31.12.06

പതിനൊന്നാമത്‌ അന്താരാഷ്ട്രചലച്ചിത്രമേളയും ഞാനും

പതിനൊന്നാമത്‌ അന്താരാഷ്ട്രചലച്ചിത്രമേളയ്ക്ക്‌ കൊടിയിറങ്ങുമ്പോള്‍ ഞാന്‍ നൈജീരിയയിലേക്കുള്ള മടക്കയാത്രയിലായിരുന്നു. അവധിദിനങ്ങള്‍ മേളയോടൊപ്പം ആഘോഷിക്കുവാന്‍ തീരുമാനിച്ചെങ്കിലും പക്ഷേ മേളയവസാനിച്ച അന്നു തന്നെ തിരികെ വണ്ടികേറേണ്ടിവരുമെന്ന് നിനച്ചില്ല. മേളയാകട്ടെ , കഴിഞ്ഞവര്‍ഷങ്ങളിലെപ്പോലെ അത്ര നിലവാരം പുലര്‍ത്തിയുമില്ല.

ആകെ ഇരുനൂറ്റി അന്‍പതിലധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചെങ്കിലും പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയത്‌ വിരലിലെണ്ണാവുന്നവയേയുള്ളൂ, കാണാന്‍കഴിഞ്ഞതും. ആകെ മാറിമറിഞ്ഞ ഷെഡ്യൂളുകളും, സംഘാടനത്തിലെ പോരായ്മയും, സാങ്കേതികമായ പിഴവുകളും മുന്‍വര്‍ഷങ്ങളില്‍ തിരുവനന്തപുരം മേളയ്ക്കുണ്ടായിരുന്ന പകിട്ട്‌ കുറച്ച്‌ കളഞ്ഞു ഇത്തവണ. ശ്രീ.അടൂര്‍ഗോപാലകൃഷ്ണന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി വന്നതിനു ശേഷമാണ്‌, ഡെലിഗേറ്റ്‌ ഫീസ്‌ വെച്ചതും (ആദ്യം നൂറ്‌ രൂപയായിരുന്നത്‌ പിന്നീട്‌ ഇരുന്നൂറായി മാറി) വെറുതേ ജാഢയ്ക്ക്‌ പാസ്സ്‌ സംഘടിപ്പിച്ച്‌, യഥാര്‍ത്ഥ ഫെസ്റ്റിവല്‍ കാഴ്ച്ചക്കാരെ വേദിയില്‍ അടുപ്പിക്കാതിരുന്നവരെ നിയന്ത്രിച്ചതും. അന്നും പിന്നീട്‌ ശ്രീ.ടി.കെ.രാജീവ്‌കുമാര്‍ ചെയര്‍മാനായപ്പോഴും വളരെ നന്നായിതന്നെ ഓര്‍ഗനൈസ്‌ ചെയ്തിരുന്ന ശ്രിമതി ബീനാപോളിന്റെ ഫെസ്റ്റിവല്‍ നേതൃത്വം പക്ഷേ ഇക്കുറി വേണ്ടപോലെ ശോഭിച്ചില്ലന്ന് വേണം പറയാന്‍. ചെയര്‍മാന്‍ മാറിയത്‌ കൊണ്ടാണോ ആവോ, ആകെയൊരു അലമ്പ്‌ മൊത്തം സംഘാടനത്തില്‍ വന്ന് പെട്ടു.

കുറച്ചെങ്കിലും നിലവാരമുള്ള ചിത്രങ്ങള്‍, കാശുമുടക്കി പാസ്സെടുത്ത പ്രേക്ഷകര്‍, നിലത്തിരുന്നും നിന്നും കാണുവാന്‍ തയ്യാറാകുമ്പോഴും അക്കാദമി നിസ്സംഗരായിരുന്നു. മേളതുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഫെസ്റ്റിവല്‍ ബുക്ക്‌ കിട്ടാത്തതും, ഷെഡ്യൂളില്‍ പറഞ്ഞപ്രകാരം പ്രദര്‍ശനങ്ങള്‍ നടക്കാത്തതും, അക്കാദമി പൊങ്ങച്ചസഞ്ചിയിലിട്ട്‌ കൊണ്ട്‌ വന്ന വോള്‍വര്‍ പോലുള്ള ചിത്രങ്ങള്‍, തീയറ്ററിന്റെ സാങ്കേതികമേന്മയില്ലാത്തത്‌ കാരണം പ്രദര്‍ശനം നടക്കാതെ പോയതും (പിന്നിട് പ്രദര്‍ശിപ്പിച്ചു, പക്ഷേ നഷ്ടമായത് മറ്റൊരു നല്ല ചിത്രവും) പോലുള്ള സംഭവങ്ങള്‍ അടുത്തിടയൊന്നും മേളയിലുണ്ടായിട്ടില്ല.

തീയറ്ററുകളുടെ തിരഞ്ഞെടുപ്പും ഇക്കുറി വ്യത്യസ്ഥമായിരുന്നു.കലാഭവന്‍, കൈരളി/ ശ്രീ ഇരട്ടതീയറ്ററുകളും, ന്യൂ തീയറ്ററും, ശ്രീകുമാര്‍/ശ്രീവിശാഖ്‌ ഇരട്ടതീയറ്ററുകളുമായിരുന്നു നേരത്തെയുണ്ടായിരുന്ന പ്രധാന പ്രദര്‍ശനവേദികള്‍. കലാഭവനിലൊഴിച്ച്‌ ബാക്കിയിടങ്ങളില്‍ എളുപ്പം എത്തിപ്പെടാനും പറ്റുമായിരുന്നു. എന്നാല്‍ ഇത്തവണ ശ്രീകുമാര്‍/ശ്രീവിശാഖ്‌ ഒഴിവാക്കി, റെയില്‍വേ പാളത്തിനപ്പുറം കിടക്കുന്ന കൃപ തിരഞ്ഞെടുത്തത്‌, കുറച്ചൊന്നുമല്ല ആശയകുഴപ്പം പതിവു ഡെലിഗേറ്റുകളില്‍ സൃഷ്ടിച്ചത്‌. തീയറ്ററുകളുടെ എണ്ണത്തില്‍വന്ന ഈ കുറവ്‌ നല്ല ചിത്രങ്ങളുടെ റിപ്പീറ്റ്‌ ഷോയെയും ബാധിച്ചു.

ജോണ്‍ ഏബ്രഹാമിന്റെകൂടി പേര്‌ ചീത്തയാക്കാന്‍ ഇറങ്ങിപുറപ്പെടാറുള്ള 'ഒഡേസ്സ' പ്രവര്‍ത്തകരുടെ ലീലാവിലാസങ്ങള്‍ ഈ മേളയില്‍ അധികം കണ്ടില്ല, ഒഡേസ്സ അന്യം നിന്നു പോയോ എന്തോ.!അതുപോലെ തന്നെ മറ്റൊന്ന് കവി അയ്യപ്പന്റെ അസാന്നിദ്ധ്യമായിരുന്നു. ആദ്യ ദിനങ്ങളില്‍ ഏതോ തീയറ്ററില്‍, അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ രണ്ട്‌ പേര്‍ അടികൂടുന്നത്‌ ഒരു പത്രം പടമുള്‍പ്പടെ പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും പിന്നീട്‌ കാണാന്‍ കഴിഞ്ഞില്ല, അല്ലെങ്കില്‍ രണ്ടണ്ണം അടിച്ച്‌ പൂസായി 'തലയ്ക്ക്‌ മീതേ ശൂന്യാകാശം' പാടാറുള്ളത്‌ കേള്‍ക്കാന്‍ കഴിഞ്ഞില്ല. നനയ്ക്കാത്ത, കുളിയ്ക്കാത്ത ബുദ്ധിജീവിനാട്യങ്ങള്‍ ഇത്തവണ അധികമൊന്നുമുണ്ടായില്ലന്നതും ശ്രദ്ധേയമായി. ചര്‍ച്ചകളും വാഗ്വാദങ്ങളും അധികമൊന്നുണ്ടാവാത്തത്‌ മേളയ്ക്ക്‌ നിലവാരം കൂടിയത്‌ കൊണ്ടോ കുറഞ്ഞത്‌ കൊണ്ടോയെന്നുമറിയില്ല.

മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച വയലിന്‍, ഫയര്‍വര്‍ക്സ്‌ വെനസ്‌ഡേ, കിസ്സ്‌ മീ നോട്ട്‌ ഓണ്‍ ദി ഐസ്‌, ഫുള്‍ ഓര്‍ എംപ്റ്റി, ദി ഗേസ്‌, ശങ്കര എന്നിവ ശ്രദ്ധേയമായി. ഓപ്പറ ജാവ കാണാനും കഴിഞ്ഞില്ല. ടി.വി.ചന്ദ്രന്റെ തമിഴ്‌ ചിത്രം ആടും കൂത്ത്‌, എം.പി.സുകുമാരന്‍ നായരുടെ ദൃഷ്ടാന്തം, തുടങ്ങിയചിത്രങ്ങളുള്‍പ്പെടെ 14 ചിത്രങ്ങളാണ്‌ മത്സരവിഭാഗത്തിലുണ്ടായിരുന്നത്‌.

ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച അഞ്ച്‌ ഇറാനിയന്‍ ചിത്രങ്ങളും ശരാശരി നിലവാരം പുലര്‍ത്തി.അതുപോലെ വോള്‍വര്‍, ദി വിന്‍ഡ്‌ ദാറ്റ്‌ ഷേക്ക്‌ ദി ബാര്‍ലി, വെല്‍ക്കം ടു പാരഡൈസ്‌ പോലുള്ള ചിത്രങ്ങളും. ഒരുവിധം നല്ല സിനിമയായിരുന്ന കിം കി ഡ്യൂക്കിന്റെ ദി ബോ കാണാന്‍കഴിഞ്ഞില്ല. കഴിഞ്ഞ വര്‍ഷത്തെ നല്ല റിട്രോസ്പെക്ടീവുകളിലൊന്നായിരുന്നു കിം കി ഡ്യൂക്കിന്റെ സൗത്ത്‌ കൊറിയന്‍ ചിത്രങ്ങള്‍, ശ്രദ്ധേയവും.

മലയാള സിനിമയ്ക്ക്‌ കുറച്ചധികം പ്രാധാന്യം ഈ വര്‍ഷമുണ്ടായതായി തോന്നി. അടൂരിന്റെ എല്ലാ ചിത്രങ്ങളുടെയും റിട്രോസ്പെക്ടീവ്‌ പാക്കേജിന്‌ ഒരു വിധം നല്ല തിരക്കുമുണ്ടായതായികണ്ടു. അതുപോലെ ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ശ്രീവിദ്യ, പത്മിനി എന്നിവര്‍ക്ക്‌ ആദരാഞ്ജലികള്‍ അര്‍പ്പിച്ച ചിത്രങ്ങളും,പുതിയ മലയാള സിനിമാ വിഭാഗത്തില്‍ അച്ചനുറങ്ങാത്ത വീട്‌ (ലാല്‍ ജോസ്), അത്ഭുതം (ജയരാജ്‌)കറുത്ത പക്ഷികള്‍(കമല്‍),നോട്ടം(ശശി പരവൂര്‍), പുലിജന്മം(പ്രിയനന്ദനന്‍)സൈറ(ഡോ.ബിജു), തന്മാത്ര(ബ്ലെസ്സി) തുടങ്ങിയ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. തന്മാത്രയിലെ സെന്‍സര്‍ ചെയ്യാത്ത രംഗങ്ങള്‍ക്കായി അതിനു മുന്‍പ്‌ പ്രദര്‍ശിപ്പിച്ച ചിത്രം മുതല്‍ക്കേ ചിലര്‍ കാത്തിരിക്കുന്നതും കണ്ടു.

ഇന്ത്യന്‍ സിനിമാ വിഭാഗം പൊതുവേ ശുഷ്കമായിരുന്നു.മഹേശ്വതാദേവിയുടെ കഥയെ അവലംബിച്ചവതരിപ്പിച്ച്‌ മാട്ടി മേയ്‌ എന്ന മറാത്തി ചിത്രമാണ്‌ ആ വിഭാഗത്തില്‍ കുറച്ചെങ്കിലും ശ്രദ്ധേയമായത്‌. ബ്രസീലിയന്‍ സംവിധായകന്‍ ഗ്ലോബര്‍ റോഷെ, ഫ്രഞ്ച്‌ നവതരംഗ സവിധായകന്‍ ലുയി മാള്‍ എന്നിവരുടെ റിട്രോസ്പെക്ടീവ്‌ പാക്കേജുകള്‍ പക്ഷേ വളരെയൊന്നും പ്രേക്ഷകരെ നേടിയില്ല. അതുപോലെ തന്നെ പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തിയവതരിപ്പിച്ച ദക്ഷിണാഫ്രിക്കന്‍ ചിത്രങ്ങളും, ആദ്യകാല ഇറാനിയന്‍ ചിത്രങ്ങളും, ഷെഡ്യൂളിങ്ങിലെ പോരായ്മകൊണ്ട്‌ പ്രേക്ഷകരെത്താതെ പോയി. കുറച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടത്‌ ഫ്രഞ്ച്‌ കോമഡി പാക്കേജായിരുന്നു.

മേളയില്‍ കണ്ട ചില ചിത്രങ്ങളെ കുറിച്ച്‌ എഴുതി തുടങ്ങിയെങ്കിലും തിരക്ക്‌ മൂലം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല, വരും ദിവസങ്ങളില്‍ തുടരാമെന്ന് കരുതട്ടെ.

പുതുവത്സരാശംസകള്‍

6 comments:

അലിഫ് /alif said...

പതിനൊന്നാമത്‌ അന്താരാഷ്ട്രചലച്ചിത്രമേളയ്ക്ക്‌ കൊടിയിറങ്ങുമ്പോള്‍ ഞാന്‍ നൈജീരിയയിലേക്കുള്ള മടക്കയാത്രയിലായിരുന്നു. അവധിദിനങ്ങള്‍ മേളയോടൊപ്പം ആഘോഷിക്കുവാന്‍ തീരുമാനിച്ചെങ്കിലും പക്ഷേ മേളയവസാനിച്ച അന്നു തന്നെ തിരികെ വണ്ടികേറേണ്ടിവരുമെന്ന് നിനച്ചില്ല. മേളയാകട്ടെ , കഴിഞ്ഞവര്‍ഷങ്ങളിലെപ്പോലെ അത്ര നിലവാരം പുലര്‍ത്തിയുമില്ല...

..ചലച്ചിത്രമേളയെക്കുറിച്ച് ഒരു റിപ്പോര്‍ട്ട്

ദിവ (diva) said...

ആലിഫ്, നല്ല ഒരു റിപ്പോര്‍ട്ട് തന്നതിന് നന്ദി. കോളേജിലായിരുന്നപ്പോള്‍, ചലച്ചിത്രമേളയെപ്പറ്റി വരുന്ന എല്ലാ റിപ്പോര്‍ട്ടുകളും വിടാതെ വായിക്കുമായിരുന്നു.

സസ്നേഹം

ഇടങ്ങള്‍|idangal said...

അലിഫ്,

അഭിനന്ദനങ്ങള്‍,

പിന്നെ അസൂയയും,


ഓരോ ചിത്രങ്ങളേയും കുറിച്ചുള്ള കൂ‍ടുതല്‍ വിവരങ്ങള്‍ പ്രതീക്ഷിക്കുന്നു.

Haree | ഹരീ said...

ആലിഫ് വിവരണത്തിന് നന്ദി, പക്ഷെ ചില തിരുത്തലുകള്‍, അഭിപ്രായ വ്യത്യാസങ്ങള്‍ എന്നിവ ഇവിടെ പറഞ്ഞുകൊള്ളട്ടെ...
--
...ആകെ ഇരുനൂറ്റി അന്‍പതിലധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചെങ്കിലും...
ആകെ പ്രദര്‍ശിപ്പിച്ചത് ഇരുനൂറ്റി ഇരുപതോളം ചിത്രങ്ങളാണ്.
--
...ശ്രിമതി ബീനാപോളിന്റെ ഫെസ്റ്റിവല്‍ നേതൃത്വം...
ഫെസ്റ്റിവലിന് നേതൃത്വം നല്‍കിയത് ബീനപോള്‍ ആയിരുന്നില്ല. ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ എന്നൊരു പദവിയാണ് അവരുടേത്. മുന്‍‌വര്‍ഷങ്ങളിലും അവര്‍ ഈ സ്ഥാനത്തുതന്നെയുണ്ടായിരുന്നു.
--
തീയറ്ററുകളുടെ എണ്ണത്തില്‍വന്ന ഈ കുറവ്‌ നല്ല ചിത്രങ്ങളുടെ റിപ്പീറ്റ്‌ ഷോയെയും ബാധിച്ചു.
ഡെലിഗേറ്റ് പാസെടുത്തു നോക്കിയാല്‍ മനസിലാവും, കൃപയും ന്യൂ തിയേറ്ററും പാസ് തയ്യാറാക്കുന്ന സമയത്ത് ഉണ്ടായിരുന്നില്ല. ശ്രീകുമാറും ശ്രീവിശാഖും ഉണ്ടായിരുന്നു താനും. പിന്നീട് ശ്രീകുമാര്‍ ശ്രീവിശാഖ് എന്നീ തിയേറ്ററുകള്‍ ഒഴിവാക്കിയാണ് ന്യൂ, കൃപ തിയേറ്ററുകള്‍ ഉള്‍പ്പെടുത്തിയത്. കൂടുതല്‍ പ്രേക്ഷകരെ ഉള്‍ക്കൊള്ളുവാന്‍ സാധിക്കുന്ന തിയേറ്ററുകള്‍ എന്ന നിലയില്‍ ഈ തീരുമാനം നല്ലതായാണ് എനിക്കു തോന്നുന്നത്. കൃപ എത്തിപ്പെടുവാന്‍ അല്പം ബുദ്ധിമുട്ടുണ്ടെങ്കിലും അത്ര പ്രയാസവുമില്ല എന്നാണ് എന്റെ പക്ഷം. ഞാന്‍ പറയുന്നത് ഇവയോടൊപ്പം ശ്രീകുമാറും ശ്രീവിശാഖും കൂടി വേണ്ടിയിരുന്നു എന്നാണ്.
--
അതുപോലെ തന്നെ മറ്റൊന്ന് കവി അയ്യപ്പന്റെ അസാന്നിദ്ധ്യമായിരുന്നു.
കവി അയ്യപ്പന്‍ എല്ലാ ദിവസവും പതിവുപോലെ കൈരളി തിയ്യേറ്ററിന്റെ പടിയില്‍ ഉണ്ടായിരുന്നു... ഒരു പക്ഷെ താങ്കളുടെ കണ്ണില്‍ പെടാഞ്ഞതായിരിക്കാം.
--
അന്താരാഷ്ട്രചലച്ചിത്രൊത്സവത്തെക്കുറിച്ച് എന്റെ ഒരു ലേഖനം ഇവിടെ വായിക്കാം. http://chithravishesham.blogspot.com/2006/12/iffk06_19.html
വായിച്ച് കമന്റുകളിടുമെന്ന് കരുതുന്നു.
--
പുതുവത്സരാശംസകള്‍...
ഹരീ
--

അലിഫ് /alif said...

ഹരീ,
തിരുത്തലുകള്‍ക്ക് നന്ദി. മേളയവസാനിച്ചതിനൊപ്പം തിരികെ ഫ്ലൈറ്റില്‍ കേറുന്നവന്റെ മാനസികാവസ്ഥ ഊഹിക്കാമല്ലോ.
പിന്നെ മുന്‍ വര്‍ഷങ്ങളിലും ബീനാ പോള്‍ തന്നയായിരുന്നു ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ (കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ടല്ലോ)എന്നറിയാം, എന്നിട്ടും മേള കൃത്യമായി കൊണ്ടുപോകാന്‍ കഴിഞ്ഞില്ല എന്നാണ് ഞാന്‍ പറഞ്ഞത്.അതുപോലെ തീയറ്ററുകളില്‍ ശ്രീകുമാര്‍/ശ്രീവിശാഖ് ഒഴിവാക്കിയതെന്തെന്ന് ഇനിയും അറിയില്ല. കൃപ യെടുത്തപ്പോള്‍ തൊട്ടടുത്തുള്ള അജന്തയോ, പാര്‍ത്ഥായോകൂടി നോക്കാമായിരുന്നില്ലേ അവര്‍ക്ക്.(രണ്ട് തീയറ്ററുകള്‍ അടുത്തടുത്തുണ്ടാവുന്നത് തന്നയല്ലേ നല്ലത്). റിപ്പീറ്റ് ഷോകള്‍ കുറവായിരുന്നുവെന്ന് തന്നെയാണ് എനിക്കനുഭവപ്പെട്ടത്.

പിന്നെ ശരിക്കും പറഞ്ഞാല്‍ കവിയെ ഞാന്‍ കണ്ടതേയില്ല, ഓട്ട പ്രദക്ഷിണത്തില്‍ വന്ന നോട്ടകുറവാകാം.

ഹരിയെ അവിടെ വെച്ച് പരിചയപ്പെടാനാകാത്തതില്‍ ഖേദമുണ്ട്.

പുതുവത്സരാശംസകള്‍

Haree | ഹരീ said...

ആലിഫ്,
എനിക്കു തൊന്നുന്നത് ശ്രീകുമാറും ശ്രീവിശാഖും മേളയ്ക്കായി തിയേറ്റര്‍ നല്‍കാത്തതാവാം കാരണമെന്നാണ്. സത്യത്തില്‍ കൂടുതല്‍ തിയ്യേറ്ററുകളും കൂടുതല്‍ റിപ്പീറ്റ് ഷോകളും മേളയ്ക്ക് ആവശ്യമാണ്. അടുത്ത തവണമുതല്‍ പാര്‍ഥാസും അജന്തയും ഈ ലിസ്റ്റില്‍ വരുമെന്നു കരുതാം. പക്ഷെ തിയേറ്റര്‍ ഉടമകളും അതിന് സമ്മതിക്കണമല്ലോ!
--
ഇത്രയധികം സിനിമകള്‍ കാ‍ണിക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. ലിറ്റില്‍ റെഡ് ഫ്ലവര്‍ എനിക്ക് കാണുവാനൊത്തില്ല. അതുപോലെ തിരക്കുള്ള സിനിമകള്‍, മേള തുടങ്ങിയതിനു ശേഷം, ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുവാനായി ചിലതിയ്യേറ്ററുകളില്‍ ചില ഷോകള്‍ ഒഴിച്ചിടുന്നതും നന്നായിരിക്കുമെന്നു തോന്നുന്നു.
--
അടുത്തതവണ നമുക്ക് തീര്‍ച്ചയായും പരിചയപ്പെടാം... :)
--

Template Designed by Douglas Bowman - Updated to New Blogger by: Blogger Team
Modified for 3-Column Layout by Hoctro