31.12.06

സീസ്‌ ഫയര്‍ (Cease Fire)പൂര്‍ണ്ണമായിട്ടല്ലങ്കില്‍ കൂടി യാഥാസ്ഥിതിക മനോഭാവം വെച്ച്‌ പുലര്‍ത്തുന്ന ഒരു യുവാവും , കുറച്ച്‌ ഉയര്‍ന്ന ചിന്താഗതി പുലര്‍ത്തി ജീവിക്കുന്ന യുവതിയും തമ്മിലുടലെടുക്കുന്ന പ്രണയവും, വിവാഹവും, ഒപ്പം വിവാഹജീവിതത്തിന്റെ ഒന്നാം ദിവസം തന്നെ ആരംഭിക്കുന്ന പൊരുത്തക്കേടുകളും സരസമായവതരിപ്പിക്കുന്നു സീസ്‌ ഫയര്‍ എന്ന ചിത്രത്തിലൂടെ ഇറാനിയന്‍ വനിതാ സംവിധായിക തഹ്‌മിനാ മിലാനി.

വനിതാ വിമോചകപ്രസ്ഥാനങ്ങളിലൂടെ ശ്രദ്ധേയയായ മിലാനിയുടെ മുന്‍ചിത്രങ്ങളേപ്പോലെ കടുത്തതല്ലങ്കിലും സ്ത്രീയുടെ ഉയര്‍ന്നതെന്ന് കരുതുന്ന ചിന്താതലം തന്നെയാണിതിലും പ്രതിപാദിക്കുവാന്‍ ശ്രമിച്ച്‌ കാണുന്നത്‌; പക്ഷേ വ്യത്യസ്ഥമായ വിമര്‍ശനാത്മക റൊമാന്റിക്‌ കോമഡിയിലൂടെയാണന്ന് മാത്രം.

ഒരു വലിയ പ്രോജക്റ്റിന്റെ സൂപ്പര്‍വൈസിംഗ്‌ ആര്‍ക്കിടെക്ടായ 'സയ' എന്ന സുന്ദരി, ആ പ്രോജക്റ്റിന്റെ തന്നെ കരാറുകാരന്റെ എഞ്ചിനീയര്‍ ആയ 'യൂസഫ്‌' മായി അടുപ്പത്തിലാകുകയും വിവാഹിതരാകുകയും ചെയ്യുന്നു. രണ്ടാളും വിദ്യാഭ്യാസം, പണം, സൗന്ദര്യം തുടങ്ങിയവയെല്ലാം ധാരാളമായുള്ളവര്‍, പക്ഷേ ദാമ്പത്യത്തിന്റെ ഒന്നാം ദിനം തന്നെ പൊരുത്തക്കേടുകളുമാരംഭിക്കുന്നു. പരസ്പരം വഴക്ക്‌ കൂടി ഓരോന്നായി എറിഞ്ഞുടയ്ക്കുകയും, വസ്ത്രങ്ങള്‍, പാദരക്ഷകള്‍ തുടങ്ങിയവ നശിപ്പിക്കുകയും ചെയ്യുന്നു.നര്‍മ്മത്തില്‍ പൊതിഞ്ഞ ഈ രംഗങ്ങള്‍, പക്ഷേ പ്രണയത്തിന്റെ വൈകാരിക മുഹൂര്‍ത്തങ്ങളും സമ്മാനിക്കുന്നു.

ബന്ധം വേര്‍പിരിയാന്‍ തീരുമാനിക്കുന്ന സയ വക്കീലിന്റെ അടുത്തേക്ക്‌ പോകുംവഴി, ആ കെട്ടിടത്തില്‍ തന്നെയുള്ള സൈക്യാട്രിസ്റ്റിന്റെ ക്ലിനിക്കില്‍ ചെന്നുപെടുന്നു. അദ്ദേഹത്തിന്റെ ശാന്തസുന്ദരമായ കൗണ്‍സിലിംഗിനിടയില്‍ സയ മുന്‍പ്‌ നടന്ന കാര്യങ്ങള്‍ പറയുന്ന ഫ്ലാഷ്‌ബായ്ക്കിലൂടെയാണ്‌ യൂസഫുമായുള്ള ജീവിതത്തിലെ പൊരുത്തക്കേടുകളും പ്രണയവുമൊക്കെതന്നെ അനാവരണം ചെയ്യുന്നത്‌. ഇതേ സ്ഥലത്ത്‌ യൂസഫും എത്തിപ്പെടുന്നു. ഇരുവരേയും ഗോപ്യമായ കൗണ്‍സിലിംഗിലൂടെ അദ്ദേഹം ഒരുമിപ്പിക്കുവാന്‍ ശ്രമിക്കുന്നു. വേണ്ടുവോളം വിദ്യാഭ്യാസവും ഉയര്‍ന്ന ചിന്താഗതിയുമൊക്കെയുണ്ടങ്കിലും ഉള്ളിന്റെയുള്ളില്‍ ഉറങ്ങികിടക്കുന്ന കുട്ടിത്തമാണ്‌ പ്രശ്നമെന്ന് അയാള്‍ ബോധ്യപ്പെടുത്തികൊടുക്കുന്നു.

സയ യുടെ വീക്ഷണത്തിലൂടെയുള്ള ഫ്ലാഷ്‌ബായ്ക്കായതിനാലാവണം കുടുംബയുദ്ധങ്ങളിലെല്ലാം മേല്‍ക്കോയ്മ നേടുന്നതും അവള്‍ തന്നെ. യൂസഫ്‌ എന്ന കഥാപാത്രം അവളുമായി എപ്പോഴും വഴക്കടിക്കുന്നുവെങ്കിലും പിരിയാനാവാത്ത വിധം പ്രണയത്തിലുമാണ്‌.വളരെ ലഘുവായ കഥാതന്തു , രസകരമായി വികസിപ്പിക്കുവാനും ,വളരെ കുറഞ്ഞകഥാപാത്രങ്ങളിലൂടെ തന്നെ, നര്‍മ്മം ചാലിച്ച്‌ അവതരിപ്പിക്കുവാനും സംവിധായികയ്ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. എങ്കിലും ചിത്രത്തില്‍ മുഴച്ച്‌ നില്‍ക്കുന്നത്‌ തഹ്‌മിന മിലാനിയുടെ ഫെമിനിസ്റ്റ്‌ ആശയങ്ങള്‍ തന്നെയാണ്‌.

സയ യെ അവതരിപ്പിച്ച പുതുമുഖം മഹ്‌നാസ്‌ അഫ്‌ഷര്‍, യൂസഫിനെ അവതരിപ്പിച്ച റേസാ ഗോള്‍സാര്‍ എന്നിവരുടെ അഭിനയചാതുരി ചിത്രത്തിന്‌ രസകരമായ ഒഴുക്ക്‌ നല്‍കുന്നു.ഒപ്പം ചിത്രീകരണം ഇറാനില്‍ തന്നെ നടന്നതോയെന്ന് (?)സംശയിപ്പിക്കുന്ന ചില ഷോട്ടുകളുമായി ക്യാമറചലിപ്പിച്ചിരിക്കുന്ന അലി റേസയും ചിത്രം ആവശ്യപ്പെടുന്ന വൈകാരികവും ചടുലവുമായ പശ്ചാത്തല സംഗീതവുമായി നാസര്‍ അസറും.

No comments:

Template Designed by Douglas Bowman - Updated to New Blogger by: Blogger Team
Modified for 3-Column Layout by Hoctro