ഏതു സമയത്തും നയിക്കപെടാമെന്ന് തോന്നിപ്പിക്കുംവിധം കഥ പറയാന്‍ ശ്രമിച്ചിരിക്കുന്ന ശൈലി ശ്രദ്ധേയമായി തോന്നി.

സീസ്‌ ഫയര്‍ (Cease Fire)



പൂര്‍ണ്ണമായിട്ടല്ലങ്കില്‍ കൂടി യാഥാസ്ഥിതിക മനോഭാവം വെച്ച്‌ പുലര്‍ത്തുന്ന ഒരു യുവാവും , കുറച്ച്‌ ഉയര്‍ന്ന ചിന്താഗതി പുലര്‍ത്തി ജീവിക്കുന്ന യുവതിയും തമ്മിലുടലെടുക്കുന്ന പ്രണയവും, വിവാഹവും, ഒപ്പം വിവാഹജീവിതത്തിന്റെ ഒന്നാം ദിവസം തന്നെ ആരംഭിക്കുന്ന പൊരുത്തക്കേടുകളും സരസമായവതരിപ്പിക്കുന്നു സീസ്‌ ഫയര്‍ എന്ന ചിത്രത്തിലൂടെ ഇറാനിയന്‍ വനിതാ സംവിധായിക തഹ്‌മിനാ മിലാനി.

വനിതാ വിമോചകപ്രസ്ഥാനങ്ങളിലൂടെ ശ്രദ്ധേയയായ മിലാനിയുടെ മുന്‍ചിത്രങ്ങളേപ്പോലെ കടുത്തതല്ലങ്കിലും സ്ത്രീയുടെ ഉയര്‍ന്നതെന്ന് കരുതുന്ന ചിന്താതലം തന്നെയാണിതിലും പ്രതിപാദിക്കുവാന്‍ ശ്രമിച്ച്‌ കാണുന്നത്‌; പക്ഷേ വ്യത്യസ്ഥമായ വിമര്‍ശനാത്മക റൊമാന്റിക്‌ കോമഡിയിലൂടെയാണന്ന് മാത്രം.

ഒരു വലിയ പ്രോജക്റ്റിന്റെ സൂപ്പര്‍വൈസിംഗ്‌ ആര്‍ക്കിടെക്ടായ 'സയ' എന്ന സുന്ദരി, ആ പ്രോജക്റ്റിന്റെ തന്നെ കരാറുകാരന്റെ എഞ്ചിനീയര്‍ ആയ 'യൂസഫ്‌' മായി അടുപ്പത്തിലാകുകയും വിവാഹിതരാകുകയും ചെയ്യുന്നു. രണ്ടാളും വിദ്യാഭ്യാസം, പണം, സൗന്ദര്യം തുടങ്ങിയവയെല്ലാം ധാരാളമായുള്ളവര്‍, പക്ഷേ ദാമ്പത്യത്തിന്റെ ഒന്നാം ദിനം തന്നെ പൊരുത്തക്കേടുകളുമാരംഭിക്കുന്നു. പരസ്പരം വഴക്ക്‌ കൂടി ഓരോന്നായി എറിഞ്ഞുടയ്ക്കുകയും, വസ്ത്രങ്ങള്‍, പാദരക്ഷകള്‍ തുടങ്ങിയവ നശിപ്പിക്കുകയും ചെയ്യുന്നു.നര്‍മ്മത്തില്‍ പൊതിഞ്ഞ ഈ രംഗങ്ങള്‍, പക്ഷേ പ്രണയത്തിന്റെ വൈകാരിക മുഹൂര്‍ത്തങ്ങളും സമ്മാനിക്കുന്നു.

ബന്ധം വേര്‍പിരിയാന്‍ തീരുമാനിക്കുന്ന സയ വക്കീലിന്റെ അടുത്തേക്ക്‌ പോകുംവഴി, ആ കെട്ടിടത്തില്‍ തന്നെയുള്ള സൈക്യാട്രിസ്റ്റിന്റെ ക്ലിനിക്കില്‍ ചെന്നുപെടുന്നു. അദ്ദേഹത്തിന്റെ ശാന്തസുന്ദരമായ കൗണ്‍സിലിംഗിനിടയില്‍ സയ മുന്‍പ്‌ നടന്ന കാര്യങ്ങള്‍ പറയുന്ന ഫ്ലാഷ്‌ബായ്ക്കിലൂടെയാണ്‌ യൂസഫുമായുള്ള ജീവിതത്തിലെ പൊരുത്തക്കേടുകളും പ്രണയവുമൊക്കെതന്നെ അനാവരണം ചെയ്യുന്നത്‌. ഇതേ സ്ഥലത്ത്‌ യൂസഫും എത്തിപ്പെടുന്നു. ഇരുവരേയും ഗോപ്യമായ കൗണ്‍സിലിംഗിലൂടെ അദ്ദേഹം ഒരുമിപ്പിക്കുവാന്‍ ശ്രമിക്കുന്നു. വേണ്ടുവോളം വിദ്യാഭ്യാസവും ഉയര്‍ന്ന ചിന്താഗതിയുമൊക്കെയുണ്ടങ്കിലും ഉള്ളിന്റെയുള്ളില്‍ ഉറങ്ങികിടക്കുന്ന കുട്ടിത്തമാണ്‌ പ്രശ്നമെന്ന് അയാള്‍ ബോധ്യപ്പെടുത്തികൊടുക്കുന്നു.

സയ യുടെ വീക്ഷണത്തിലൂടെയുള്ള ഫ്ലാഷ്‌ബായ്ക്കായതിനാലാവണം കുടുംബയുദ്ധങ്ങളിലെല്ലാം മേല്‍ക്കോയ്മ നേടുന്നതും അവള്‍ തന്നെ. യൂസഫ്‌ എന്ന കഥാപാത്രം അവളുമായി എപ്പോഴും വഴക്കടിക്കുന്നുവെങ്കിലും പിരിയാനാവാത്ത വിധം പ്രണയത്തിലുമാണ്‌.വളരെ ലഘുവായ കഥാതന്തു , രസകരമായി വികസിപ്പിക്കുവാനും ,വളരെ കുറഞ്ഞകഥാപാത്രങ്ങളിലൂടെ തന്നെ, നര്‍മ്മം ചാലിച്ച്‌ അവതരിപ്പിക്കുവാനും സംവിധായികയ്ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. എങ്കിലും ചിത്രത്തില്‍ മുഴച്ച്‌ നില്‍ക്കുന്നത്‌ തഹ്‌മിന മിലാനിയുടെ ഫെമിനിസ്റ്റ്‌ ആശയങ്ങള്‍ തന്നെയാണ്‌.

സയ യെ അവതരിപ്പിച്ച പുതുമുഖം മഹ്‌നാസ്‌ അഫ്‌ഷര്‍, യൂസഫിനെ അവതരിപ്പിച്ച റേസാ ഗോള്‍സാര്‍ എന്നിവരുടെ അഭിനയചാതുരി ചിത്രത്തിന്‌ രസകരമായ ഒഴുക്ക്‌ നല്‍കുന്നു.ഒപ്പം ചിത്രീകരണം ഇറാനില്‍ തന്നെ നടന്നതോയെന്ന് (?)സംശയിപ്പിക്കുന്ന ചില ഷോട്ടുകളുമായി ക്യാമറചലിപ്പിച്ചിരിക്കുന്ന അലി റേസയും ചിത്രം ആവശ്യപ്പെടുന്ന വൈകാരികവും ചടുലവുമായ പശ്ചാത്തല സംഗീതവുമായി നാസര്‍ അസറും.

പതിനൊന്നാമത്‌ അന്താരാഷ്ട്രചലച്ചിത്രമേളയും ഞാനും

പതിനൊന്നാമത്‌ അന്താരാഷ്ട്രചലച്ചിത്രമേളയ്ക്ക്‌ കൊടിയിറങ്ങുമ്പോള്‍ ഞാന്‍ നൈജീരിയയിലേക്കുള്ള മടക്കയാത്രയിലായിരുന്നു. അവധിദിനങ്ങള്‍ മേളയോടൊപ്പം ആഘോഷിക്കുവാന്‍ തീരുമാനിച്ചെങ്കിലും പക്ഷേ മേളയവസാനിച്ച അന്നു തന്നെ തിരികെ വണ്ടികേറേണ്ടിവരുമെന്ന് നിനച്ചില്ല. മേളയാകട്ടെ , കഴിഞ്ഞവര്‍ഷങ്ങളിലെപ്പോലെ അത്ര നിലവാരം പുലര്‍ത്തിയുമില്ല.

ആകെ ഇരുനൂറ്റി അന്‍പതിലധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചെങ്കിലും പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയത്‌ വിരലിലെണ്ണാവുന്നവയേയുള്ളൂ, കാണാന്‍കഴിഞ്ഞതും. ആകെ മാറിമറിഞ്ഞ ഷെഡ്യൂളുകളും, സംഘാടനത്തിലെ പോരായ്മയും, സാങ്കേതികമായ പിഴവുകളും മുന്‍വര്‍ഷങ്ങളില്‍ തിരുവനന്തപുരം മേളയ്ക്കുണ്ടായിരുന്ന പകിട്ട്‌ കുറച്ച്‌ കളഞ്ഞു ഇത്തവണ. ശ്രീ.അടൂര്‍ഗോപാലകൃഷ്ണന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി വന്നതിനു ശേഷമാണ്‌, ഡെലിഗേറ്റ്‌ ഫീസ്‌ വെച്ചതും (ആദ്യം നൂറ്‌ രൂപയായിരുന്നത്‌ പിന്നീട്‌ ഇരുന്നൂറായി മാറി) വെറുതേ ജാഢയ്ക്ക്‌ പാസ്സ്‌ സംഘടിപ്പിച്ച്‌, യഥാര്‍ത്ഥ ഫെസ്റ്റിവല്‍ കാഴ്ച്ചക്കാരെ വേദിയില്‍ അടുപ്പിക്കാതിരുന്നവരെ നിയന്ത്രിച്ചതും. അന്നും പിന്നീട്‌ ശ്രീ.ടി.കെ.രാജീവ്‌കുമാര്‍ ചെയര്‍മാനായപ്പോഴും വളരെ നന്നായിതന്നെ ഓര്‍ഗനൈസ്‌ ചെയ്തിരുന്ന ശ്രിമതി ബീനാപോളിന്റെ ഫെസ്റ്റിവല്‍ നേതൃത്വം പക്ഷേ ഇക്കുറി വേണ്ടപോലെ ശോഭിച്ചില്ലന്ന് വേണം പറയാന്‍. ചെയര്‍മാന്‍ മാറിയത്‌ കൊണ്ടാണോ ആവോ, ആകെയൊരു അലമ്പ്‌ മൊത്തം സംഘാടനത്തില്‍ വന്ന് പെട്ടു.

കുറച്ചെങ്കിലും നിലവാരമുള്ള ചിത്രങ്ങള്‍, കാശുമുടക്കി പാസ്സെടുത്ത പ്രേക്ഷകര്‍, നിലത്തിരുന്നും നിന്നും കാണുവാന്‍ തയ്യാറാകുമ്പോഴും അക്കാദമി നിസ്സംഗരായിരുന്നു. മേളതുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഫെസ്റ്റിവല്‍ ബുക്ക്‌ കിട്ടാത്തതും, ഷെഡ്യൂളില്‍ പറഞ്ഞപ്രകാരം പ്രദര്‍ശനങ്ങള്‍ നടക്കാത്തതും, അക്കാദമി പൊങ്ങച്ചസഞ്ചിയിലിട്ട്‌ കൊണ്ട്‌ വന്ന വോള്‍വര്‍ പോലുള്ള ചിത്രങ്ങള്‍, തീയറ്ററിന്റെ സാങ്കേതികമേന്മയില്ലാത്തത്‌ കാരണം പ്രദര്‍ശനം നടക്കാതെ പോയതും (പിന്നിട് പ്രദര്‍ശിപ്പിച്ചു, പക്ഷേ നഷ്ടമായത് മറ്റൊരു നല്ല ചിത്രവും) പോലുള്ള സംഭവങ്ങള്‍ അടുത്തിടയൊന്നും മേളയിലുണ്ടായിട്ടില്ല.

തീയറ്ററുകളുടെ തിരഞ്ഞെടുപ്പും ഇക്കുറി വ്യത്യസ്ഥമായിരുന്നു.കലാഭവന്‍, കൈരളി/ ശ്രീ ഇരട്ടതീയറ്ററുകളും, ന്യൂ തീയറ്ററും, ശ്രീകുമാര്‍/ശ്രീവിശാഖ്‌ ഇരട്ടതീയറ്ററുകളുമായിരുന്നു നേരത്തെയുണ്ടായിരുന്ന പ്രധാന പ്രദര്‍ശനവേദികള്‍. കലാഭവനിലൊഴിച്ച്‌ ബാക്കിയിടങ്ങളില്‍ എളുപ്പം എത്തിപ്പെടാനും പറ്റുമായിരുന്നു. എന്നാല്‍ ഇത്തവണ ശ്രീകുമാര്‍/ശ്രീവിശാഖ്‌ ഒഴിവാക്കി, റെയില്‍വേ പാളത്തിനപ്പുറം കിടക്കുന്ന കൃപ തിരഞ്ഞെടുത്തത്‌, കുറച്ചൊന്നുമല്ല ആശയകുഴപ്പം പതിവു ഡെലിഗേറ്റുകളില്‍ സൃഷ്ടിച്ചത്‌. തീയറ്ററുകളുടെ എണ്ണത്തില്‍വന്ന ഈ കുറവ്‌ നല്ല ചിത്രങ്ങളുടെ റിപ്പീറ്റ്‌ ഷോയെയും ബാധിച്ചു.

ജോണ്‍ ഏബ്രഹാമിന്റെകൂടി പേര്‌ ചീത്തയാക്കാന്‍ ഇറങ്ങിപുറപ്പെടാറുള്ള 'ഒഡേസ്സ' പ്രവര്‍ത്തകരുടെ ലീലാവിലാസങ്ങള്‍ ഈ മേളയില്‍ അധികം കണ്ടില്ല, ഒഡേസ്സ അന്യം നിന്നു പോയോ എന്തോ.!അതുപോലെ തന്നെ മറ്റൊന്ന് കവി അയ്യപ്പന്റെ അസാന്നിദ്ധ്യമായിരുന്നു. ആദ്യ ദിനങ്ങളില്‍ ഏതോ തീയറ്ററില്‍, അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ രണ്ട്‌ പേര്‍ അടികൂടുന്നത്‌ ഒരു പത്രം പടമുള്‍പ്പടെ പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും പിന്നീട്‌ കാണാന്‍ കഴിഞ്ഞില്ല, അല്ലെങ്കില്‍ രണ്ടണ്ണം അടിച്ച്‌ പൂസായി 'തലയ്ക്ക്‌ മീതേ ശൂന്യാകാശം' പാടാറുള്ളത്‌ കേള്‍ക്കാന്‍ കഴിഞ്ഞില്ല. നനയ്ക്കാത്ത, കുളിയ്ക്കാത്ത ബുദ്ധിജീവിനാട്യങ്ങള്‍ ഇത്തവണ അധികമൊന്നുമുണ്ടായില്ലന്നതും ശ്രദ്ധേയമായി. ചര്‍ച്ചകളും വാഗ്വാദങ്ങളും അധികമൊന്നുണ്ടാവാത്തത്‌ മേളയ്ക്ക്‌ നിലവാരം കൂടിയത്‌ കൊണ്ടോ കുറഞ്ഞത്‌ കൊണ്ടോയെന്നുമറിയില്ല.

മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച വയലിന്‍, ഫയര്‍വര്‍ക്സ്‌ വെനസ്‌ഡേ, കിസ്സ്‌ മീ നോട്ട്‌ ഓണ്‍ ദി ഐസ്‌, ഫുള്‍ ഓര്‍ എംപ്റ്റി, ദി ഗേസ്‌, ശങ്കര എന്നിവ ശ്രദ്ധേയമായി. ഓപ്പറ ജാവ കാണാനും കഴിഞ്ഞില്ല. ടി.വി.ചന്ദ്രന്റെ തമിഴ്‌ ചിത്രം ആടും കൂത്ത്‌, എം.പി.സുകുമാരന്‍ നായരുടെ ദൃഷ്ടാന്തം, തുടങ്ങിയചിത്രങ്ങളുള്‍പ്പെടെ 14 ചിത്രങ്ങളാണ്‌ മത്സരവിഭാഗത്തിലുണ്ടായിരുന്നത്‌.

ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച അഞ്ച്‌ ഇറാനിയന്‍ ചിത്രങ്ങളും ശരാശരി നിലവാരം പുലര്‍ത്തി.അതുപോലെ വോള്‍വര്‍, ദി വിന്‍ഡ്‌ ദാറ്റ്‌ ഷേക്ക്‌ ദി ബാര്‍ലി, വെല്‍ക്കം ടു പാരഡൈസ്‌ പോലുള്ള ചിത്രങ്ങളും. ഒരുവിധം നല്ല സിനിമയായിരുന്ന കിം കി ഡ്യൂക്കിന്റെ ദി ബോ കാണാന്‍കഴിഞ്ഞില്ല. കഴിഞ്ഞ വര്‍ഷത്തെ നല്ല റിട്രോസ്പെക്ടീവുകളിലൊന്നായിരുന്നു കിം കി ഡ്യൂക്കിന്റെ സൗത്ത്‌ കൊറിയന്‍ ചിത്രങ്ങള്‍, ശ്രദ്ധേയവും.

മലയാള സിനിമയ്ക്ക്‌ കുറച്ചധികം പ്രാധാന്യം ഈ വര്‍ഷമുണ്ടായതായി തോന്നി. അടൂരിന്റെ എല്ലാ ചിത്രങ്ങളുടെയും റിട്രോസ്പെക്ടീവ്‌ പാക്കേജിന്‌ ഒരു വിധം നല്ല തിരക്കുമുണ്ടായതായികണ്ടു. അതുപോലെ ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ശ്രീവിദ്യ, പത്മിനി എന്നിവര്‍ക്ക്‌ ആദരാഞ്ജലികള്‍ അര്‍പ്പിച്ച ചിത്രങ്ങളും,പുതിയ മലയാള സിനിമാ വിഭാഗത്തില്‍ അച്ചനുറങ്ങാത്ത വീട്‌ (ലാല്‍ ജോസ്), അത്ഭുതം (ജയരാജ്‌)കറുത്ത പക്ഷികള്‍(കമല്‍),നോട്ടം(ശശി പരവൂര്‍), പുലിജന്മം(പ്രിയനന്ദനന്‍)സൈറ(ഡോ.ബിജു), തന്മാത്ര(ബ്ലെസ്സി) തുടങ്ങിയ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. തന്മാത്രയിലെ സെന്‍സര്‍ ചെയ്യാത്ത രംഗങ്ങള്‍ക്കായി അതിനു മുന്‍പ്‌ പ്രദര്‍ശിപ്പിച്ച ചിത്രം മുതല്‍ക്കേ ചിലര്‍ കാത്തിരിക്കുന്നതും കണ്ടു.

ഇന്ത്യന്‍ സിനിമാ വിഭാഗം പൊതുവേ ശുഷ്കമായിരുന്നു.മഹേശ്വതാദേവിയുടെ കഥയെ അവലംബിച്ചവതരിപ്പിച്ച്‌ മാട്ടി മേയ്‌ എന്ന മറാത്തി ചിത്രമാണ്‌ ആ വിഭാഗത്തില്‍ കുറച്ചെങ്കിലും ശ്രദ്ധേയമായത്‌. ബ്രസീലിയന്‍ സംവിധായകന്‍ ഗ്ലോബര്‍ റോഷെ, ഫ്രഞ്ച്‌ നവതരംഗ സവിധായകന്‍ ലുയി മാള്‍ എന്നിവരുടെ റിട്രോസ്പെക്ടീവ്‌ പാക്കേജുകള്‍ പക്ഷേ വളരെയൊന്നും പ്രേക്ഷകരെ നേടിയില്ല. അതുപോലെ തന്നെ പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തിയവതരിപ്പിച്ച ദക്ഷിണാഫ്രിക്കന്‍ ചിത്രങ്ങളും, ആദ്യകാല ഇറാനിയന്‍ ചിത്രങ്ങളും, ഷെഡ്യൂളിങ്ങിലെ പോരായ്മകൊണ്ട്‌ പ്രേക്ഷകരെത്താതെ പോയി. കുറച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടത്‌ ഫ്രഞ്ച്‌ കോമഡി പാക്കേജായിരുന്നു.

മേളയില്‍ കണ്ട ചില ചിത്രങ്ങളെ കുറിച്ച്‌ എഴുതി തുടങ്ങിയെങ്കിലും തിരക്ക്‌ മൂലം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല, വരും ദിവസങ്ങളില്‍ തുടരാമെന്ന് കരുതട്ടെ.

പുതുവത്സരാശംസകള്‍
Template Designed by Douglas Bowman - Updated to New Blogger by: Blogger Team
Modified for 3-Column Layout by Hoctro